മലയാളികളുടെ പ്രിയ നടൻ ജയറാം ചെയ്ത ഏറ്റവും പ്രശസ്തമായ കഥാപാത്രങ്ങളിൽ ഒന്ന് സമ്മർ ഇൻ ബത്ലഹേം എന്ന സിനിമയിലെ രവി എന്ന കഥാപാത്രമാണ്. അവിടെ ഒരു ഫാം തുടങ്ങാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയായിരുന്നു രവി. എന്നാൽ യഥാർത്ഥത്തിൽ ജയറാം ഒരു കർഷകനാണെന്ന് എത്രപേർക്കറിയാം? വെറും കർഷകൻ അല്ല അവാർഡുകൾ വാരിക്കൂട്ടിയ കർഷകനാണ് ഇന്ന് ജയറാം. മിമിക്രി വേദിയിലൂടെ സിനിമയിലെത്തി പിന്നീട് തെന്നിന്ത്യൻ സിനിമകളിലേക്ക് ചുവടു മാറിയ വ്യക്തിയാണ് ജയറാം. മലയാളത്തിൽ ജയറാം കാര്യമായി സിനിമകൾ ചെയ്യാതിരിക്കുമ്പോൾ സങ്കടപ്പെടുന്നത് ജയറാമിന്റെ കേരളത്തിലെ വലിയ ആരാധക കൂട്ടമാണ്.
കോവിഡ് സമയം മിക്ക ആളുകളും പണിയില്ലാതെ ഇരുന്നപ്പോൾ വരെ ജയറാം തന്റെ സ്വന്തം കൃഷിയുമായി തിരക്കിലായിരുന്നു. ജയറാം എന്ന ആനപ്രേമിയെ മലയാളികൾക്ക് ഏറെ സുപരിചിതമാണ്. അതുപോലെതന്നെയാണ് ജയറാമെന്ന മേള കലാകാരനെയും. ഇതിനു പുറമേ അദ്ദേഹത്തിന് വലിയ ഒരു ഫാം ഉണ്ട്. സമ്മർ ഇൻ ബത്ലഹേം എന്ന സിനിമയിൽ അദ്ദേഹം തുടങ്ങാൻ ആഗ്രഹിച്ചത് പോലെ ഒരു ഡയറി ഫാം. വലിയ വിറ്റ് വരവുള്ള വളരെ സക്സസ്ഫുൾ ആയ ഒരു ഫാം ആണിത്. ഇത് തുടങ്ങിയിരിക്കുന്നത് മലയാറ്റൂരിനടുത്ത് പെരിയാറിന്റെ തീരത്ത് തോട്ടുവ എന്ന ഗ്രാമത്തിലാണ്.
ആനന്ദ് എന്ന പേരിലാണ് ജയറാമിന്റെ ഫാം. 15 വർഷം മുമ്പാണ് ഫാം തുടങ്ങിയത്. അന്ന് വെറും 5 പശുക്കൾ മാത്രമായി തുടങ്ങിയ ഫാമിൽ ഇന്ന് 60ന് മുകളിൽ പശുക്കളാണ് ഉള്ളത്. 6 ഏക്കറോളം വരുന്ന സ്ഥലത്താണ് ഇന്ന് ഈ ഫാം സ്ഥിതി ചെയ്യുന്നത്. പശുക്കൾക്ക് മാത്രമായി ഉള്ള ഫാമിൽ തൊഴിൽ ചെയ്യാനായി പ്രത്യേകം പണിക്കാർ ഉണ്ട്. കൃഷ്ണഗിരി എന്ന സ്ഥലത്ത് നിന്നുമുള്ള പശുക്കളാണ് ഫാമിൽ കൂടുതലും ഉള്ളത്. കൃഷ്ണഗിരി എന്ന സ്ഥലവുമായി കൂടുതൽ ഇണങ്ങുന്ന കാലാവസ്ഥയാണ് കേരളത്തിൽ ഉള്ളത്. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് കൃഷ്ണഗിരിയിൽ നിന്നും പശുക്കളെ എത്തിച്ചത്.
