മലയാള സിനിമ അന്യസംസ്ഥാനത്ത് ആഘോഷിക്കപ്പെടുമ്പോഴും സിനിമ വ്യവസായം നഷ്ടത്തിലാണ് എന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഉൾപ്പെടെ പറയുന്നത്. ഇതിനു പ്രധാനപ്പെട്ട കാരണമായി പറയപ്പെടുന്നത് രണ്ടുമൂന്നു സിനിമകൾ അതിഭയങ്കരമായ നേട്ടം കൊയ്യുമ്പോഴും മറ്റു പല സിനിമകളും വരുന്നതും പോകുന്നതും ആരും അറിയുന്നില്ല എന്നതാണ്. 2024ലെ കണക്ക് പരിശോധിച്ചാൽ മലയാള സിനിമ കണ്ടതിൽ വെച്ച് ഏറ്റവും വലിയ വിജയങ്ങൾ ഉണ്ടായ വർഷമായിരുന്നിട്ടും കൂടി മലയാളസിനിമ പ്രതിസന്ധിയിലാണ് എന്നാണ് പറയപ്പെടുന്നത്.
വിക്കിപീഡിയ കണക്കുപ്രകാരം മാർച്ച് ആറാം തീയതി വരെ ഉള്ള കണക്ക് പരിശോധിച്ചാൽ തിയേറ്ററിൽ 49 സിനിമകൾ റിലീസ് ആയി കഴിഞ്ഞു. അതിൽ മലയാളികൾ റിലീസായി എന്ന് കേട്ട സിനിമകൾ പത്തോ പതിനഞ്ചോ മാത്രം ആവും. അതായത് മിക്ക സിനിമകളും ഇറങ്ങുന്നത് പോലും നമ്മൾ അറിയാറില്ല എന്നർത്ഥം. കല എന്നതിനപ്പുറം മലയാള സിനിമ വ്യവസായം വലിയൊരു ബിസിനസ് ആണ്. നിരവധി ആളുകൾ കോടികൾ ഇൻവെസ്റ്റ് ചെയ്യുന്ന ബിസിനസ്. 2024 ൽ പ്രേമലു, മഞ്ഞുമ്മൽ ബോയ്സ്, കിഷ്കിന്താകാണ്ഡം, അജയന്റെ രണ്ടാം മോഷണം, ബ്രഹ്മയുഗം, ആവേശം, മാർക്കോ, ഗുരുവായൂർ അമ്പലനടയിൽ തുടങ്ങിയ വലിയ ബിസിനസ് നടന്ന സിനിമകൾ പിറന്ന വർഷമാണ്. അന്യസംസ്ഥാനത്ത് ഉൾപ്പെടെ ഈ സിനിമകളിൽ മിക്കതും ആഘോഷിക്കപ്പെടുകയും ചെയ്തു. ഇത്തരത്തിലൊരു സാഹചര്യം നിലവിൽ ഉണ്ടാകുമ്പോഴും മലയാള സിനിമ വ്യവസായത്തിൽ പ്രതിസന്ധി തുടരുകയാണ് എന്നാണ് പുറത്തേക്ക് വരുന്ന വാർത്തകൾ.
2024ലെ കണക്കുകൾ അപേക്ഷിച്ചു 2025ൽ ഫെബ്രുവരി മാസം വരെയുള്ള കണക്കുകൾ വലിയ നിരാശ സമ്മാനിക്കുന്നതാണ് എന്നുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്. 2025 ജനുവരിയിൽ പുറത്തിറങ്ങിയ രേഖാചിത്രം മാത്രമായിരുന്നു ജനുവരിയിൽ വലിയ വിജയമായ സിനിമ. ഫെബ്രുവരിയിൽ ആവട്ടെ വിനീത് ശ്രീനിവാസൻ നായകനായ ഒരു ജാതി ജാതകവും, പൊന്മാനും, നഷ്ടത്തിലേക്ക് കൂപ്പുകുത്തിയില്ല എന്നതിനപ്പുറം വലിയ വിജയങ്ങൾ മലയാളത്തിൽ ഉണ്ടായില്ല. ദാവീദ്, ബ്രോമൻസ് എന്നീ സിനിമകൾ വിജയിച്ചതായി പറയപ്പെടുന്നുണ്ടെങ്കിലും കൃത്യമായ കണക്കുകൾ ഇപ്പോഴും ലഭ്യമല്ല. ഫെബ്രുവരി മാസാവസാനം എത്തിയ കുഞ്ചാക്കോ ബോബൻ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടി തരക്കേടില്ലാതെ തിയേറ്ററിൽ ഓടുന്നുണ്ട്. സിനിമ പ്രോഫിറ്റബിൾ ആവാതെ വരുന്നത് പ്രൊഡ്യൂസർക്ക് വലിയ നഷ്ടം ഉണ്ടാക്കുന്നു. ഈ സാഹചര്യമായിരുന്നു സിനിമാ വ്യവസായം പൂർണമായും അടച്ചിട്ട് കൊണ്ടൊരു സമരം നടത്താൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ കൊണ്ട് പ്രേരിപ്പിച്ചത്.
