ഓണം എന്നത് മലയാളികൾക്ക് ആഘോഷമാണ്. ഓണസമയത്ത് മദ്യത്തിന്റെ ഉപയോഗം കുതിച്ചുയരുന്ന നമ്മളൊക്കെ കണ്ടിട്ടുണ്ട്. ഇത്തവണ പക്ഷേ വാഹന കച്ചവടമാണ് കേരളത്തിൽ തകൃതിയായത്. സ്വന്തമായി ഒരു വാഹനം എന്നത് മിക്ക ആളുകളുടെയും സ്വപ്നമാണ്. എന്നാൽ കഴിഞ്ഞ ഓണത്തിന് മലയാളികൾ വാങ്ങിക്കൂട്ടിയ വാഹനത്തിന്റെ എണ്ണം 85,734 വാഹനങ്ങൾ ആണ്. മൂന്നര കോടി ജനങ്ങൾ മാത്രമുള്ള കേരളത്തിലാണ് ഇത്തിരി അധികം വാഹനങ്ങൾ വിറ്റുപോയി എന്നതാണ് ഏറ്റവും വലിയ കൗതുകമായ കാര്യം.
എല്ലാ ശ്രേണികളിലുമായി 85,734 പുതിയ വാഹനങ്ങളാണ് കഴിഞ്ഞമാസം നിരത്തിലെത്തിയതെന്ന് പരിവാഹൻ പോർട്ടലിലെ രജിസ്ട്രേഷൻ വിവരങ്ങൾ വ്യക്തമാക്കുന്നു. ഈമാസത്തിന്റെ ആദ്യ ആഴ്ചപ്രകാരം പോർട്ടലിൽ രേഖപ്പെടുത്തിയ കണക്കാണിത്. 2023 സെപ്റ്റംബറിലെ വിൽപന 78,814 എണ്ണമായിരുന്നു. സംസ്ഥാനത്തെ ആർടി ഓഫീസുകളിൽ നിന്നുള്ള രജിസ്ട്രേഷൻ കണക്കാണിത്.
അതിൽ ഏറ്റവും കൂടുതൽ വിറ്റു പോയത് ടൂവീലറുകൾ ആണ്. മൊത്തം പുതിയ ടൂവീലർ വിൽപന 2023 സെപ്റ്റംബറിലെ 49,199ൽ നിന്ന് കഴിഞ്ഞമാസം 59,654 എണ്ണത്തിലേക്ക് ഉയർന്നു. മുച്ചക്ര വാഹനങ്ങൾ, കാറുകൾ എന്നിവയുടെ വിൽപന കുറഞ്ഞു. കഴിഞ്ഞവർഷം സെപ്റ്റംബറിൽ 3,495 പുതിയ ത്രീവീലറുകൾ നിരത്തിലെത്തിയിരുന്നു. ഇക്കുറി സെപ്റ്റംബറിൽ എണ്ണം 3,021. പുതിയ കാറുകളുടെ രജിസ്ട്രേഷൻ 22,587ൽ നിന്ന് 19,968ലേക്കും കുറഞ്ഞു. അതേസമയം, ഇക്കഴിഞ്ഞ ഓഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ വാഹന വിൽപന മികച്ച നേട്ടം കൈവരിച്ചിട്ടുമുണ്ട്.
കാറുകളുടെ വില്പനയുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയ കമ്പനി ടൊയോട്ടയാണ്. ടൊയോട്ടക്ക് കഴിഞ്ഞ ഒരു മാസത്തിൽ 1849 ഓളം പുതിയ ഉപഭോക്താക്കളെയാണ് കേരളത്തിൽ നിന്നും മാത്രം ലഭിച്ചത്. തൊട്ടു പിന്നിലായി ഹോണ്ട കാർസും അതിനു പിന്നിലായി ഹ്യുണ്ടായും തൊട്ടുപിന്നിൽ കിയ ആണ്. കേരളത്തിൽ പൊതുവേ മുന്നിട്ടു നിൽക്കുന്ന മാരുതിക്ക് ഇത്തവണ കാലിടറിയിട്ടുണ്ട്. ലിസ്റ്റിൽ മാരുതിയുടെ സ്ഥാനം അഞ്ചാമത് മാത്രമാണ് എന്നത് മാരുതിക്ക് വലിയ തിരിച്ചടിയാണ്.
