2025-ലെ അന്തർദേശീയ സുഗന്ധവ്യഞ്ജന സമ്മേളനം ബാംഗ്ലൂരിലെ ലീല ഭാരതീയ സിറ്റിയിൽ ആരംഭിച്ചു. . സുഗന്ധവ്യഞ്ജന വ്യവസായത്തിലെ പ്രമുഖർ, ഗവേഷകർ, കർഷകർ എന്നിവരുടെ സാന്നിധ്യത്തിൽ ആണ് സമ്മേളനം നടക്കുക. സുഗന്ധവ്യഞ്ജനങ്ങളുടെ ഉൽപ്പാദനം, പ്രോസസ്സിംഗ്, വിപണനം എന്നിവയിൽ പുതിയ സാങ്കേതിക വിദ്യകളും മാർഗ്ഗങ്ങളും അവതരിപ്പിക്കുന്നതിനും ചർച്ച ചെയ്യുന്നതിനും ഈ സമ്മേളനം വേദിയാകുന്നു.
സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു, സുഗന്ധ വ്യഞ്ജന വ്യവസായത്തിലെ പുതിയ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്തു. മസാലകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ആഗോള വിപണിയിൽ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനും പുതിയ സാങ്കേതിക വിദ്യകളുടെ പ്രയോഗം, പരിസ്ഥിതിയോടൊപ്പം ചേർന്നുള്ള കൃഷി രീതികൾ എന്നിവയെക്കുറിച്ചുള്ള പ്രബന്ധങ്ങളും പ്രദർശനങ്ങളും സംഘടിപ്പിച്ചു.വിത്ത് വികസനം, കീടനാശിനി കുറയ്ക്കുന്നതിനുള്ള നാനോ ടെക്നോളജി, സസ്യ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ബയോ-സ്റ്റിമുലന്റുകൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഡോ. കൃഷ്ണ എം. എല്ല ഉദ്ഘാടന വേദിയിൽ പറഞ്ഞു.
സുഗന്ധവ്യഞ്ജന കർഷകരുടെ ക്ഷേമം, അവരുടെയിടയിൽ പുതിയ അറിവുകളും കഴിവുകളും പങ്കുവെക്കൽ എന്നിവയ്ക്കും സമ്മേളനം പ്രാധാന്യം നൽകും. മസാല ഉൽപ്പന്നങ്ങളുടെ ആഗോള വിപണിയിലെ മാറ്റങ്ങൾ, ഉപഭോക്തൃ പ്രവണതകൾ, കയറ്റുമതി സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ കർഷകരെയും വ്യവസായികളെയും പ്രയോജനപ്പെടുത്തും. ആഗോള സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ ചരിത്രപരമായി പ്രധാന പങ്കാളിയായ ഇന്ത്യ ഇന്ന് ആഗോള വിപണിയുടെ 25% വിഹിതം നിലനിർത്തുന്നുണ്ടെന്ന് സ്‌പൈസസ് ബോർഡ് ഇന്ത്യയുടെ സെക്രട്ടറി പി. ഹേമലത പറഞ്ഞു.
ആഗോള സുഗന്ധവ്യഞ്ജന വ്യവസായത്തിന് നൽകിയ സമഗ്ര സംഭാവനകൾക്കുള്ള അവാർഡ് മാനെ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സി.ഇ.ഒ ജീൻ മാനെയ്ക്ക് നൽകി ആദരിച്ചപ്പോൾ അഭിനവ് ബിന്ദ്ര, കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്.പി. കാമത്ത്, ഓൾ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോർട്ടേഴ്‌സ് ഫോറം (എഐഎസ്ഇഎഫ്) ചെയർമാൻ ഇമ്മാനുവൽ നമ്പുശ്ശേരിൽ എന്നിവർ ഉദ്ഘാടനത്തിൽ പങ്കെടുത്ത സംസാരിച്ചു.