മറ്റൊരു ഓണം കൂടി പാടിവാതിലിൽ എത്തിനിൽക്കുന്ന സമയത്ത് മലയാളികൾക്ക് ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത് സാധനങ്ങളുടെ വിലക്കയറ്റം ആണ്. തിരുവോണവും നബിദിനവും ഇക്കുറി ഒരേ ദിവസമാണ് എത്തുന്നതിനാൽ തന്നെ എല്ലാ മലയാളികളും കണ്ണും നട്ട് മാർക്കറ്റിൽ നോക്കി നിൽക്കുകയാണ്. പച്ചക്കറി വിലയിൽ വലിയ കുതിപ്പാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കേരളത്തിൽ ഉണ്ടായിരിക്കുന്നത്. ഓണം എത്താനിരിക്കെ മാർക്കറ്റിനു പുറമേ തീയേറ്ററുകളും ഉണർന്നു. ഓണം റിലീസുകൾ ഇതിനോടകം തിയേറ്ററുകളിൽ എത്തിക്കഴിഞ്ഞു.
അന്യസംസ്ഥാനത്തുനിന്നും പൂക്കൾ കേരളത്തിലേക്ക് എത്തിത്തുടങ്ങി. ഓണം നബിദിന മാർക്കറ്റ് ലക്ഷ്യമാക്കി തുണിക്കടകളിലും വലിയ രീതിയിൽ സ്റ്റോക്ക് എത്തിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ തലവേദനയായിരുന്ന വെളിച്ചെണ്ണ വില 500ല്‍ നിന്നും 400ന് അടുത്തെത്തി എങ്കിലും പല ബ്രാൻഡുകളുടെ വെളിച്ചെണ്ണയും പല വിലയാണ്. 400 രൂപ നൽകി ഒരു ലിറ്റർ വെളിച്ചെണ്ണ വാങ്ങി വേണം ഇത്തവണ മലയാളികൾക്ക് ഓണം ആഘോഷിക്കാൻ. കഴിഞ്ഞവർഷത്തെ ഓണസമയത്ത് വെറും 180 രൂപ ഉണ്ടായിരുന്ന എണ്ണയ്ക്കാണ് ഇക്കുറി 400 രൂപ നൽകേണ്ടി വരിക.
കേരളത്തിലും മറ്റു മിക്ക ഇന്ത്യൻ സംസ്ഥാനത്തും മഴയ്ക്ക് സമരം ഇല്ലാത്തത് പച്ചക്കറി വിലയുടെ കാര്യത്തിലും വലിയ വർദ്ധനവ് സൃഷ്ടിച്ചിട്ടുണ്ട്. ഒരു കിലോ ഉള്ളിക്ക് 32 മുതൽ 36 രൂപ വരെയാണ് പല കടകളിലും നൽകേണ്ടി വരുന്നത്. തക്കാളിക്ക് കിലോ 50 രൂപ കടന്നപ്പോൾ ബീട്രൂട്ടിന് 40 രൂപയ്ക്ക് മുകളിലായി. ക്യാപ്സിക്കത്തിന് 50 രൂപയ്ക്ക് മുകളിൽ നൽകേണ്ട സാഹചര്യമാണ് നിലവിലെങ്കിൽ കേരളത്തിന് പലസ്ഥലങ്ങളിലും 48 മുതൽ 55 രൂപ വരെ ഈടാക്കുന്നുണ്ട്. കൂട്ടത്തിൽ കൊലകൊമ്പൻ തേങ്ങയാണ്. 75 രൂപയ്ക്കും 90 രൂപയ്ക്കും ഇടയിലാണ് പലസ്ഥലങ്ങളിലും തേങ്ങയ്ക്ക് കിലോയ്ക്ക് നൽകേണ്ടത്.
