തിരുവോണം പിറക്കാൻ ഇനി വെറും പത്തു നാളുകൾ മാത്രം ബാക്കി. ഓണത്തിന്റെ വരവ് അറിയിച്ചുകൊണ്ട് കേരളത്തിലുടനീളം ഇന്ന് അത്തം. അത്തം മുതലാണ് സാധാരണ രീതിയിൽ മലയാളികൾ പൂവിടാൻ തുടങ്ങാറ്. 10 ദിവസം പൂക്കളം ഒരുക്കി കഴിഞ്ഞാൽ തിരുവോണം ഇങ്ങെത്തും. ഇത്തവണയും ഓണത്തിന്റെ പേര് അറിയിച്ചുകൊണ്ട് കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള മാർക്കറ്റുകളിൽ പൂക്കൾ എത്തിത്തുടങ്ങി. എന്നാൽ ഇക്കൊല്ലം ചെറിയൊരു വ്യത്യാസമുണ്ട്. അന്യസംസ്ഥാനത്തുനിന്ന് വരുന്നതുപോലെ തന്നെ പൂക്കൾ ഇത്തവണ കേരളത്തിൽ നിന്നും മാർക്കറ്റുകളിലേക്ക് എത്തിത്തുടങ്ങി.
മുൻവർഷങ്ങളിൽ കേരളത്തിലേക്ക് ഏറ്റവും കൂടുതൽ പൂക്കൾ എത്തിക്കൊണ്ടിരുന്നത് മംഗലാപുരം, ഗൂഡല്ലൂർ, കൊടക്, ബാംഗ്ലൂർ, സേലം, വീരാജ് പേട്ട തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ നിന്നാണ്. ഓണത്തിന് രണ്ടു മൂന്നു ദിവസം ബാക്കിയുള്ളപ്പോൾ ആന്ധ്രപ്രദേശിൽ നിന്ന് വരെ ബൾക്കായി പൂക്കൾ കേരളത്തിലേക്ക് എത്തും. എന്നാൽ ഇത്തവണ ഈ പൂക്കൾക്കൊപ്പം തന്നെ മലയാളികളുടെ പൂവും മാർക്കറ്റിൽ നിറയും. ഓണത്തിന്റെ വരവ് അറിയിച്ചുകൊണ്ട് പലസ്ഥലങ്ങളിലും പൂക്കൾ ഇതിനോടകം എത്തിത്തുടങ്ങി. ഒരു ദിവസങ്ങളിൽ ഇത് ഇരട്ടിയായി വർദ്ധിക്കും.
ഓണ ദിവസത്തിനു മുമ്പേ തന്നെ പല പ്രമുഖ സ്ഥലങ്ങളിലും ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കും. സ്കൂളുകളിലും ഓഫീസുകളിലും റെസിഡൻസ് ഏരിയകളിലും ഒക്കെ ഓണാഘോഷ പരിപാടികൾ ഓണത്തിന് മുന്നേയായി നടക്കും എന്നതിനാൽ തന്നെ പൂക്കൾക്ക് മാർക്കറ്റിൽ വലിയ ഡിമാൻഡ് ആയിരിക്കും. ഇതു മനസ്സിലാക്കിയാണ് ഇക്കുറിയും പൂക്കൾ നേരത്തെ മാർക്കറ്റിൽ എത്തിയിരിക്കുന്നത്. ഓണക്കാലത്ത് വെറും പത്ത് ദിവസം കൊണ്ട് മാത്രം കേരളത്തിൽ നടക്കുന്നത് കോടിക്കണക്കിന് രൂപയുടെ പൂ ബിസിനസ് ആണ്.
