കോവിഡ് സമയം മുതൽ ഇന്ത്യയിൽ ഏറ്റവും വലിയ നേട്ടം ഉണ്ടായ വ്യവസായങ്ങളിൽ ഒന്നാണ് ഒ ടി ടി പ്ലാറ്റ്ഫോമുകൾ. നിരവധി ഓ ടി ടി പ്ലാറ്റ്ഫോമുകൾ ആണ് ഇന്ന് നമുക്ക് ലഭ്യമായിട്ടുള്ളത്. കണക്കുകൾ പരിശോധിച്ചാൽ വലിയ നേട്ടമാണ് കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ ഇന്ത്യയിൽ മാത്രം ഇത്തരത്തിലുള്ള സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ ഉണ്ടാക്കിയിരിക്കുന്നത്. സിനിമകൾക്ക് പുറമെ ലൈവ് ആയുള്ള സ്പോർട്സ് മത്സരവും, സീരിയലുകളും, ചാനൽ പരിപാടികളും, വെബ് സീരീസുകളും, സ്വന്തമായുള്ള ഷോകളും ഉൾപ്പെടെ ഇന്ന് ഓ ടി ടി പ്ലാറ്റ്ഫോമുകളിൽ ലഭ്യമായി മാറി.
വലിയ നേട്ടം നിരവധി പ്ലാറ്റ്ഫോമുകൾ ഇന്ത്യയിൽ ഓ ടി ടി എന്ന മാർഗ്ഗത്തിലൂടെ ലഭ്യമായപ്പോൾ പൂട്ടിപ്പോയ ഓ ടി ടി പ്ലാറ്റ്ഫോമുകളും ഉണ്ട്. അതിൽ ഹൈറിച്ചിന്റെ എച്ച് ആർ ഓ ടി ടി പ്ലാറ്റ്ഫോം സാമ്പത്തിക ക്രമക്കേടു കാരണം വലിയ വെല്ലുവിളി നേരിട്ടു. തുടക്കത്തിൽ നിരവധി മലയാള സിനിമകൾ ഇവർ സ്വന്തമാക്കിയെങ്കിലും പിന്നീട് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് ഉൾപ്പെടെ വന്നതിനാൽ ഇന്ന് ആ പ്ലാറ്റ്ഫോം പരാജയത്തിന്റെ പാതയിലാണ്. ഒട്ടുമിക്ക ഇൻഡസ്ട്രി തലവന്മാരും ഇന്ന് ഓ ടി ടി പ്ലാറ്റ്ഫോമിലേക്ക് ശ്രദ്ധ തിരിച്ചിരിക്കുന്നു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലാഭം കൊയ്യുന്ന ഓ ടി ടി പ്ലാറ്റ്ഫോമുകൾ ആമസോൺ പ്രൈമും, നെറ്റ്ഫ്ലിക്സും, ജിയോ ഹോട്ട്സ്റ്റാറുമാണ്. ഇതോടൊപ്പം തന്നെ സീ ഫൈവും, സോണി ലൈവും ഇന്ത്യയിൽ ആളുകൾക്ക് ജനപ്രിയമായി മാറുകയാണ്. നിരവധി സിനിമകൾ വാങ്ങിക്കൂട്ടുന്നതിനോടൊപ്പം തന്നെ ക്രിക്കറ്റ് മത്സരങ്ങളും ഫുട്ബോൾ മത്സരങ്ങളും ഇവർ ലൈവ് ആയി കാണിക്കുന്നു. ഇപ്പോൾ ഐപിഎൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഐപിഎൽ ഓൺലൈനിൽ സ്ട്രീമിംഗ് ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാർ ആണ്. സൗജന്യമായി ആളുകൾക്ക് മത്സരം ലഭ്യമാകും എന്നതിനാൽ തന്നെ ഇവർക്ക് വലിയ ജനപ്രീതിയാണ് ഇപ്പോൾ ലഭിക്കുന്നത്.
