മെയ് എട്ട് മുതല്‍ 14 വരെ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ നടത്തിയ വ്യവസായ സംരംഭക സെമിനാര്‍ കെ.പി മോഹനന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. വ്യവസായമില്ലാതെ വികസന വളര്‍ച്ചയുണ്ടാകില്ലെന്നും പ്രസ്തുത മേഖലയില്‍ സംസ്ഥാനത്തെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള പരിശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കൂത്തുപറമ്പ് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി സുജാത ടീച്ചര്‍ അധ്യക്ഷയായി. വ്യവസായ സ്‌കീമുകളായ പ്രധാനമന്ത്രിയുടെ തൊഴില്‍ ദായക പദ്ധതി (പിഎംഇജിപി), സംരംഭക സഹായ പദ്ധതി ( ഇഎസ്എസ്), ഒരു കുടുംബം ഒരു സംരംഭം പദ്ധതി (ഒഎസ്ഒഇ), മിഷന്‍ 1000 പദ്ധതി, എംഎസ്എംഇ ഇന്‍ഷുറന്‍സ് പദ്ധതി, കെ സ്വിഫ്റ്റ് എന്നീ വിഷയങ്ങളാണ് സെമിനാറിന്റെ ഭാഗമായത്. പാനൂര്‍ പി ആര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ തലശ്ശേരി താലൂക്ക് വ്യവസായ ഓഫീസര്‍ ടി.അഷ്ഹൂര്‍, പാനൂര്‍ ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ പി ഷൈജു എന്നിവര്‍ ക്ലാസ്സെടുത്തു.
വ്യവസായ മേഖലയിലെ വളര്‍ച്ചയ്ക്ക് ശക്തിപകരാനും സംരംഭകരെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാനാണ് വ്യവസായ വാണിജ്യ വകുപ്പിന്റെ പുതിയ പദ്ധതികള്‍ ലക്ഷ്യമിടുന്നത്. സംരംഭകരെ ഈ മേഖലയിലേക്ക് ആകര്‍ഷിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട് വിവിധ പദ്ധതികള്‍ സംസ്ഥാനത്തുടനീളം നടപ്പിലാക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഓരോ പഞ്ചായത്തിലും എംബിഎ ബിരുദധാരികളെ ഇന്റേണ്‍സായി നിയോഗിച്ച് വ്യവസായസഭകള്‍ രൂപീകരിച്ചിട്ടുണ്ട്. കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ആയിരത്തോളം പുതിയ സംരംഭക യൂണിറ്റുകളും 2023-24 വര്‍ഷങ്ങളില്‍ 710 യൂണിറ്റുകളും കൂടി തുടങ്ങിയിട്ടുണ്ട്. 2024-25 വര്‍ഷത്തില്‍ 756 ചെറുതും വലുതുമായ വ്യവസായ യൂണിറ്റുകള്‍ രൂപം കൊണ്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കൂത്തുപറമ്പ് ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഷൈറിന, മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി വത്സന്‍, കുന്നോത്ത് പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ ലത, പാനൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ എം ടി കെ ബാബു എന്നിവര്‍ സംസാരിച്ചു.