ജനുവരി മാസം ഇറങ്ങിയതിൽ ടോവിനോ നായകനായ ഐഡന്റിറ്റി എന്ന ചിത്രം വലിയ പരാജയമായി മാറി. സിനിമയുടെ ഓ ടി ടി റൈറ്റ്സ് വിറ്റ് പോയത് താൽക്കാലിക ആശ്വാസം നൽകി എന്നതൊഴിച്ചാൽ തിയേറ്ററിൽ സിനിമ വേണ്ടത്ര വിജയം കൊയ്തില്ല. ഇതോടൊപ്പം തന്നെ ജനുവരി മാസം റിലീസായ പ്രാവിൻ കൂട് ഷാപ്പ് എന്ന സിനിമയും എന്ന് സ്വന്തം പുണ്യാളൻ എന്ന സിനിമയും അൻപോട് കൺമണി എന്ന സിനിമയും തീയറ്ററിൽ കൈപ്പ് രുചി അറിഞ്ഞു. ഈ സിനിമകൾക്ക് പുറമെ പേര് പോലും കേൾക്കാത്ത ഒട്ടനവധി സിനിമകൾ ഈ വർഷം ഇതുവരെ റിലീസ് ആയിട്ടുണ്ട്.
പ്രൊഡ്യൂസർ അസോസിയേഷൻ സമരം പ്രഖ്യാപിച്ചതിനു പിന്നാലെ ആന്റണി പെരുമ്പാവൂരിനെ പോലെ ഒരു പ്രമുഖ പ്രൊഡ്യൂസർ ഈ നിലപാടിനെതിരെ വിമർശനവുമായി വന്നിരുന്നു. ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ പൃഥ്വിരാജും മുരളി ഗോപിയും ഉൾപ്പെടെയുള്ള ആളുകൾ പിന്തുണച്ചു. ഇതിന്റെ മറ്റൊരു വശം എന്താണെന്നാൽ മോഹൻലാലിന്റെ ഉറ്റ സുഹൃത്താണ് സുരേഷ് കുമാർ. കൂടാതെ പ്രൊഡ്യൂസർ അസോസിയേഷന്റെ തലപ്പത്തും അദ്ദേഹം ഉണ്ട്. അദ്ദേഹം സമരം ഉണ്ട് എന്നുള്ള രീതിയിൽ ഒരു പത്രസമ്മേളനം നടത്തിയതിന് പിന്നാലെയാണ് മോഹൻലാലിന്റെ സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂർ അദ്ദേഹത്തിനെതിരെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നത്.
രണ്ടു സുഹൃത്തുക്കൾ ആയ മോഹൻലാലും സുരേഷ് കുമാറും നേർക്കുനേരെ വന്നതുപോലെ പല മാധ്യമങ്ങളും ഈ വാർത്തയെ പ്രചരിപ്പിക്കുകയും വലിയ മാധ്യമശ്രദ്ധ ഈ കാര്യത്തിൽ ലഭിക്കുകയും ചെയ്തു. ഇത് ആന്റണി പെരുമ്പാവൂർ പ്രൊഡ്യൂസ് ചെയ്യുന്ന മലയാള സിനിമയിലെ എക്കാലത്തെയും വലിയ സിനിമയായ തമ്പുരാൻ മാർച്ച് 27 റിലീസ് ചെയ്യാനുള്ള തീരുമാനത്തിലാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മുരളി ഗോപി എഴുതി മോഹൻലാൽ നായകനാകുന്ന ഈ സിനിമ ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ്. സിനിമയെ കുറിച്ച് ഓൺലൈൻ മാധ്യമങ്ങളിൽ ലൈവ് ആയി നിൽക്കണമെന്നുള്ള പ്രേരണയോടെയാണ് ആന്റണി ഇത്തരത്തിലൊരു പോസ്റ്റിട്ടത് എന്ന് വിമർശിച്ച ആളുകളുമുണ്ട്. എന്നാൽ മലയാളം ഒന്നടങ്കം കാത്തിരിക്കുന്ന വലിയ സിനിമ റിലീസിന് ഒരുങ്ങുമ്പോൾ പോലും മലയാള സിനിമ പ്രതിസന്ധിയിൽ തുടരുകയാണ് എന്നതാണ് യാഥാർത്ഥ്യം.
