കേരളത്തിൽ നിക്ഷേപത്തിന്റെ പുതിയ സാധ്യത തുറന്നിട്ടുകൊണ്ട് പുതിയ പദ്ധതികൾക്ക് തുടക്കം. വ്യവസായ വകുപ്പിന്റെ നിക്ഷേപ സംഗമത്തിന്റെ ഫലമായി 86 പുതിയ പദ്ധതികൾക്ക് ₹31,429 കോടി രൂപയുടെ നിക്ഷേപം ലഭിച്ചതായി അധികൃതർ അറിയിച്ചു. ഈ പദ്ധതികൾ വഴി സംസ്ഥാനത്ത് 40,000-ത്തോളം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. രണ്ടു മാസങ്ങൾക്കു മുമ്പേ നടന്ന വ്യവസായ സംഗമത്തിന്റെ ഭാഗമായി നിരവധി കമ്പനികൾ കേരളത്തിലേക്ക് എത്തുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നു. ