ഗതാഗത മന്ത്രിയായി കെ ബി ഗണേഷ് കുമാർ അധികാരമേറ്റശേഷം കെഎസ്ആർടിസി വളർച്ചയുടെ പാതയിലാണ്. പല രീതിയിലുള്ള നൂതന ആശയങ്ങളും കഴിഞ്ഞു കുറച്ചു കാലമായി കെഎസ്ആർടിസി പരീക്ഷിച്ചുവരുന്നു. ഇതിൽ ഏറ്റവും പുതിയതാണ് കെഎസ്ആർടിസി ഇനി പാർസൽ വീട്ടിലേക്ക് എത്തിച്ചു നൽകുവാൻ തുടങ്ങുന്നു എന്ന വാർത്ത.
ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ തന്നെയാണ് കെഎസ്ആർടിസിയുടെ പുതിയ പദ്ധതിയെ കുറിച്ച് പറഞ്ഞത്. സ്റ്റാർട്ട് അപ്പ് കമ്പനിയെ കൂട്ടുപിടിച്ചു കൊണ്ടായിരിക്കും പുത്തനാശയം കെഎസ്ആർടിസി നടപ്പിലാക്കുക എന്ന് മന്ത്രി കെ വി ഗണേഷ് കുമാർ തന്നെ പറയുന്നു. കേരള ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടർ കമ്പനി തന്നെയായിരിക്കും പദ്ധതിയിൽ കെഎസ്ആർടിസി യോടൊപ്പം അണിചേരുക.
പുത്തൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രാരംഭഘട്ട ചർച്ചകൾ ഇതിനോടകം തന്നെ നടന്നു കഴിഞ്ഞു. കെഎസ്ആർടിസി പാർസൽ സർവീസ് ഇപ്പോഴും നടത്തിവരുന്നുണ്ട്. പക്ഷേ ഇപ്പോഴുള്ള പാർസൽ സർവീസ് ഒരു ഡിപ്പോ മുതൽ മറ്റൊരു ഡിപ്പോ വരെ മാത്രമാണ്. പാർസൽ വാങ്ങേണ്ടയാൾ അവരുടെ അടുത്തുള്ള ഡിപ്പോയിൽ ചെന്ന് സാധനം വാങ്ങിക്കണം. പാർസൽ കൈപ്പറ്റേണ്ട ആൾക്ക് നിരവധി സമയം നഷ്ടപ്പെടുന്നുണ്ട്.
പുതിയ പദ്ധതി പ്രകാരമാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ ഇനി കെഎസ്ആർടിസി പാർസൽ വീട്ടിലേക്ക് തന്നെ എത്തിച്ചു നൽകും. കേരള ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി കെഎസ്ആർടിസിയെ പദ്ധതി നടപ്പിലാക്കാനായി സമീപിച്ചു കഴിഞ്ഞെങ്കിലും ഇതുമായി ബന്ധപ്പെട്ട കൂടുതൽ പഠനങ്ങൾ കെഎസ്ആർടിസിക്ക് നടത്തേണ്ടതായുണ്ട്. അത് നടത്തിയ ശേഷം പദ്ധതി അനുയോജ്യമാണെങ്കിൽ പ്രാവർത്തികമാക്കുന്ന ഘട്ടത്തിലേക്ക് കടക്കും.
കെഎസ്ആർടിസിയുടെ പാർസൽ സർവീസ് കഴിഞ്ഞ ഒരു വർഷമായി വളർച്ചയുടെ പാതയിലാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 17.97 ലക്ഷമായിരുന്നു വരുമാനം. 2024 ഏപ്രിലില്‍ ഇത് 43.31 ലക്ഷവും സെപ്റ്റംബറിൽ 52.39 ലക്ഷവുമായി ഉയർന്നു. ഏറ്റവും ഉയർന്ന വരുമാനം ഇപ്പോൾ ഇത് മുഖേന ലഭിക്കുന്നത് എറണാകുളം ഡിപ്പോയിൽ ആണ്. പ്രതിദിനം ഒരു ലക്ഷത്തിനും മുകളിൽ വരുമാനം കൊറിയർ സർവീസിലൂടെ മാത്രം കെഎസ്ആർടിസി നിലവിൽ ലഭിക്കുന്നുണ്ട്.
പുതിയ പദ്ധതി നടപ്പിലാക്കി പാർസൽ വീട്ടിലേക്ക് കൂടി എത്തിച്ചു നൽകുന്ന രീതിയിലേക്ക് കൊണ്ടുവരാൻ പറ്റിക്കഴിഞ്ഞാൽ വരുമാനം ഇതിലും വർദ്ധിക്കും എന്നാണ് കണക്കുകൂട്ടൽ. ഇതിനോടൊപ്പം തന്നെ ഗ്രാമീണ മേഖലയിലും സാധാരണ ബസ് സർവീസ് ഇല്ലാത്ത റൂട്ടുകളിലും കൂടുതൽ സർവീസ് നടത്തുവാൻ കെഎസ്ആർടിസിയുടെ ആലോചനയും ഉണ്ട്. കൂടുതൽ ആളുകൾ കെഎസ്ആർടിസി ഉപയോഗിക്കുന്നതിനുള്ള പദ്ധതികൾ അണിയറയിൽ ഒരുങ്ങുകയാണ് എന്നുള്ള സൂചനയും മന്ത്രി നൽകുന്നു