തൊഴിലന്വേഷകർക്ക് പുത്തൻ പ്രതീക്ഷകൾ തുറന്ന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും പാനൂർ ജ്യോതിസ് വിദ്യാഭ്യാസ പദ്ധതിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച നിയുക്തി 2025 തൊഴിൽമേളയിൽ 68 പേർക്ക് നിയമനം ലഭിച്ചു. 547 പേർ പങ്കെടുത്ത മേളയിൽ 183 പേർ ചുരുക്കപ്പട്ടികയിലിടം നേടി.
എസ്.എസ്.എൽ.സി, ബിരുദം, ബിരുദാനന്തരം, ഐ.ടി.ഐ, ബി.ടെക്, എഞ്ചിനീയറിംഗ് തുടങ്ങി വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കായി എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ, മാനേജ്മെന്റ്, ഹോസ്പിറ്റൽ, സ്പോക്കൺ ഇംഗ്ലീഷ് ട്രെയിനർ, ചൈനീസ് കുക്ക്, ടെയ്ലറിംഗ്, ധനകാര്യം, മറ്റ് സേവന മേഖലകൾ എന്നിവിടങ്ങളിൽനിന്നായി 450 ലേറെ ഒഴിവുകളാണുണ്ടായിരുന്നത്. ഇരുപത്തഞ്ച് തൊഴിൽ സ്ഥാപനങ്ങൾ പങ്കെടുത്തു.
പാനൂർ യു.പി സ്‌കൂളിൽ നടന്ന പരിപാടി കെ.പി മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ കെ.പി ഹാഷിം അധ്യക്ഷനായി. കൂത്തുപറമ്പ് നഗരസഭാ ചെയർമാൻ വി സുജാത ടീച്ചർ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ഷീല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി രാജീവൻ, എൻ.വി ഷിനിജ, പി വത്സൻ, കെ ലത, സെക്കീന തെക്കയിൽ, നഗരസഭാ കൗൺസിലർമാരായ പി ഉസ്മാൻ, പി.കെ പ്രവീൺ, കെ രത്‌നാകരൻ, പാനൂർ ബ്ലോക്ക് പഞ്ചായത്തംഗം കെ.പി യൂസഫ്, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ രമേശൻ കുനിയിൽ, എംപ്ലോയ്മെന്റ് ഓഫീസർ (എസ്.ഇ) പി.കെ അജേഷ്, ജ്യോതിസ് കോ ഓർഡിനേറ്റർ ദിനേശൻ മീത്തിൽ, പാനൂർ യു.പി മാനേജ്മെന്റ് പ്രതിനിധി ഇ.സുരേഷ് ബാബു, തലശ്ശേരി എംപ്ലോയ്മെന്റ് ഓഫീസർ ബിജു പറമ്പത്ത് കിഴക്കെയിൽ എന്നിവർ സംസാരിച്ചു.