കക്കിരിക്ക് 32 രൂപയും വഴുതനങ്ങയ്ക്ക് 46 രൂപയും മുരിങ്ങാക്കോലിന് 60 രൂപയും ചേനയ്ക്ക് 46 രൂപയും നൽകണം. ചുരുക്കിപ്പറഞ്ഞാൽ എല്ലാ പച്ചക്കറി സാധനങ്ങൾക്കും വലിയ വിലയാണ് സാദാരണ കടകളിൽ നൽകേണ്ടി വരുന്നത്. ഓഫർ വിലയിൽ ചില കടകളിൽ, പ്രത്യേകിച്ച് സൂപ്പർമാർക്കറ്റുകളിൽ സാധനം ലഭ്യമാകുമെങ്കിലും അത് എല്ലാ ആളുകൾക്കും ലഭ്യമാകുമോ എന്നുള്ള കാര്യം ഓഫർ അനുസരിച്ചാണ്. പച്ചക്കറിക്ക് പുറമേ കഴിഞ്ഞ കുറച്ച് അപേക്ഷിച്ച് നിലവിൽ പൂക്കൾക്കും വില അധികമാണ്. ഓണം അടുക്കുമ്പോൾ സാധനം കൂടുതൽ എത്തുന്നതിനാൽ വില കുറയുമെന്ന് കരുതാമെങ്കിലും ഇപ്പോൾ പൂവിന് താരതമ്യേന വില അധികമാണ്.
ഉത്തരേന്ത്യയിൽ ഇപ്പോഴും കനത്ത മഴ തുടരുന്നതിനാൽ ഉത്തരേന്ത്യയിൽ നിന്നുള്ള സവാളയുടെ വരവ് പൂർണമായും നിന്നിരിക്കുകയാണ്. കേരളത്തിലുള്ള കൃഷിക്കും വലിയ രീതിയിൽ കഴിഞ്ഞ ദിവസങ്ങൾ തുടർന്ന് കനത്ത മഴ പാരയായി എത്തിയിട്ടുണ്ട്. ഇതേ അവസ്ഥ തന്നെയാണ് തമിഴ്നാട്ടിലും കർണാടകയിലും ഉള്ളത്. ചുരുക്കിപ്പറഞ്ഞാൽ പലസ്ഥലങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന പച്ചക്കറികൾ കേരളത്തിലേക്ക് എത്താത്തതാണ് വില വർദ്ധനവിന് കാരണമായിരിക്കുന്നത്. ഓണത്തിന് ഇനി ഒരാഴ്ച കൂടി മാത്രമേ ഉള്ളൂ എന്നതിനാൽ ഓണം എടുക്കുമ്പോൾ വില വലിയ രീതിയിൽ കുറയില്ല എന്നുള്ള കാര്യം ഏറെക്കുറെ ഉറപ്പാണ്.
എന്നാൽ വിലയിൽ വലിയ മാറ്റവും ആശ്വാസവും നൽകുന്ന ഒന്ന് കോഴിയാണ്. കോഴി വില മാസം ആരംഭിക്കുമ്പോൾ 160 രൂപയായിരുന്നുവെങ്കിൽ ഇപ്പോഴത് വീണ്ടും കുറഞ്ഞ 100 മുതൽ 120 രൂപ വരെയായി. പല സ്ഥലങ്ങളിലും പല വിലയാണ് എങ്കിലും കേരളത്തിൽ ഉടനീളം കോഴിക്ക് വിലയിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. ബീഫിനും മട്ടനും കാര്യമായ വില വ്യത്യാസം ഉണ്ടായില്ല എങ്കിലും നാടൻ കോഴിക്കും കിലോയ്ക്ക് 50 രൂപയ്ക്ക് അടുത്ത് കുറഞ്ഞിട്ടുണ്ട്. കോഴിയുടെ വിലയിൽ ഉണ്ടായ ഇടിവ് മലബാർകാർക്ക് ആശ്വാസമാണ്. ഓണം പോലെ തന്നെ ഒരേ ദിവസം നബിദിനവും എത്തുന്നതിനാൽ മാംസത്തിന്റെ വിലയിലുണ്ടായിരിക്കുന്ന ആശ്വാസം സാധാരണ മലയാളികൾക്ക് പ്രതീക്ഷ നൽകുന്നതാണ്.