പച്ചക്കറി വില നിയന്ത്രണം പിടിച്ചുനിർത്താനായി കേന്ദ്രം തീവണ്ടി ഇറക്കി. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് ഡൽഹി ലക്ഷ്യമാക്കി കേന്ദ്രത്തിന്റെ ‘കാന്താ ഫാസ്റ്റ് ട്രെയിൻ’ കുതിക്കുന്നത് പച്ചക്കറിയുമായാണ്. പ്രധാനമായും സവാളയാണ് നാസിക്കിൽ നിന്ന് ഡൽഹി ലക്ഷ്യമാക്കിയുള്ള ട്രെയിനിൽ കൊണ്ടു പോകുന്നത്. കഴിഞ്ഞ ഒരു മാസമായി കേരളത്തിലെ പോലെ ഉത്തരേന്ത്യയിലും പച്ചക്കറി വില കുതിച്ചുയരുകയാണ്.
പച്ചക്കറിയുടെ വിലക്കയറ്റം ഒരു പരിധിവരെ തടയുക എന്നുള്ള ലക്ഷ്യവുമായാണ് മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നും ട്രെയിൻ ഡൽഹിയിലേക്ക് പോകുക. നാസിക്കിലെ കർഷകരിൽ നിന്നും നേരിട്ട് സ്വീകരിക്കുന്ന പച്ചക്കറി ആയിരിക്കും ഡൽഹിയിൽ വിപണനത്തിനായി കൊണ്ടുപോവുക.ഇന്ത്യയിൽ ഏറ്റവും കൂടുതൽ സവാള ഉത്പാദിപ്പിക്കുന്ന പ്രദേശങ്ങളിൽ ഒന്ന് നാസിക്കാണ്. പക്ഷേ ഇടനിലക്കാർ ഇടപെട്ട് പലപ്പോഴും വില കൂട്ടുന്ന അവസ്ഥയാണ്. ഇത് ഒഴിവാക്കാനാണ് പുതിയ തന്ത്രവുമായി സർക്കാർ എത്തുന്നത്.
42 വാഗണുകളിലായി 1,600 ടൺ സവാളയുമായാണ് യാത്ര. ഒക്ടോബർ 20ന് ട്രെയിൻ ഡൽഹിയിലെത്തും. വിലസ്ഥിരതാ ഫണ്ട് പ്രകാരം കർഷകരിൽ നിന്ന് നാഷണൽ കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻസിസിഎഫ്) സമാഹരിച്ച സവാളയാണ് ട്രെയിനിലുള്ളത്. നാസിക്കിൽ നിന്ന് വാരാണസി, ലക്നൗ തുടങ്ങിയ പ്രദേശങ്ങളിലേക്കും വൈകാതെ സവാളയുമായി ട്രെയിനുകൾ ഓടുമെന്ന് കേന്ദ്രം വ്യക്തമാക്കി. നവാരാത്രി, ദീപാവലി, ദസ്സറ ഉത്സവകാല സീസണിൽ സവാള ഉൾപ്പെടെ പച്ചക്കറികളുടെ വില ഉയർന്നു നിൽക്കുന്നത് കടുത്ത വിമർശനങ്ങൾക്ക് ഇടവച്ചിരുന്നു.
4.7 ലക്ഷം ടൺ സവാളയാണ് (റാബി വിളവ്) വിലസ്ഥിരതാ പദ്ധതിപ്രകാരം കേന്ദ്രം സംഭരിച്ചത്. വിപണിയിൽ കിലോയ്ക്ക് 17 രൂപ ഉണ്ടായിരുന്നപ്പോൾ കർഷകർക്ക് 28 രൂപ വീതം നൽകിയായിരുന്നു സംഭരണം. ഈ ശേഖരത്തിൽ നിന്ന് കിലോയ്ക്ക് 35 രൂപ നിരക്കിലാണ് കേന്ദ്രം സവാള വിപണിയിലെത്തിക്കുന്നത്. സ്റ്റോക്കിൽ നിന്ന് ഇതിനകം 92,000 ടൺ സവാള റോഡ് മാർഗവും വിപണിയിലെത്തിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ സെക്രട്ടറി നിധി ഖരെ പറഞ്ഞു. സവാളയ്ക്ക് പുറമേ തക്കാളിയുടെയും വില ഉയർന്നു തന്നെ നിൽക്കുകയാണ്.
തക്കാളി കൂടുതലായി ഉല്പാദനം ചെയ്യുന്ന കർണാടക ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത മഴ കാരണം കൃഷിക്ക് വലിയ നാശനഷ്ടം സംഭവിച്ചിരുന്നു. ഇതാണ് തക്കാളി വില ഇരട്ടിയാക്കാൻ കാരണമായത് എന്നാണ് വിലയിരുത്തൽ.ഡൽഹിയിൽ കിലോയ്ക്ക് 100-120 രൂപയാണ് ഇപ്പോൾ തക്കാളിക്ക് വില. കേരളത്തിൽ നമ്മുക്ക് തക്കാളി 40 രൂപയ്ക്ക് ലഭിക്കുന്നുണ്ട് എങ്കിലും ഡൽഹിയിൽ ഇത് എത്രയോ ഇരട്ടിയാണ്. എന്നാൽ എൻസിസിഎഫിൽ നിന്ന് കിലോയ്ക്ക് 65 രൂപ നിരക്കിലാണ് മുംബൈയിലും ഡൽഹിയിലും കേന്ദ്രം തക്കാളി വിപണിയിലെത്തിക്കുന്നത്. തക്കാളിയും നേരിട്ട് കർഷകരിൽ നിന്ന് സ്വീകരിച്ച് ട്രെയിൻ മാതൃകയിൽ സവാള എത്തിക്കുന്നത് പോലെ ആവശ്യമുള്ള സംസ്ഥാനങ്ങളിൽ എത്തിക്കുവാനുള്ള ബദൽ സംവിധാനവും കേന്ദ്രം ഇപ്പോൾ ആലോചിക്കുന്നുണ്ട്.