കേരളത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ സൈബർ തട്ടിപ്പ് കേസുകൾ ഇരട്ടിയായതായി പഠനം. പ്രായമുള്ള ആളുകളെ ഉന്നം വെച്ചുകൊണ്ടാണ് കേരളത്തിൽ ഒട്ടനവധി സൈബർ തട്ടിപ്പുകൾ ഇപ്പോൾ നടക്കുന്നത്. പല പേരുകളും പറഞ്ഞ് പരിചയപ്പെടുത്തി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമിലും തങ്ങളുടെ സുഹൃത്തുക്കളുടെ പേരിലോ സെലിബ്രിറ്റികളുടെ പേരുകളിലോ എത്തി തട്ടിപ്പ് നടത്തുന്നത് കഴിഞ്ഞ മൂന്നാല് വർഷമായി കേരളം കണ്ടുവരികയാണ്. എന്നോടൊപ്പം ഇപ്പോൾ പലതരത്തിലുള്ള സൈബർ തട്ടിപ്പുകൾ നാട്ടിലെത്തിയിട്ടുണ്ട്.
ഉത്തരേന്ത്യയിൽ നിന്നുള്ള സംഘമാണ് കൂടുതലായും കേരളത്തിലെ ആളുകളെ ലക്ഷ്യം വെച്ച് ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടത്തുന്നത്. പണം ഇരട്ടിപ്പിക്കാം എന്നുപറഞ്ഞ് ലക്ഷങ്ങൾ നഷ്ടമായവരും നമ്മുടെ കേരളത്തിലുണ്ടത്രേ. ഇതിനോടൊപ്പം ഓൺലൈൻ ട്രേഡിങ് തട്ടിപ്പും ക്രിപ്റ്റോ കറൻസി ഉപയോഗിച്ചുള്ള തട്ടിപ്പും വ്യാപകമാകുന്ന സാഹചര്യമാണ് നിലവിൽ. കണക്ക് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ സൈബർ തട്ടിപ്പ് നടക്കുന്ന ജില്ല കണ്ണൂരാണ്. വാട്സാപ്പിലൂടെ ബന്ധപ്പെട്ട് യൂട്യൂബിലോ ഗൂഗിളിലോ കേറി മെസ്സേജ് അയക്കുകയോ ലൈക് ഇടുകയോ റിവ്യൂ ഇടുകയോ ചെയ്താൽ ആയിരങ്ങൾ ലഭിക്കുമെന്ന് പറഞ്ഞ തട്ടിപ്പ് നടക്കുന്നുണ്ട്.
ആദ്യം വാട്സാപ്പിലൂടെ ഒരു ഹായ് മെസ്സേജ് എത്തും. ഇത് പിന്തുടർന്ന് നമ്മൾ എന്തെങ്കിലും മറുപടി നൽകിയാൽ നിങ്ങൾക്ക് പാർട്ടിയുമായി ജോലി ലഭിക്കും എന്ന് പറഞ്ഞാണ് സൈബർ തട്ടിപ്പ്. സമയമുള്ളപ്പോൾ വെറുതെ യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്താൽ മതി കമന്റ് ചെയ്താൽ മതി എന്നൊക്കെ പറയും. ആദ്യം വിശ്വാസ്യത നേടിയെടുക്കാനായി 100, 200 രൂപ നമ്മളുടെ അക്കൗണ്ടിൽ ഇട്ടു തരുകയും ചെയ്യും. പക്ഷേ ഇത് നമ്മൾ വിശ്വസിച്ചാൽ പിന്നീട് നമ്മളുടെ അക്കൗണ്ടിൽ നിന്ന് പണം പോകുന്ന വഴി തിരിച്ചറിയില്ല.
ജോലി വാഗ്ദാനം ചെയ്തും ടെലഗ്രാമിൽ പാർട്ട് ടൈം ജോലി നൽകുമെന്നു പറഞ്ഞു നിരവധി പേർ കബളിപ്പിക്കപ്പെടുന്നുണ്ട്. ഇതിനുപുറമെയാണ് ഇപ്പോൾ പോലീസ് ആണെന്നും നിങ്ങൾ പ്രതിയാണ് എന്നും വിളിച്ചുകൊണ്ടുള്ള തട്ടിപ്പ്. നിങ്ങൾക്കായി കുറച്ചു സാധനം എയർപോർട്ടിൽ എത്തിയിട്ടുണ്ട് എന്നും കസ്റ്റംസിൽ നിന്നാണ് വിളിക്കുന്നത് ഒരു തുകയടച്ചാൽ ഈ സാധനങ്ങൾ നിങ്ങൾക്ക് കൊണ്ടുപോകാൻ കഴിയും എന്നും പറഞ്ഞ് തട്ടിപ്പ് നടക്കുന്നുണ്ട്. ഇതു കൂടാതെ നിങ്ങൾക്ക് പുതിയ ജോലി ലഭിച്ചിട്ടുണ്ട് ഒരു തുക അടച്ചാൽ അതിനായി വേണ്ട പ്രക്രിയകൾ നടത്താൻ കഴിയുമെന്നു പറഞ്ഞു തട്ടിപ്പ് നടക്കുന്നത് അനവധിയാണ്.
