ഇന്ത്യയിലെ പ്രമുഖ ടയർ നിർമ്മാതാക്കളായ എംആർഎഫിന്റെ ബാറ്റുമായി ഇനി ശുബ്‌മാൻ ഗില്ലും കളിക്കാൻ ഇറങ്ങും. എംആർഎഫ് എന്നത് ഇന്ത്യയിലെ തന്നെ പ്രമുഖ ടയർ നിർമ്മാതാക്കളാണ്. എംആർഎഫ് കഴിഞ്ഞദിവസമാണ് ഗില്ലിനെ അവരുടെ പുത്തൻ ബ്രാൻഡ് അംബാസിഡറായി പ്രഖ്യാപിച്ചത്. ഈ അടുത്തിടെ ഒഡിഐ ക്രിക്കറ്റിൽ ഉണ്ടായ ഗില്ലിന്റെ മികച്ച ഫോം ആണ് അദ്ദേഹത്തെ ബ്രാൻഡ് അംബാസിഡറാക്കാൻ കമ്പനിയെ പ്രേരിപ്പിച്ച പ്രധാനപ്പെട്ട ഘടകം.
ഇന്ത്യയിലെ മിക്ക 80’s -90’s കിഡ്സിന്റെയും പ്രിയതാരമായ സച്ചിൻ ടെണ്ടുൽക്കർ എംആർഎഫ് ബാറ്റുമായി കളിക്കുന്നത് ഇന്നും മിക്ക ആളുകൾക്കും നൊസ്റ്റാൾജിയ ആണ്. സച്ചിന്റെ ഒരുകാലത്തുള്ള മിക്ക പ്രധാനപ്പെട്ട ഇന്നിങ്‌സും ഇതേ ബാറ്റ് ഉപയോഗിച്ചുകൊണ്ട് തന്നെയാണ്. പിന്നീട് വെസ്റ്റ്ഇൻഡീസ് സൂപ്പർതാരം ബ്രയാൻ ലാറ ഉൾപ്പെടെ ഇതേ ബാറ്റ് ഉപയോഗിച്ച് കളിക്കളത്തിൽ എത്തിയിരുന്നു. ഒരു സമയം ധോണി കൊണ്ട് നടക്കുന്ന ആർ ബി കെ എന്ന പേരുള്ള ബാറ്റും, ഹോണ്ടയുടെ ബാറ്റും ബ്രിട്ടാണിയയുടെ ബാറ്റും ക്രിക്കറ്റ് പ്രേമികൾക്ക് എന്നും നൊസ്റ്റാൾജിയാണ്.
സച്ചിന്റെ വിരമിക്കലിന് ശേഷം എംആർഎഫ് നടത്തിയ അടുത്ത വലിയ മുന്നേറ്റം ആയിരുന്നു വിരാട്ട് കോലിയെ അവരുടെ ബ്രാൻഡ് അംബാസിഡർ ആക്കിയത്. സച്ചിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച കളിക്കാരൻ എന്ന പേര് നേടിയ കോലിയെ വലിയ തുകയ്ക്കാണ് എംആർഎഫ് ബ്രാൻഡ് അംബാസിഡർ ആക്കിയത്. ഈ ഡീൽ കഴിഞ്ഞ് ഏതാനും വർഷങ്ങൾക്കുശേഷമാണ് ഇപ്പോൾ ക്രിക്കറ്റിലെ അടുത്ത സൂപ്പർതാരം എന്ന് പ്രമുഖർ വാഴ്ത്തുന്ന ഗില്ലിനെയും ഇപ്പോൾ എംആർഎഫ് ബ്രാൻഡ് അംബാസിഡർ ആക്കുകയാണ്.
മദ്രാസ് റബ്ബർ ഫാക്ടറി ലിമിറ്റഡ് എന്നതാണ് എം ആർ എഫിന്റെ ഫുൾഫോം.1946-ൽ ചെങ്കോട്ടയിൽ (ചെന്നൈ) ചെറിയ ഒരു ബലൂൺ നിർമ്മാണ സ്ഥാപനമായിട്ടാണ് തുടക്കം. പിന്നീട്, എംആർഎഫ് ടയർ നിർമ്മാണ മേഖലയിലേക്ക് നീങ്ങുകയും ഇന്ത്യൻ ടയർ വ്യവസായത്തിലെ മുൻനിര കമ്പനിയാകുകയും ചെയ്തു. ഇന്ന് പുറത്തിറങ്ങുന്ന മിക്ക വാഹനങ്ങളുടെയും ടയർ എം ആർ എഫ് ആണ് നിർമ്മിക്കുന്നത്.₹572 കോടിയാണ് കമ്പനിയുടെ നിലവിലുള്ള മൊത്ത വരുമാനമായി കണക്കാക്കുന്നത്. മറ്റൊരു രസകരമായ വസ്തുത കെ. എം മാമൻ മാപ്പിള എന്ന മലയാളിയാണ് കമ്പനിയുടെ ഫൗണ്ടർ.