ചില സിനിമകൾ വലിയ രീതിയിൽ വിജയം ആകുമ്പോഴും മറ്റു പല സിനിമകൾക്കും തിയേറ്ററുകളിൽ ആളുകൾ കയറുന്നു പോലുമില്ല. വലിയ രീതിയിലുള്ള പണം ഇൻവെസ്റ്റ് ചെയ്യുമ്പോൾ അതിന്റെ കാലിലൊന്നു പോലും ലഭിക്കാത്ത സിനിമകളുമുണ്ട്. മികച്ച അഭിപ്രായം ലഭിച്ചിട്ട് പോലും മമ്മൂട്ടി സിനിമയായ ഡൊമിനിക് ആൻഡ് ദി ലേഡി പേഴ്സ് എന്ന സിനിമ പോലും പരാജയമായ സാഹചര്യവും തിയേറ്ററിൽ ഉണ്ട്. ഇതിനിടയിൽ സൂപ്പർതാരങ്ങൾ പ്രതിഫലം കുറക്കണം എന്നുള്ള വാദവും ഉയരുന്നു. സിനിമയ്ക്ക് ഉള്ളിൽ തന്നെ പറഞ്ഞു തീർക്കേണ്ട പല കാര്യങ്ങളും ആണ് ഇപ്പോൾ മാധ്യമങ്ങളിലെ കൂടി ജനങ്ങളിലേക്ക് എത്തുന്നത്.
പല സിനിമകളുടെയും പേരുകേട്ട നൂറുകോടി കലക്ഷൻ വരെ വ്യാജമാണ് എന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറയാതെ പറയുന്നുണ്ട്. ഇടക്കാലത്ത് ഒ ടി ടി റിലീസിലെ കൂടിയും സാറ്റലൈറ്റ് റൈറ്റ്സിലെ കൂടിയും മിക്ക സിനിമകളും ബ്രേക്ക് ഈവൻ ആകുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സിനിമ വിജയിച്ചാൽ മാത്രമേ ഒ ടി ടി റൈറ്റ്സ് എടുക്കുന്നുള്ളൂ എന്നതും മലയാള സിനിമയ്ക്ക് വലിയ തിരിച്ചടി ആവുകയാണ്. ഒരു സിനിമ തിയേറ്ററിൽ 100 കോടി കളക്ഷൻ നേടിക്കഴിഞ്ഞാൽ അതിന്റെ മൂന്നിൽ ഒന്നു മാത്രമേ പ്രൊഡ്യൂസർക്ക് ലഭിക്കുകയുള്ളൂ. അതിനു മറ്റു പല ഘടകങ്ങളും കൂടി ചേർന്നിരിക്കുന്നു.
കഴിഞ്ഞ ആഴ്ചയിൽ പുറത്തിറങ്ങിയ മച്ചാന്റെ മാലാഖ, ആപ്പ് കൈസാ ഹോ തുടങ്ങിയ സിനിമകൾ വലിയ രീതിയിലുള്ള നഷ്ടത്തിലേക്കും പോകുകയാണ് എന്നുള്ള റിപ്പോർട്ടുകൾ വരുന്നുണ്ട്. സിനിമ വിജയിക്കാത്തതിന് പ്രധാനപ്പെട്ട കാരണമായി പറയപ്പെടുന്നത് മികച്ച തിരക്കഥയുടെ അഭാവം തന്നെയാണ്. ഇതിനപ്പുറം പ്രമോഷന്റെ അഭാവവും പല സിനിമകൾക്കും തിരിച്ചടിയാകുന്നു. കൃത്യമായ രീതിയിൽ പ്രമോട്ട് ചെയ്യപ്പെടുന്ന മികച്ച തിരക്കഥയും എല്ലാ വശങ്ങളിലും നന്നായി വന്ന സിനിമ വിജയിക്കാതെ പോകുന്നില്ല എന്നതാണ് ഒരു വിഭാഗത്തിന്റെ വാദം. കണക്കുകൾ പരിശോധിച്ചാൽ ഇത് ശരിയുമാണ്. പ്രധാനമായും സിനിമകളുടെ നിലവാര തകർച്ച തന്നെയാണ് പരാജയത്തിന് കാരണം.
പല സ്ഥലത്തുനിന്നും പണം വാങ്ങി ഒരു പ്രൊഡ്യൂസർ സിനിമയ്ക്കായി ഇൻവെസ്റ്റ് ചെയ്യപ്പെടുമ്പോൾ ആ സിനിമ ഒരുതരത്തിലും വിജയമാകാതെ പോകുന്നത് പ്രൊഡ്യൂസറെ വലിയ റിസ്കിൽ കൊണ്ട് എത്തിക്കുന്നു. ഇന്നുള്ളതിൽ വച്ച് ഏറ്റവും റിസ്ക് ഉള്ള ബിസിനസായി ഈ കാരണങ്ങൾ കൊണ്ടുതന്നെ സിനിമാ വ്യവസായം മാറുന്നു. എന്നാൽ സിനിമ വിജയിച്ചു കഴിഞ്ഞാൽ വലിയ രീതിയിലുള്ള റിട്ടേൺ ലഭിക്കുന്ന വ്യവസായമാണിത്. പക്ഷേ മലയാള സിനിമയുടെ കണക്ക് പരിശോധിച്ചാൽ ഒരു വർഷം 150 നു മുകളിൽ സിനിമകളാണ് റിലീസ് ചെയ്യപ്പെടുന്നത്. ഇതിൽ വിജയിക്കുന്നത് ആവട്ടെ വെറും 20 ഓളം സിനിമകൾ മാത്രം. 20 ശതമാനത്തിൽ താഴെയാണ് മലയാള സിനിമയിലെ വിജയ റേഷ്യോ.