സ്വീറ്റ് കാരം കോഫി എന്ന ബ്രാൻഡ് ഇന്ന് വലിയ രീതിയിൽ ആളുകൾ സ്വീകരിക്കുന്ന ഒരു ബ്രാൻഡ് ആണ്. എന്നാൽ എല്ലാം തുടങ്ങിയത് വെറും 2000 രൂപയിലാണ്. 2000 രൂപയിൽ തുടങ്ങി ഇന്ന് മില്യൻ ഡോളർ വിലയുള്ള ബിസിനസായി സ്വീറ്റ് കാരം കോഫി വളർന്നിരിക്കുന്നു. ആളുകൾക്ക് പ്രിയങ്കരമായ പണ്ടത്തെ കാലത്ത് രുചി കൃത്യമായി മനസ്സിലാക്കിക്കൊണ്ട് നാടൻ പലഹാരം ആളുകൾക്ക് നൽകിയാണ് കമ്പനിയുടെ വിജയം. പണ്ടുള്ള മുത്തശ്ശിമാർ ഉണ്ടാക്കുന്ന അതേ രുചിയിൽ മായം ഒന്നും ചേർക്കാതെ കമ്പനി പ്രോഡക്റ്റ് മാർക്കറ്റിൽ എത്തിച്ചു. ആളുകൾ സ്വീകരിച്ചു.
സാധാരണ വില കുറവായതിനാൽ ഇത്തരത്തിലുള്ള പലഹാരങ്ങൾ ആക്കാൻ മിക്ക ആളുകളും പാമോയിൽ ഉപയോഗിക്കുന്നത് കൂടിവരുന്ന കാലഘട്ടമാണിത്. എന്നാൽ ഇത് ചെയ്യില്ല എന്ന് കമ്പനി ഉടമകൾ ആദ്യമേ തീരുമാനിച്ചിരുന്നു. മാത്രമല്ല വിഷം അടങ്ങുന്ന പ്രിസർവേറ്റീവ് ഒന്നുംതന്നെ ചേർക്കില്ല എന്നും തീരുമാനിച്ചു. ആളുകൾക്ക് ഇഷ്ടപ്പെടുന്ന അമ്മ രുചി കൃത്യമായി തനിമ ചോരാതെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. ആ ലക്ഷ്യം വിജയം കാണുന്നതിന്റെ ഉദാഹരണമായി മാറുകയാണ് സ്വീറ്റ് കാരം കോഫി.
2015 ലെ ദീപാവലി സമയത്ത് ചെന്നൈയിലെ വീട്ടിൽ ബന്ധുക്കളായ ശ്രീവൽസൻ സുന്ദരരാമൻ, വീര രാഘവൻ, നളിനി, ആനന്ദ് എന്നീ നാലുപേരുടെ സംഭാഷണത്തിനിടയിൽ നാടൻ മുറുക്കുകളുടെ ചർച്ച വന്നു. ഇവർ നാല് പേരും കസിൻസ് ആണ്. ഈ ചർച്ചയ്ക്കിടയിൽ റീട്ടെയിൽ ഷെൽഫുകളിലോ കടകളിലോ തനത് ദക്ഷിണേന്ത്യൻ ലഘു ഭക്ഷണങ്ങൾ ഇല്ലെന്ന് തിരിച്ചറിവ് നാൽവർ സംഘത്തിന് ഉണ്ടായി. ഈ തിരിച്ചറിവിന്റെ പുറത്തായിരുന്നു വീട്ടമ്മമാരുടെ കൈപ്പുണ്യം ഉപയോഗപ്പെടുത്തി ഒരു കമ്പനി തുടങ്ങാം എന്ന് തീരുമാനിച്ചത്.
