ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല, ഇന്ത്യൻ വിപണിയിലേക്ക് കടന്നു വരുന്നു എന്നുള്ള അഭ്യൂഹങ്ങൾക്ക് വിരാമം. സംഭവം സത്യമായി എന്ന് തന്നെ പറയാം. ടെസ്‌ല ഇന്ത്യയിൽ നിയമനപ്രക്രിയ ആരംഭിക്കുകയാണ്. നാളെ രാവിലെ മുതൽ റിക്രൂട്ട്മെന്റ് ആരംഭിക്കും.കസ്റ്റമർ ഫേസിംഗ്, ബാക്ക് എൻഡ് ജോലികൾ ഉൾപ്പെടെ 14 തസ്തികകളിലേക്കാണ് ടെസ്‌ല ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. ഇവയിൽ, സർവീസ് ടെക്‌നീഷ്യൻ, അഡ്വൈസർ, ഇൻസൈഡ് സെയിൽസ് അഡ്വൈസർ, കസ്റ്റമർ സപ്പോർട്ട് സ്പെഷ്യലിസ്റ്റ്, കസ്റ്റമർ സർവീസ് മാനേജർ, ഓർഡർ ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റ്, സർവീസ് മാനേജർ, ബിസിനസ് ഓപ്പറേഷൻസ് അനലിസ്റ്റ്, സ്റ്റോർ മാനേജർ, ഡെലിവറി ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റ്, കസ്റ്റമർ സപ്പോർട്ട് സൂപ്പർവൈസർ തുടങ്ങിയ തസ്തികകൾ ഉൾപ്പെടുന്നു.
ടെസ്‌ലയുടെ ഈ നീക്കം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഉണ്ടായത്. കൂടിക്കാഴ്ചക്ക് ശേഷം ഇന്ത്യ യുഎസ് ബന്ധം ശക്തിപ്പെടുന്നു എന്നുള്ള അഭ്യൂഹങ്ങൾ കൂടിയിരുന്നു. ഇതിനു പിന്നാലെയാണ് ടെസ്ല ഇന്ത്യയിലേക്ക് എന്നുള്ള വാർത്തകളും പ്രചരിക്കാൻ തുടങ്ങിയത്. ഇന്ത്യൻ വിപണിയിൽ ടെസ്‌ലയുടെ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾ ഏറെക്കാലമായി നിലനിന്നിരുന്നു. ഇപ്പോൾ, നിയമന പ്രക്രിയയുടെ ആരംഭം, കമ്പനിയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള കടന്നുവരവിന്റെ കാര്യം ഉറപ്പിക്കുന്നു.
ഇന്ത്യയിൽ ടെസ്‌ലയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതോടെ, രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു. ഇത്, ഇന്ത്യയുടെ പരിസ്ഥിതി ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും ഉപയോക്താക്കൾക്ക് കൂടുതൽ ചോയ്സിനുള്ള അവസരം നൽകുകയും ചെയ്യും. ടെസ്‌ലയുടെ ഈ നീക്കം, ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി വളർച്ചക്ക് പുതിയ ദിശ നൽകും. ശനിയാഴ്ച രാവിലെ 11 മുതൽ വൈകിട്ട് 4 വരെയാണ് ഇന്റർവ്യൂ പ്രക്രിയ നടക്കുക.
ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ ഓൺലൈൻ മുഖേന അപ്പോയിൻമെന്റ് എടുത്ത് ആളുകൾക്ക് മാത്രമേ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. സാധാരണഗതിയിൽ കാണുന്നതുപോലെ ഒറ്റയ്ക്ക് ആവില്ല അഭിമുഖം ഗ്രൂപ്പ് ഇന്റർവ്യൂ ആയിരിക്കും അരങ്ങേറുക. ഇന്റർവ്യൂവിന് പങ്കെടുക്കാൻ വരുന്ന വിദ്യാർത്ഥികൾക്കൊക്കെ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്. മുംബൈയിലെ ബാന്ദ്രയിൽ ആയിരിക്കും ടെസ്‌ല ആദ്യ ഓഫീസ് തുറക്കുക എന്നുള്ള കാര്യവും ഇപ്പോൾ ഏകദേശം തീരുമാനമായി. 35 ലക്ഷത്തോളം രൂപയായിരിക്കും ബാന്ദ്രയിൽ ടെസ്‌ല മാസവാടകയായി കെട്ടിടത്തിന് നൽകുക.