മീഷോ ഇന്ന് നമ്മൾ മിക്ക ആളുകളും ഉപയോഗിക്കുന്ന ഓൺലൈൻ വ്യാപാര ആപ്ലിക്കേഷൻ ആയി വളരെ പെട്ടെന്ന് മാറി. വളരെ വിലകുറഞ്ഞ അത്യാവശ്യം കുഴപ്പമില്ലാത്ത സാധനങ്ങൾ വിൽക്കുന്ന ഒരു ഓൺലൈൻ ആപ്ലിക്കേഷൻ മാത്രമാണ് മീഷോ എന്ന നമ്മൾക്ക് പല ആളുകൾക്കും പറയാൻ സാധിക്കുമെങ്കിലും മീഷോയ്ക്ക് പിന്നിലെ കഥ വളരെ ഇൻസ്പയറിങ്ങും എല്ലാവരും അറിഞ്ഞിരിക്കേണ്ടതുമാണ്. ഒന്നുമില്ലായ്മയിൽ നിന്ന് ഇന്ന് എല്ലാമായി മാറിയ ഒരു ആപ്ലിക്കേഷൻ ആണ് മീഷോ.
കോവിഡിന് മുമ്പും ശേഷവും എന്നുള്ള രീതിയിൽ മാറിയിരിക്കുന്നു ഇന്ന് ഓൺലൈൻ പർച്ചേസുകൾ. കോവിഡിന് മുൻപേ വളരെ ചുരുക്കം ആളുകൾ മാത്രമായിരുന്നു ഓൺലൈനിൽ സാധനം വാങ്ങിയിരുന്നത് എങ്കിൽ കോവിഡ് തുടങ്ങിയ ശേഷം മിക്ക കാര്യങ്ങളും ഇപ്പോൾ ഓൺലൈൻ ആയി മാറി. കോവിഡിന്റെ അതിപ്രസരം അവസാനിച്ചിട്ട് പോലും മിക്ക ആളുകളും അതിന്റെ ഹാങ്ങ് ഓവറിൽ ഇപ്പോഴും ഓൺലൈൻ ഷോപ്പിംഗ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ സമയത്ത് വലിയ രീതിയിൽ വളർച്ച നേടിയ അപ്ലിക്കേഷൻ ആണ് മീഷോ.
2015ഇൽ ആണ് മീഷോ തുടങ്ങിയത്. സഞ്ജീവ് ബൺവാളും വിദിത് ആട്രെയും ചേർന്നാണ് മീഷോ എന്ന സ്റ്റാർട്ടപ്പ് സ്ഥാപിച്ചത്. ആദ്യഘട്ടത്തിൽ വളരെ ബുദ്ധിമുട്ടാണ് ഇവർ മീഷോ എന്ന സ്റ്റാർട്ടപ്പ് ഗതി പിടിക്കാനായി അനുഭവിച്ചത്. അതായത് കിടപ്പുമുറിയിലെ ഡൈനിങ് ടേബിൾ ആയിരുന്നു ആദ്യകാലത്ത് മീഷോയുടെ പ്രധാന ഓഫീസ്.മീഷോ എന്ന പേരിന്റെ പിന്നിൽ മൈ ഷോപ്പ് എന്നാണ്. അതായത് ഓൺലൈൻ വ്യാപാരത്തിന് ഉപയോഗിക്കുന്ന ഒരു മീഡിയേറ്റർ. 2015 വില്പനയും വാങ്ങലും ഒക്കെ നടന്നിരുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കൂടിയായിരുന്നു. ഒരു ആപ്ലിക്കേഷൻ തുടങ്ങാനുള്ള പണം പോലും സ്ഥാപകരുടെ കയ്യിൽ ആ സമയമുണ്ടായിരുന്നില്ല.
കമ്പനിയുടെ സ്ഥാപകർ പല കമ്പനികളിലും ചെന്ന് റീറ്റെയിലേഷ്സിന്റെയും ഹോൾസെയിലേഴ്സിന്റെയും കസ്റ്റമേഴ്സിന്റെയും പ്രശ്നങ്ങൾ മനസ്സിലാക്കി. ഈ മനസ്സിലാക്കിയ പ്രശ്നങ്ങൾ എങ്ങനെ ഇല്ലാതാക്കിക്കൊണ്ട് തങ്ങളുടെ ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരാം എന്നുള്ള ചിന്ത അവർക്കുണ്ടായിരുന്നു. ആ ചിന്തയ്ക്ക് സമാന്തരമായി ഈ ചിന്ത പ്രാവർത്തികമാക്കുന്ന പ്ലാനുകളും അവർ നെയ്തുകൊണ്ടിരുന്നു. ഒരു ദിവസം പൊട്ടിപ്പുറപ്പെട്ട ഒരു വിജയമായിരുന്നില്ല കമ്പനിയുടേത്. ട്രയൽ ആൻഡ് എറർ മെത്തേഡിൽ പല ആവർത്തി പ്ലാനുകൾ മാറ്റിയും കിഴിച്ചും ഗുണിച്ചും നോക്കി കമ്പനി വിജയത്തിലെത്തി.
