രത്തൻ ടാറ്റ വിടവാങ്ങി. ടാറ്റാ ഗ്രൂപ്പ് എന്ന് കേൾക്കുമ്പോൾ ഇന്ത്യക്കാർക്ക് ഒരു മുഖമേ ഉണ്ടാവുകയുള്ളൂ അത് രത്തൻ ടാറ്റയുടെ മുഖമാണ്. ഇന്ത്യയുടെ സമ്പദ്ഘടനയിൽ തന്നെ വലിയ പങ്കുവെച്ച വ്യക്തിയായിരുന്നു രത്തൻ ടാറ്റ. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. 1991 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയർമാൻ ആയിരുന്നു. രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ച വ്യക്തിയായിരുന്നു രത്തൻ ടാറ്റ. ഇത് കൂടാതെ സാമൂഹിക കാര്യങ്ങളിലും ഇദ്ദേഹം വലിയ രീതിയിലുള്ള ഇടപെടൽ നടത്തിയിട്ടുണ്ട്.
കഴിഞ്ഞ നാലുദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില ഭേദമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് വീണ്ടും വഷളാവുകയായിരുന്നു. രക്ത സമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മൂന്നു ദിവസമായി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു രത്തന്‍ ടാറ്റ കഴിഞ്ഞിരുന്നത്.
അദ്ദേഹം ടാറ്റ ഗ്രൂപ്പിനെ നയിച്ച 21 വർഷത്തിനിടയിൽ വരുമാനം 40 മടങ്ങ് വർദ്ധിച്ചു. അതുപോലെ ലാഭത്തിലും 50 മടങ്ങ് വർദ്ധനവുണ്ടായി.അദ്ദേഹത്തിൻ്റെ ഭരണത്തിൻ കീഴിൽ ടാറ്റ ഗ്രൂപ്പ് ടെറ്റ്‌ലി, ജാഗ്വാർ ലാൻഡ് റോവർ, കോറസ് എന്നിവ ഏറ്റെടുത്തു. 75 വയസ്സ് തികഞ്ഞപ്പോൾ, 2012 ഡിസംബർ 28-ന് ടാറ്റ ഗ്രൂപ്പിലെ തൻ്റെ എക്സിക്യൂട്ടീവ് അധികാരങ്ങൾ രത്തൻ ടാറ്റ രാജിവച്ചു. 1937 ഡിസംബര്‍ 28ന് മുംബൈയില്‍ ജനനം. 86 വയസായിരുന്നു. ടാറ്റാ ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് പിന്നിലും ടാറ്റയെ ഇന്ത്യൻ മാർക്കറ്റിൽ ഉയർത്തിക്കൊണ്ടു വന്നതിനു പിന്നിലും ഇദ്ദേഹം ആയിരുന്നു.