ജിയോയും ഹോട്ട്സ്റ്റാറും ലയിച്ച ശേഷം ഓ ടി ടി പ്ലാറ്റ്ഫോം മുന്നോട്ടേക്ക് ലാഭം കൊയ്ത്തു നീങ്ങുകയാണ്. മുൻപ് ടിവിയിൽ സിനിമ വരുന്ന സമയം ആളുകൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാലമുണ്ടായിരുന്നു. അന്ന് സിഡിയിലൂടെ ആളുകൾ സിനിമ കാണുന്നതും സുലഭമായിരുന്നു. ഡിവിഡി പ്ലെയറിൽ തൊട്ടടുത്ത കടയിൽ നിന്ന് വാങ്ങിയ സിഡി ഇട്ട്സി നിമ കണ്ട കുട്ടിക്കാലം ഒട്ടുമിക്ക മലയാളികൾക്കും ഉണ്ടാകും. ഓണം വിഷു തുടങ്ങിയ സമയങ്ങളിൽ സിനിമ ടിവിയിൽ ചാനലിൽ സംപ്രേഷണം ചെയ്യുന്നത് കാണാനായി എല്ലാവരും കാത്തിരിക്കുമായിരുന്നു. എന്നാൽ കാലം മാറി.
കാലം മാറുന്നവനോടൊപ്പം തന്നെ മലയാള സിനിമയ്ക്ക് ഓ ടി ടി പ്ലാറ്റ്ഫോമുകളിൽ ഇപ്പോൾ നേരിടുന്നത് വലിയ തിരിച്ചടിയാണ്. മുൻപ് കോവിഡ് സമയത്ത് വലിയ രീതിയിൽ ഇവർ മലയാള സിനിമകൾ വാങ്ങിക്കൂട്ടിയിരുന്നുവെങ്കിൽ ഇപ്പോഴത് കുറഞ്ഞിരിക്കുന്നു. സൂപ്പർതാര സിനിമകളാണ് കൂടുതലായും ഇന്ന് ഇവർ വാങ്ങുന്നത്. ചെറിയ സിനിമകൾ നല്ലതാണെങ്കിൽ മാത്രം വാങ്ങാൻ കഴിയുമെന്നുള്ള രീതിയിലേക്ക് ഇവർ പ്ലാൻ ക്രമീകരിച്ചിരിക്കുന്നത് ചെറിയ സിനിമകൾക്ക് ഇന്ന് തിരിച്ചടിയാണ്. ഓ ടി ടി മാത്രം ലക്ഷ്യമാക്കി കൊണ്ട് നിരവധി സിനിമകൾ കോവിഡിന് ശേഷം മലയാളത്തിൽ നിർമ്മിച്ചു. ഓ ടി ടി പ്ലാറ്റ്ഫോമുകളെ കൂടുതലായി മലയാള സിനിമ മുതലെടുക്കുന്നു എന്ന് തോന്നിയതിനുശേഷം ആണ് പുതിയ നയം അവർ രൂപീകരിച്ചത്.
കോടികൾ മുടക്കി സിനിമ ഇറങ്ങുന്നതിനു മുമ്പേ വാങ്ങുന്ന രീതിയിൽ നിന്നും ഇന്ന് കണ്ടന്റ് നല്ലതാണെങ്കിൽ മാത്രം വാങ്ങുക എന്നുള്ള രീതിയിലേക്ക് പ്ലാറ്റ്ഫോമുകളും അവരുടെ പ്ലാൻ മാറ്റി. മലയാളത്തിൽ മാത്രം ഓ ടി ടി പ്ലാറ്റ്ഫോമുകൾ വാങ്ങാതെ കെട്ടിക്കിടക്കുന്നത് സൂപ്പർതാര സിനിമകൾ ഉൾപ്പെടെ നിരവധിയാണ്. നിവിൻ പോളി ചിത്രം രാമചന്ദ്ര ബോസ് ആൻഡ് കോ, ദിലീപ് ചിത്രങ്ങളായ ബാന്ദ്ര, തങ്കമണി, മമ്മൂട്ടി ചിത്രം ഡൊമിനിക് ആൻഡ് ലേഡി പേഴ്സ്, തുടങ്ങിയ സിനിമകളൊന്നും റിലീസ് ആയിട്ട് കുറെയാണെങ്കിലും ഇതുവരെ ഓ ടി ടി പ്ലാറ്റ്ഫോമുകളിൽ എത്തിയില്ല എന്നത് തന്നെ എത്രമാത്രം അവർ ചൂസി ആണ് എന്നത് കാണിക്കുന്നു.