പശുക്കൾക്ക് പേരിടുന്നതിൽ വരെ ജയറാമിന്റെ പ്രത്യേക ടെക്നിക്കുകൾ ഉണ്ട്. നദികളോട് സാമ്യമുള്ള പേരാണ് ഇവിടെ പശുക്കൾക്ക് നൽകിയിരിക്കുന്നത്. മനുഷ്യരിൽ നിന്നും രോഗം പശുക്കൾക്ക് വരാനുള്ള സാധ്യത കൂടുതലാണ് എന്നുള്ള നിർദ്ദേശപ്രകാരം പുറത്തുനിന്നുള്ള ആളുകൾക്ക് പ്രവേശനം ഇവിടേക്ക് ബുദ്ധിമുട്ടാണ് . തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പേജിലും ഒന്നും ജയറാം ഫാമിലിയെ കുറിച്ച് സംസാരിക്കാത്തത് അതിന് സ്വകാര്യത വേണം എന്നുള്ള സ്വകാര്യ വാശിയുടെ പുറത്താണ്. കൂടാതെ കൃഷി എന്നത് അദ്ദേഹത്തിന് പണ്ടുമുതലേയുള്ള കമ്പമാണ്. ഒരു ബിസിനസായി അതിനെ കാണാത്തതുകൊണ്ട് കൂടുതൽ പബ്ലിസിറ്റി കൊടുക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല എന്നാണ് ജയറാമിന്റെ പക്ഷം.
പശുക്കൾക്ക് രോഗം വരാതിരിക്കാൻ വൃത്തിയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആനന്ദ് ഫാംസിൽ പുലർത്തുന്നുണ്ട്. പശുക്കൾക്ക് ആവശ്യമായ പുല്ല് ഉൾപ്പെടെ ഫാമിൽ തന്നെയാണ് കൃഷി ചെയ്യുന്നത്. കൂടാതെ ഫാമിന്റെ പ്രവർത്തനത്തിന് ആവശ്യമായ വൈദ്യുതിയും ഉത്പാദിപ്പിക്കുന്നത് ഫാമിൽ നിന്ന് തന്നെ. ഫാമിൽ വെള്ളത്തിനും കാര്യമായ ബുദ്ധിമുട്ട് ഇല്ല. ചുരുക്കിപ്പറഞ്ഞാൽ എല്ലാതരത്തിലും ഫാം സ്വയം പര്യാപ്തമാണ് എന്നർത്ഥം. നമ്മുടെ നാട്ടിൽ കാണുന്ന ഫാമുകളിൽ പശുവിനെ കെട്ടിയിട്ടാണ് വളർത്തുന്നത് എങ്കിൽ ഇവിടെ പശുവിനെ സ്വതന്ത്രമായി തുറന്നുവിട്ട് വളർത്തുന്നതാണ് രീതി.
വലിയ സ്ഥലം ഫാമിനായി ഉള്ളതിനാൽ പശുക്കളെ സ്വതന്ത്രമായി മേയാൻ വിടും. സ്വന്തമായ രീതിയിൽ പശു പുല്ലെടുക്കുകയും ചെയ്യും. കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫീഡ്സ് ലിമിറ്റഡിന്റെ മാതൃകാഫാം എന്ന അംഗീകാരവും ജയറാമിന്റെ ഫാമിനുണ്ട്. പശു വളർത്തലിനു പുറമേ ചെറിയ കൃഷിയും ഫാമിൽ നടക്കുന്നുണ്ട്. ഇതിനുപുറമേ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലും ജയറാം ചെറിയ രീതിയിലുള്ള കൃഷി ചെയ്യുന്നുണ്ട്. ഒരു നടൻ എത്തുന്നതിനപ്പുറം കൃഷി മേഖലയിലും തന്റേതായ കഴിവ് തെളിയിക്കുകയാണ് മലയാളികളുടെ പ്രിയതാരം പത്മശ്രീ ജയറാം.