ലുലു മാൾ എന്നത് എപ്പോഴും മലയാളികൾ അത്ഭുതത്തോടെ നോക്കി കണ്ട ഒന്നാണ്. കാരണം ആദ്യമായി കൊച്ചിയിൽ വന്ന ലുലു മാൾ ആയിരുന്നു കേരളത്തിലെ തന്നെ ഏറ്റവും വലിയ മാൾ. ആ സമയം അത്ര വലിയൊരു ആളൊന്നും മലയാളികൾ സ്വപ്നം കണ്ടിരുന്നില്ല. അവിടെയായിരുന്നു യൂസഫലി ലുലുമാളും കൊണ്ടുവന്നത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ആളുകൾ ടൂറിന് പോകുന്ന സ്ഥലം വരെയായി കൊച്ചി ലുലു മാൾ മാറി. തിരുവനന്തപുരത്ത് അതിനുശേഷം ലുലു എത്തിയപ്പോൾ കൊച്ചിയിൽ നിന്നും വലിപ്പത്തിന്റെ അളവിൽ തിരുവനന്തപുരം ലുലു മാൾ ഒന്നാമതെത്തി.
പിന്നീട് പാലക്കാടും കോഴിക്കോടും ലുലുമാൾ ഉദ്ഘാടനം കഴിഞ്ഞു. ഇപ്പോൾ ലുലുവിന്റെ അടുത്ത മാൾ കോട്ടയത്തേക്ക് വരികയാണ്. കോട്ടയത്തുള്ള ലുലു മാൾ ഉദ്ഘാടനത്തിന് സജ്ജമായി എന്നുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്. ഉദ്ഘാടന തീയതി ഇതുവരെ പ്രഖ്യാപിച്ചില്ല എങ്കിലും വൈകാതെ തന്നെ ഉദ്ഘാടന തീയതി പ്രഖ്യാപിക്കും എന്നാണ് പുറത്തേക്ക് വരുന്ന വിവരം. നവംബർ അവസാനമോ ഡിസംബർ ആദ്യമോ ലുലു ജനങ്ങൾക്കായി കോട്ടയത്ത് തുറന്നു പ്രവർത്തനം ആരംഭിക്കും.
മധ്യകേരളത്തിന് ലോകോത്തര ഷോപ്പിങ് അനുഭവം സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെ, രണ്ടുനിലകളിലായി 3.22 ലക്ഷം ചതുരശ്ര അടിയിലാണ് കോട്ടയം ലുലുമാൾ ഉയരുന്നത്. തൃശൂരിലെ തൃപ്രയാറിൽ ലുലു ഗ്രൂപ്പിന്റെ വൈമാളും പ്രവർത്തിക്കുന്നു. പുറമേ എറണാകുളം കുണ്ടന്നൂരിലെ ഫോറം മാളിൽ ലുലു ഹൈപ്പർമാർക്കറ്റുമുണ്ട്.തിരുവനന്തപുരം കൊച്ചിയും ഉള്ളതുപോലെ അത്ര വലിയ മാൾ അല്ല കോട്ടയത്തുള്ളത്. പാലക്കാടും കോഴിക്കോടും ആരംഭിച്ചത് പോലെ മിനി രൂപത്തിലുള്ള മാളാണ് കോട്ടയത്ത് വരുന്നത്.
ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്റ്റ് എന്നിവയ്ക്കാണ് മുഖ്യ ഊന്നൽ. ഒപ്പം ലോകോത്തര ബ്രാൻഡുകളുടെ സാന്നിധ്യവും വിനോദത്തിന്റെയും ഭക്ഷണവൈവിധ്യത്തിന്റെയും ശ്രദ്ധേയ ആകർഷണങ്ങളുമുണ്ടാകും. കോട്ടയം ലുലുമാളിൽ ബ്യൂട്ടി ആൻഡ് വെൽനസ്, വിനോദം, കഫേ ആൻഡ് റെസ്റ്ററന്റ്, മെൻസ് ഫാഷൻ, ജ്വല്ലറി തുടങ്ങിയ മേഖലകളിലെ ആഭ്യന്തര, രാജ്യാന്തര ബ്രാൻഡുകളാണ് അണിനിരക്കുക.
മക്ഡോണൾസ്, കോസ്റ്റ കോഫീ, കെഎഫ്സി, അമുൽ, ലൂയി ഫിലിപ്പ്, ആരോ, നോർത്ത് എക്സ്പ്രസ്, മമാ എർത്ത്, ദ് പൾപ് ഫാക്ടറി, ബെൽജിയൻ വാഫ്ൾ, ജോക്കി, വൗ മോമോ, അൽ–ബെയ്ക്, അന്നഃപൂർണ, സ്വ ഡയമണ്ട്സ് തുടങ്ങിയവ അതിലുൾപ്പെടുന്നു. കുട്ടികളുടെ വിനോദത്തിനായി ഫൺട്യൂറയുമുണ്ടാകും. 500 പേർക്ക് ഒരേസമയം ഇരിക്കാവുന്നതാണ് ഫുഡ് കോർട്ട്. മൾട്ടി-ലെവൽ പാർക്കിങ് സൗകര്യത്തിൽ ഒരേസമയം 1000 വാഹനങ്ങൾ പാർക്ക് ചെയ്യാം കഴിയുന്ന വിധം ആയിരിക്കും മാൾ സജ്ജീകരിക്കുക.
കഴിഞ്ഞദിവസം കോട്ടയം ലുലു മാളിന്റെ നിർമ്മാണ പ്രവർത്തനം ചെയർമാൻ യൂസഫലി നേരിട്ട് വന്ന് കണ്ട് വീക്ഷിച്ചിരുന്നു. കോട്ടയം ലുലു മാളിന്റെ ഉദ്ഘാടനത്തിനുശേഷം വീണ്ടും മൂന്നു ലുലു മാൾ അടുത്തവർഷം കേരളത്തിന്റെ പല ഭാഗത്തായി ഒരുങ്ങും. മിനി ലുലു മാൾ എന്ന രീതിയിൽ തന്നെയായിരിക്കും അടുത്തവർഷം ആരംഭിക്കുവാൻ ഒരുങ്ങുന്ന മാളുകളുടെയും നിർമ്മാണം. തിരൂർ പെരിന്തൽമണ്ണ കൊല്ലം എന്നീ സ്ഥലങ്ങളിൽ ആയിരിക്കും അടുത്ത വർഷത്തെ മാൾ പദ്ധതി. കണ്ണൂരും കാസർകോടും ലുലു മാൾ തുടങ്ങുന്ന കാര്യം ആലോചനയിലാണ്.