സംസ്ഥാനത്തെ സ്കൂളുകൾ പുതിയ തലത്തിലേക്ക് മാറുകയാണ് എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സർക്കാർ സ്കൂളുകളുടെ മുഖച്ഛായ പൂർണമായും മാറിയെന്നും കേരളത്തിൽ ഇപ്പോൾ കുട്ടികൾക്ക് പഠിക്കാൻ എസി മുറികൾ പോലും ഉണ്ട് എന്നും കേരളം വിട്ടു പോയിക്കഴിഞ്ഞാൽ കൊച്ചുകൊച്ചു മാടക്കടകൾ പോലെ കെട്ടിവച്ച സ്ഥാപനങ്ങളിലാണ് കുട്ടികൾ പഠിക്കുന്നത് എന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വലിയ രീതിയിലുള്ള മാറ്റമാണ് കേരളത്തിൽ വിദ്യാഭ്യാസപരമായി ഉണ്ടായിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിഫ്‌ബിയെ കൂട്ടുപിടിച്ച് 973 സർക്കാർ സ്കൂളുകളിൽ വലിയ രീതിയിലുള്ള പുതുമോടി പ്രവർത്തനങ്ങൾ നടന്നു കഴിഞ്ഞിരിക്കുന്നു. 52,000 ഓളം ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് എന്ന രീതിയിൽ പുത്തൻ സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് ഹൈടെക് ആയിരിക്കുന്നു. 3.75 ലക്ഷത്തോളം ഉപകരണങ്ങൾ കിഫ്‌ബി വഴി വാങ്ങി നൽകി എന്നും മന്ത്രി കൂട്ടിച്ചേർത്തു. 973 സ്കൂളുകൾക്ക് കിഫ്ബി വഴി ഫണ്ട് അനുവദിച്ചതിൽ 519 ഇടത്ത് പദ്ധതികൾ പൂർത്തിയായി. 454 ഇടത്ത് പുരോമഗിക്കുന്നു. എസിയുള്ള ക്ലാസ് മുറികളും ലിഫ്റ്റ് വച്ച സ്കൂളുകളുമാണ് കുട്ടികളുടെ ആവശ്യവും ആകര്‍ഷണവും.
കഴിഞ്ഞ വർഷങ്ങളിൽ തുടങ്ങിയ സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള പദ്ധതി ഇപ്പോഴും സർക്കാർ തുടർന്നുകൊണ്ടിരിക്കുകയാണ്. വലിയ രീതിയിലുള്ള മാറ്റമാണ് ഇൻഫ്രാ സ്ട്രക്ചർ പരമായി പല സർക്കാർ സ്കൂളുകൾക്കും കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായിരിക്കുന്നത്. വലിയ പണം കൊടുത്ത് ആളുകൾ പഠിക്കുന്ന സിബിഎസ്ഇ സ്കൂളുകളെ പോലും കവച്ചു വെക്കുന്ന രീതിയിലാണ് ഇന്ന് പല സർക്കാർ സ്കൂളുകളുടെയും ഇൻഫ്രാസ്ട്രക്ച്ചർ. ഈ മാറ്റത്തിന് വലിയ പങ്ക് കിഫ്‌ബിക്കും ഉണ്ട് എന്ന് മന്ത്രി പറയുന്നു.