കൃത്യമായ പ്ലാനിങ്ങും ആ പ്ലാനിങ്ങിന്റെ എക്സിക്യൂഷനും കാരണം 2017 ആവുമ്പോഴേക്കും തുടക്കത്തിലുള്ളതിനേക്കാൾ കമ്പനി അല്പം മെച്ചപ്പെട്ടു. എന്നാൽ 2018ലെത്തുമ്പോൾ ഒരു മില്യൺ ഉപഭോക്താക്കൾ എന്നുള്ള ലക്ഷ്യത്തിലേക്ക് മൂന്നു വർഷത്തിനുള്ളിൽ മീഷോ നടന്നടുത്തു. പിന്നീട് ഇതുവരെ കമ്പനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അധിക വില ഇല്ലാതെ ആളുകൾക്ക് വളരെ എക്കണോമിക്കലായി സാധനം വാങ്ങാൻ കഴിയും എന്നതാണ് ആപ്ലിക്കേഷന്റെ നിലവിലെ പ്രത്യേകത. ഇപ്പോഴും ഡെലിവറി സംബന്ധമായ ചില പ്രശ്നങ്ങൾ പല സ്ഥലങ്ങളിലും ഉണ്ട് എങ്കിലും കമ്പനി ഉയർന്നു തന്നെയാണ്.
ക്വാളിറ്റിയുടെ പ്രശ്നങ്ങളും മീഷോയിൽ നിന്ന് വാങ്ങുന്ന പല സാധനങ്ങൾക്കും ഉണ്ട് എങ്കിലും വളരെ എക്കണോമിക്കലായി സാധനങ്ങൾ വാങ്ങാൻ കഴിയും എന്നതിനാൽ ആപ്ലിക്കേഷന് ജനപ്രീതി കൂടി. ആമസോൺ, ഫ്ലിപ്കാർട്ട് മുതലായ ആപ്ലിക്കേഷൻ ഇന്ത്യയിൽ സർവ്വത്ര ഭരണം കാഴ്ചവെക്കുമ്പോൾ ആയിരുന്നു ബാംഗ്ലൂരിൽ തുടങ്ങിയ ഈ ചെറിയ കമ്പനിയുടെ പടിപടിയായുള്ള വളർച്ച.2024 മുതൽ 2029 വരെ 21.5% സംയുക്ത വാർഷിക വളർച്ചാ നിരക്കോടെ (CAGR) 2029 ആകുമ്പോഴേക്കും വിപണി അതിന്റെ ഉയർച്ച പ്രവണത നിലനിർത്തുകയും 299.01 ബില്യൺ യുഎസ് ഡോളറിലെത്തുകയും ചെയ്യുമെന്നതാണ് ഇപ്പോൾ കമ്പനിയുടെ വളർച്ചയുമായി ബന്ധപ്പെട്ട പ്രവചനം.
മീഷോയുടെ വരുമാനത്തിന്റെ ഒരു ഭാഗം ഇപ്പോൾ പരസ്യങ്ങളിൽ നിന്നാണ്. പ്ലാറ്റ്‌ഫോമിലെ വിൽപ്പനക്കാരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, പ്ലാറ്റ്‌ഫോമിലെ റീസെല്ലർമാർക്കും ഉപഭോക്താക്കൾക്കും മുന്നിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ ഹൈലൈറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന വിൽപ്പനക്കാർ അവരുടെ ഉൽപ്പന്നങ്ങൾ പരസ്യപ്പെടുത്തുന്നതിന് ഒരു നിശ്ചിത തുക നൽകുന്നുണ്ട്. മീഷോ വിതരണക്കാർക്ക് ലോജിസ്റ്റിക് സേവനങ്ങൾ നൽകുകയും അതിന് ഫീസ് ഈടാക്കുകയും ചെയ്യുന്നു. വിൽപ്പനക്കാരുടെ ലാഭക്ഷമത വർദ്ധിപ്പിക്കുന്നതിനായി ലോജിസ്റ്റിക് ചാർജുകൾ കുറയ്ക്കുന്നതിലും മീഷോ ടീം പ്രവർത്തിക്കുന്നു. ഒരു കമ്പനി എങ്ങനെ തെറ്റുകളിൽ നിന്ന് പാഠം പഠിച്ച് വിജയത്തിലേക്ക് എത്താം എന്നതിന് ഉദാഹരണം ആവുകയാണ് മീഷോ.