കേരളത്തിൽ വളരെ ജനപ്രീതി നേടി മുന്നേറുന്ന ഓ ടി ടി പ്ലാറ്റ്ഫോമുകളിൽ ഒന്ന് മനോരമ മാക്സ് ആണ്. താരതമ്യയുടെ കുഴപ്പമില്ലാത്ത മലയാള സിനിമകൾ ഇവർ വാങ്ങുന്നത് ഇന്ന് മലയാള സിനിമകൾക്ക് ചെറിയൊരു ആശ്വാസം നൽകുന്നുണ്ട്. മറ്റ് ഇന്റർനാഷണൽ ഓട്ടോറിറ്റി പ്ലാറ്റ്ഫോമുകൾ വാങ്ങാത്ത ചെറിയ മലയാള സിനിമകൾ ഉൾപ്പെടെ നോക്കി ഇവർ ഇപ്പോൾ വാങ്ങുന്നു. എന്നാൽ മനോരമ മാക്സ് മറ്റുള്ള സ്ഥലങ്ങളിൽ അത്ര ജനപ്രിയമല്ലാത്തത് സിനിമ ഓ ടി ടി പ്ലാറ്റ്ഫോമിൽ ഇറങ്ങിയ ശേഷമുള്ള ജനപ്രീതി ഇത്തരം സിനിമകൾക്ക് നിഷേധിക്കുന്നു എന്നും നിലപാട് പറയുന്ന ആളുകളുണ്ട്.
ചുരുക്കിപ്പറഞ്ഞാൽ ഒരു സിനിമ നിർമ്മിക്കുമ്പോൾ അത് ഇന്റർനാഷണൽ ഓ ടി ടി പ്ലാറ്റ്ഫോമുകൾ ആയ നെറ്റ് ഫ്ലിക്സ്, ആമസോൺ പ്രൈം പോലുള്ള പ്ലാറ്റ്ഫോമുകളിൽ എത്തിക്കുക എന്നതായിരിക്കും ഒരു പ്രൊഡ്യൂസറിന്റെ ലക്ഷ്യം. എന്നാൽ ചിലപ്പോൾ സിനിമ പരാജയപ്പെടുന്നത് അതിനു തടസ്സമാകുന്നു. എന്തെങ്കിലും പണം ലഭിച്ചാൽ മതി എന്നുള്ള രീതിയിലേക്ക് പ്രൊഡ്യൂസറിന്റെ നിലപാടും മാറുന്ന സമയത്ത് മനോരമ മാക്സ് പോലുള്ള പ്ലാറ്റ്ഫോമുകൾ ഇത്തരം സിനിമകൾ സ്വന്തമാക്കുന്നു. വലിയ നഷ്ടം ലഭിച്ചേക്കാവുന്ന സാഹചര്യത്തിൽ ചെറിയൊരു തുക പ്രൊഡ്യൂസർക്ക് ലഭിക്കുന്നതിനാൽ പ്രൊഡ്യൂസർ അവിടെ സന്തോഷവാനാകുന്നു. ചെറിയ സിനിമ ലഭിക്കുന്നതിനാൽ മനോരമ മാക്സും സന്തോഷം കണ്ടെത്തും.
പ്ലാറ്റ്ഫോമുകൾ ഇന്ന് നിലപാട് മാറ്റിയത് മലയാള സിനിമ വ്യവസായത്തിന് വലിയ തിരിച്ചടിയാണ് എങ്കിലും ഓ ടി ടി പ്ലാറ്റ്ഫോം ഇന്ത്യയിൽ വളരുകയാണ്. കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ വലിയ വളർച്ച ഇവർ ഇതിനോടകം സ്വന്തമാക്കി എങ്കിൽ ഇനി വരുംകാലത്തും ഇവർ വളർച്ച തുടരുക തന്നെ ചെയ്യും. വിശ്വരൂപം എന്ന സിനിമയിലൂടെ കമലഹാസൻ മുന്നിൽ കണ്ട ഒന്നായിരുന്നു സിനിമ നേരിട്ട് ടിവിയിലേക്ക് എത്തിക്കുക എന്നത്. അന്ന് പലരും ആ നിലപാടിനെ പുച്ഛിച്ചു എങ്കിലും ഇന്ന് ഇന്ത്യൻ സിനിമ വ്യവസായം ആ നിലപാടിലേക്ക് ആണ് മാറുന്നത് എന്നുള്ള സൂചനയാണ് ഒ ടി ടി പ്ലാറ്റ്ഫോമുകളുടെ വളർച്ച കാണിക്കുന്നത്.