കൊച്ചി കാക്കനാട് ചിറ്റിലപള്ളി സ്ക്വയറിൽ വെച്ച് നടന്ന വിജയ് സമ്മിറ്റ് വേദിയിൽ തന്റെ സരസമായ രീതി കൊണ്ട് വേദിയിലാകെ ശ്രീകണ്ഠൻ നായർ ചിരി പടർത്തി. മാധ്യമപ്രവർത്തകരുടെ 24 മണിക്കൂറും ക്യാമറ വെക്കുന്ന പുതിയ സമ്പ്രദായത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്ന് തനിക്കറിയുന്ന കാര്യങ്ങൾ പങ്കുവച്ചുകൊണ്ട് പ്രായോഗിക പരിശീലനം നൽകുന്ന കോഴ്സുകൾ ആരംഭിക്കണോ എന്നാണ് ആലോചന എന്നാണ് അദ്ദേഹം തമാശ രൂപേണ പറഞ്ഞത്. വേദിയിൽ മാധ്യമ രംഗത്ത് 40 വർഷം പൂർത്തിയാക്കിയ ശ്രീകണ്ഠൻ നായരെ ആദരിച്ചു.
ബിസിനസ് സമ്മിറ്റിൽ കൂടിയിരിക്കുന്ന മിക്ക ആളുകളെയും മാധ്യമപ്രവർത്തകനായിട്ടു കൂടി തനിക്ക് അറിയില്ല എന്നും നിങ്ങൾക്ക് എന്ത് ആവശ്യം വന്നു കഴിഞ്ഞാലും, നിയമത്തിന് നിരക്കുന്നതാണ് എങ്കിൽ ഞാൻ കൂടെ ഉണ്ടാകും എന്നും ബിസിനസുകാർക്ക് പിന്തുണച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചു. എന്തിനും ഏതിനും കൈക്കൂലി വാങ്ങുന്ന ഈ ലോകത്ത് മുന്നോട്ടേക്ക് ധൈര്യമായി പോകാൻ കൊചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ കൃത്യമായ നിലപാട് തനിക്ക് പ്രചോദനം നൽകിയിട്ടുണ്ട് എന്നും അദ്ദേഹത്തെ വേദിയിൽ ഇരുത്തിക്കൊണ്ട് ശ്രീകണ്ഠൻ നായർ പറഞ്ഞു.
ജീവിതത്തിൽ എന്ത് പ്രതിസന്ധി വന്നു കഴിഞ്ഞാലും ധൈര്യമായി മുന്നോട്ടേക്ക് പോകണം. അധ്വാനിക്കുന്ന ആളാണ് നിങ്ങളെങ്കിൽ ആരുടെ മുന്നിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവരുത് എന്നും ശ്രീകണ്ഠൻ നായർ കൂട്ടിച്ചേർത്തു. ഇത്തരത്തിൽ കൈക്കൂലി ചോദിക്കുന്ന ആളുകളുടെ അടുത്ത് തികച്ചും “ഇല്ല” എന്ന സമീപനമാണ് താൻ സ്വീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും 18 മണിക്കൂർ ജോലി ചെയ്യുന്ന ആളാണ് താൻ. അധ്വാനിച്ച് ജീവിക്കുന്ന ആൾ ആയതിനാൽ ആരെയും ഭയക്കാതെയാണ് തന്റെ മുന്നോട്ടേക്കുള്ള യാത്ര എന്നും അദ്ദേഹം വേദിയിൽ കുട്ടിച്ചാത്തു. പല രീതിയിലുള്ള വിശേഷണം ശ്രീകണ്ഠൻ നായരെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ട് അവതാരക നൽകി എങ്കിലും ഇപ്പോഴും ഒരു അവതാരകനായി തന്നെ അറിയപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സ്വന്തമായി ഒരു ചാനൽ തുടങ്ങിയപ്പോൾ വരെ ചിറ്റിലപ്പള്ളിയുടെ നിലപാട് തനിക്ക് പ്രചോദനം നൽകി. മാധ്യമ രംഗത്ത് ഇന്ന് വളർന്നുനിൽക്കുന്ന സമയത്ത് പോലും പല സ്ഥലത്തുനിന്നും പല ആളുകളും തന്നോട് കൈക്കൂലി ചോദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും അദ്ദേഹം വേദിയിൽ തുറന്നു പറഞ്ഞു. അതിന് ഉദാഹരണമായി ഈ അടുത്തിടെ ഡൽഹിയിൽ ഒരു കേസുമായി ചെന്നപ്പോൾ ലക്ഷക്കണക്കിന് രൂപ നിങ്ങൾ തന്നില്ല എങ്കിൽ നിങ്ങൾ ജയിലിൽ കിടക്കേണ്ടി വരും എന്ന് അദ്ദേഹത്തിനോട് ഒരാൾ പറഞ്ഞത്രേ. ഒന്നുകിൽ പണം അല്ലെങ്കിൽ ജയില് എന്നുള്ള സന്ദർഭം. അതിൽ ധൈര്യമായി ‘ഇത്തരത്തിൽ ഒരു ഓപ്ഷൻ നിങ്ങൾ തരികയാണെങ്കിൽ ഞാൻ ജയിൽ തിരഞ്ഞെടുക്കും’ എന്ന് മറുപടി പറഞ്ഞതായും അദ്ദേഹം സരസമായി വേദിയിൽ പറഞ്ഞു. ശ്രീകണ്ഠൻ നായരുടെ ഈ പ്രസ്താവന വലിയ കയ്യടിയോടെയാണ് ബിസിനസ് മീറ്റിൽ പങ്കെടുത്ത സംരംഭകർ വരവേറ്റത്.
വ്യവസായ മേഖലയിലെ നിരവധി പ്രമുഖരും വിജയ് ഭവ സമ്മിറ്റിൽ പങ്കെടുത്തു. വിവിധ മേഖലയിലുള്ള ബിസിനസ് സ്ഥാപനങ്ങൾ അവിടെയുള്ള സ്റ്റാളുകളിൽ തങ്ങളുടെ സംരംഭങ്ങൾ പ്രദർശിപ്പിക്കുകയും പുതിയ സാധ്യതകളെ കുറിച്ചുള്ള ആശയവിനിമയം നടത്തുകയും ചെയ്തു. ഉദ്യോഗസ്ഥരും ബിസിനസ് മേഖലയിൽ ശ്രദ്ധേയരായവരും പങ്കെടുത്ത ഈ വേദിയിൽ ശ്രീകണ്ഠൻ നായർ തന്റെ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ പങ്കുവച്ചത് എല്ലാ സ്ഥലത്തും ഉള്ളതുപോലെ കയ്യടി വാരിക്കൂട്ടി.
.