പോലീസാണെന്ന് പറഞ്ഞു വിളിക്കുന്ന ആളുകൾ വളരെ ബുദ്ധിപൂർവ്വം സംസാരിച്ചു ആളുകളെ വിശ്വസിപ്പിച്ച് എടുക്കുവാൻ ശ്രമിക്കുന്നു. ചിലപ്പോൾ വീഡിയോ കോളിൽ വരെ വന്ന് പോലീസിന്റെ ഡ്രസ്സും ധരിച്ച് സംസാരിച്ചേക്കാം. പ്രായമുള്ള ആളുകളെയാണ് ഇവർ കൂടുതലായും വിളിക്കുന്നത് എങ്കിലും യുവാക്കളും ഈ കെണിയിൽ അകപ്പെടാൻ സാധ്യതയുണ്ട്. പോലീസ് വേഷത്തിൽ വരുന്നതിനാലും കൃത്യമായ ഒരു പോലീസ് സെറ്റപ്പിൽ വിളിക്കുന്നതിനാലും ഭയപ്പെട്ട് മിക്ക ആളുകളും പണം കൊടുക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിലുള്ള സൈബർ തട്ടിപ്പുകൾ കൃത്യമായി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
വിവിധ രീതിയിലുള്ള സൈബർ തട്ടിപ്പിൽ കണ്ണൂർ ജില്ലയിൽ നിന്നും മാത്രം കഴിഞ്ഞ മൂന്ന് മാസങ്ങളിൽ നഷ്ടപ്പെട്ടത് കോടികളാണ്. കഴിഞ്ഞദിവസം 72 കാരിക്ക് കണ്ണൂർ താവക്കരയിൽ നിന്ന് നഷ്ടപ്പെട്ട ഒന്നരക്കോടിക്ക് മുകളിൽ രൂപയാണ് ഇതുവരെ പരാതിയുമായി എത്തിയ ഒരു വ്യക്തിക്ക് നഷ്ടപ്പെട്ടതിൽ ജില്ലയിൽ നിന്നു പോയ ഏറ്റവും കൂടുതൽ തുക. ക്രെഡിറ്റ് കാർഡ് പുതുക്കാനായി ആയി നിങ്ങൾ തുക നൽകണമെന്നും, സിനിമയിൽ അവസരം ലഭിച്ചിട്ടുണ്ട് അതിനായി തുക നൽകണമെന്നും, ഓൺലൈൻ ഷെയർ ട്രേഡിങ് മുഖേനയുള്ള തട്ടിപ്പും സുലഭമായിക്കൊണ്ടിരിക്കുകയാണ്.
ഒട്ടിപിയും നമ്മളുടെ പേഴ്സണൽ വിവരങ്ങളും മറ്റു സ്ഥലങ്ങളിൽ പറയാതിരിക്കുക എന്നതാണ് തട്ടിപ്പിൽ നിന്നും രക്ഷപ്പെടാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗം. അനാവശ്യമായി പണം ആർക്കും നൽകാതിരിക്കുക. വിശ്വാസ്യതയില്ലാത്ത സൈറ്റുകളിൽ ബാങ്ക് ഡീറ്റെയിൽസ് കൊടുക്കാതിരിക്കേണ്ടതും അത്യാവശ്യമാണ്. ഇനി അഥവാ തട്ടിപ്പ് നടന്നു എന്ന് മനസ്സിലാക്കിയാൽ 24 മണിക്കൂറിനുള്ളിൽ പോലീസിനെ ബന്ധപ്പെടേണ്ടതും അത്യാവശ്യമാണ്. സമയം കൂടുന്നതിനോടൊപ്പം തന്നെ പ്രതിയെ പിടിക്കാനുള്ള സാധ്യതയും പണം വീണ്ടെടുക്കാനുള്ള സാധ്യതയും കുറയുന്നു.
മിക്ക ആളുകൾക്കും നഷ്ടപ്പെടുന്നത് ചെറിയ തുകയാണ് എന്നതിനാൽ പോലീസിൽ പരാതിപ്പെടാൻ മടിക്കുന്നു. ഇത് പാടില്ല എന്നും കൃത്യമായ രീതിയിൽ സൈബർ തട്ടിപ്പിന് ഇരയായിട്ടുണ്ട് എങ്കിൽ പോലീസിൽ പരാതിപ്പെടണമെന്നും പോലീസ് അധികൃതർ പറയുന്നു. കഴിഞ്ഞ ദിവസം ഷെയർ ട്രെയിടിങ്ങിലൂടെ തട്ടിപ്പ് നടത്തിയ ഹൈദരാബാദ് സ്വദേശിയെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപുറമേ ഒരു ദിവസം ഇപ്പോൾ ജില്ലയിൽ രജിസ്റ്റർ ചെയ്യുന്നത് പത്തിന് മുകളിൽ സൈബർ തട്ടിപ്പുകളാണ്. ഇതിൽ ഓൺലൈൻ മുഖേനയുള്ള തട്ടിപ്പും ഫോൺ കോളിലൂടെ ഉള്ള തട്ടിപ്പും ഉൾപ്പെടുന്നു. എന്തെങ്കിലും വിധത്തിൽ നിങ്ങൾക്ക് ബന്ധമില്ലാത്ത കാര്യങ്ങളിൽ പണം ചോദിച്ച് ആരെങ്കിലും വിളിക്കുകയാണെങ്കിൽ ഉടൻതന്നെ പോലീസിൽ അറിയിക്കേണ്ടത് അത്യാവശ്യമാണ്.