സർക്കാർ മുന്നിട്ട് ഓണത്തിന് ഒരു കൊട്ടപ്പൂവ് എന്ന പദ്ധതി കേരളം നടപ്പിലാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തിലെ 14 ജില്ലകളിലും ചെറു സെക്ടറുകൾ ആയി പൂ കൃഷി ആരംഭിക്കുകയും ചെയ്തിരുന്നു. വെറും ദിവസങ്ങളിൽ ഈ പൂ കൃഷിയുടെ വിളവെടുപ്പ് നടക്കും. ചെണ്ടുമല്ലിയാണ് കൂടുതലായി ഇവർ നട്ടുപിടിപ്പിച്ചിട്ടുള്ളത് എങ്കിലും മറ്റു പൂ കൃഷിയും ഇവർ നടത്തിയിട്ടുണ്ട്. ഓണത്തിന് മുമ്പേ ഇവർക്ക് വെല്ലുവിളിയായി എത്തിയത് അതിശക്തമായ മഴയായിരുന്നു എങ്കിലും മിക്ക സ്ഥലങ്ങളിലും വിളവെടുപ്പിന് പാകമായ പൂക്കൾ തയ്യാറായിട്ടുണ്ട്.
കേരളത്തിൽ അങ്ങോളം ഇങ്ങോളം ജില്ലാ പഞ്ചായത്തും കുടുംബശ്രീയും വേണ്ട അമ്പലക്കമ്മിറ്റികൾ ഉൾപ്പെടെ ഈ പദ്ധതിയുടെ ഭാഗമായി പൂ കൃഷി നടത്തിയിട്ടുണ്ട്. കേരളത്തിലെ മലബാർ പ്രദേശങ്ങളായ കോഴിക്കോട് കണ്ണൂർ തുടങ്ങിയ മേഖലകളിൽ ഗൂഡല്ലൂർ, വീരാജ് പേട്ട, മംഗലാപുരം എന്നിവിടങ്ങളിൽ നിന്നാണ് പൂക്കൾ കൂടുതലായി എത്തുന്നത് എങ്കിൽ മധ്യകേരളത്തിൽ തമിഴ്നാട്ടിൽ നിന്നാണ് പൂക്കൾ അധികമായി എത്തുന്നത്, ബാംഗ്ലൂരിൽ നിന്നും പൂക്കൾ ഇവിടെ എത്തുന്നു. തിരുവനന്തപുരം പ്രദേശത്ത് ആണെങ്കിൽ നാഗർകോവിലിൽ നിന്നു വരെ പൂക്കൾ എത്തും. ഓണത്തിന്റെ വരമ അറിയിച്ചുകൊണ്ട് ഇനി പൂക്കളും മാവേലിയും ഒക്കെ പലസ്ഥലങ്ങളിലും എത്തിത്തുടങ്ങും.
ഓണം എന്നു പറഞ്ഞാൽ സദ്യ എത്രത്തോളം ജനങ്ങൾക്ക് പ്രധാനമാണോ അത്രത്തോളം പ്രധാനമാണ് ആളുകൾക്ക് പൂക്കളും. മുൻപ് വീടുകളിൽ പൂക്കളം ഒരുക്കാൻ വേണ്ടി മാത്രമായിരുന്നു പൂക്കൾ വാങ്ങിച്ചിരുന്നത് എങ്കിൽ ഇന്ന് ഇൻസ്റ്റാഗ്രാമിൽ ഉൾപ്പെടെ പല ആളുകളും ഓണത്തിന് മുമ്പായി പ്രമോഷൻ ഷൂട്ടുകൾ ഉൾപ്പെടെ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ പൂക്കളുടെ ഡിമാൻഡ് വളർന്നിട്ടുണ്ട്. ഇപ്പോൾ 50 രൂപയൊക്കെ ആണ് ജമന്തിക്ക് ഒരു കവറിന് വാങ്ങുന്നത് എങ്കിലും ഓണം അടുക്കുന്നത് അനുസരിച്ച് വില കൂടാൻ സാധ്യത ഉള്ളതായും വ്യാപാരികൾ പറയുന്നുണ്ട്.