രുചിയിൽ യാതൊരു കോംപ്രമൈസും ഇല്ലാതെ ലഘു കടികൾ ജനങ്ങൾക്ക് നൽകാമെന്ന് തീരുമാനിച്ചു. ആ തീരുമാനത്തിന്റെ പുറത്ത് 2000 രൂപ മുതൽമുടക്കിൽ സ്വീറ്റ് കാരം കോഫി എന്ന ബ്രാൻഡ് ആരംഭിച്ചു. സ്വീറ്റ് കാരം കോഫി പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് കമ്പനിയുടെ രജിസ്റ്റർഡ് നാമം. പ്രതിമാസം 30 ഓർഡറുകൾ വരെ ലഭിച്ചുകൊണ്ടിരുന്ന കുഞ്ഞൻ കമ്പനിയായിരുന്നു ഇത്. അന്നുള്ള കാലത്ത് ഫോണിലൂടെ ഓർഡറുകളും പത്രത്തോടൊപ്പം ലഘുലേഖകളും ഉപയോഗിച്ച് മാർക്കറ്റിംഗ് ചെയ്തു. വീട്ടിലെ സ്ത്രീകൾക്കൊപ്പം പരമ്പരാഗത ദക്ഷിണേന്ത്യൻ ലഘു ഭക്ഷണങ്ങൾ ഉണ്ടാക്കുന്നതിൽ മിടുക്കരായ സമീപവാസികളായ സ്ത്രീകളെയും ഇവർ ഒപ്പം കൂട്ടി.
ചെറിയ രീതിയിലുള്ള മാർക്കറ്റിംഗ് ഉപയോഗിച്ച് ആദ്യകാലത്ത് ഓർഡർ പിടിച്ച് ഓർഡർ അനുസരിച്ച് ഭക്ഷണങ്ങൾ ഉണ്ടാക്കി പാക്കിംഗ് ചെയ്ത് ആളുകൾക്ക് നൽകി. എന്നാൽ കോവിഡ് സമയം കമ്പനിക്ക് വലിയൊരു വളർച്ച സമ്മാനിച്ചു. ആളുകൾ വീട്ടിലിരിക്കുന്ന സമയമായതിനാൽ ഭക്ഷണം കഴിക്കാൻ കൂടുതൽ ആളുകൾ സമയം കണ്ടെത്തി. ഇത് കമ്പനിക്ക് വലിയ ഗുണമായി മാറി. 2022ൽ കമ്പനി വെബ്സൈറ്റ് ആരംഭിച്ചു. മറ്റുള്ള എല്ലാ ബിസിനസ് പരീക്ഷണങ്ങൾക്കും അപ്പുറം വെബ്സൈറ്റ് ആരംഭിച്ചത് പുത്തൻ വളർച്ച കമ്പനിക്ക് നൽകി.
തുടക്കകാലത്ത് ഷെഫിന്റെ ലഭ്യതയും ലോജിസ്റ്റിക്കൽ പ്രശ്നങ്ങളും അടക്കം വലിയ രീതിയിലുള്ള വെല്ലുവിളിയാണ് കമ്പനി നേരിട്ടത്. എന്നാൽ കാലം കഴിയുന്ന അതിനനുസരിച്ച് ഓരോ പാഠം പഠിച്ചു കൊണ്ട് കമ്പനി മുന്നോട്ടേക്ക് നീങ്ങി. മാസം വെറും 30 ഓർഡറുകൾ ലഭിച്ചിരുന്ന സ്ഥലത്ത് കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ കമ്പനി 3 ലക്ഷത്തിലധികം ഓർഡറുകൾ ഡെലിവർ ചെയ്തു എന്നതാണ് കമ്പനിയുടെ ഏറ്റവും വലിയ വിജയം. 30 രാജ്യങ്ങളിലേക്ക് ഇന്ന് കമ്പനി ഓർഡറുകൾ നൽകുന്നു. ചെന്നൈയിലെ കിണ്ടിയിൽ സ്വീറ്റ് കാരം കോഫി ഇന്ന് പത്തായിരം ചതുരശ്ര അടി വിസ്തൃതിയിൽ ഒരു കോർപ്പറേറ്റ് ഓഫീസും വെയർ ഹൗസും ഉൾപ്പെടെയുണ്ട്. ഒന്നുമില്ലായ്മയിൽ നിന്ന് ഇന്ന് കോടികൾ ഓവറുള്ള കമ്പനിയായി മാറുകയാണ് സ്വീറ്റ് കാരം കോഫി.