സാധാരണ ചെറിയ വിലയ്ക്ക് മികച്ച വാഹനങ്ങൾ ഉറപ്പു നൽകുന്ന കമ്പനികളാണ് ടാറ്റയും മാരുതിയും. എന്നാൽ കഴിഞ്ഞ ഓണത്തിനോട് അനുബന്ധിച്ച വിൽപ്പനയിൽ ഇരുകമ്പനികൾക്കും വലിയ നഷ്ടമാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. പ്രതീക്ഷിച്ച വിൽപ്പന ഇരു കമ്പനികൾക്കും കേരളത്തിൽ നേടാൻ കഴിഞ്ഞില്ല. അതിന് പറയപ്പെടുന്ന പ്രധാനപ്പെട്ട കാരണം പ്രീമിയം സെക്ടറിലുള്ള വാഹനങ്ങളാണ് ഈ അവധി നാളുകളിൽ കൂടുതൽ ആളുകൾ തിരഞ്ഞെടുത്തത് എന്നതാണ്.
ഹോണ്ട ടൂവീലർ വിൽപന 2023 സെപ്റ്റംബറിലെ 13,338ൽ നിന്ന് 16,422 എണ്ണമായി വർധിച്ചു. 5,270ൽ നിന്ന് ഹീറോ മോട്ടോകോർപ്പിന്റെ വിൽപന 6,002 എണ്ണത്തിലെത്തി. യമഹ, ബജാജ് ഓട്ടോ, സുസുക്കി, ടിവിഎസ് എന്നിവയും മികച്ച നേട്ടമുണ്ടാക്കി. 13,762 പുതിയ ഉപഭോക്താക്കളെയാണ് ടിവിഎസ് സ്വന്തമാക്കിയത്. റോയൽ എൻഫീൽഡ് 3,331ൽ നിന്ന് 3,380ലേക്ക് വിൽപന ഉയർത്തി. ഇലക്ട്രിക് ശ്രേണിയിൽ ഏഥറിന്റെ വിൽപന 1,030ൽ നിന്ന് 2,127 എണ്ണത്തിലേക്ക് ഉയർന്നു. ഓലയുടെത് 1,039ൽ നിന്ന് 1,099 എത്തി.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത്തവണ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയുടെ കാര്യത്തിൽ കാറുകളുടെ സെക്ടറിലും ടൂവീലറുകളുടെ സെക്ടറിലും വൻ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. പക്ഷേ ഓലയുടെ വില്പനയിൽ വർദ്ധന ഉണ്ടായിട്ടുണ്ട് എങ്കിലും മാർക്കറ്റിൽ ഓല വാഹനത്തിന് അത്ര നല്ല അഭിപ്രായമല്ല ഉള്ളത്. മിക്ക ഇലക്ട്രിക്കൽ ടൂവീലറുകളും പാതിവഴിക്ക് നിന്നു പോകുന്നു എന്നുള്ളത് കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന പ്രതീക്ഷിച്ചതിലും കുറച്ചിട്ടുണ്ട്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വിൽപ്പന കൂടിയെങ്കിലും പ്രതീക്ഷ വിൽപ്പന ഓണത്തിന് ഉണ്ടായിട്ടില്ല. പക്ഷേ ഇത്തവണ ഓണത്തിന് മലയാളികൾ വാഹനത്തിനു പുറകെയാണ് ഇന്ന് തന്നെ ഈ വില്പനകൾ സൂചിപ്പിക്കുന്നു!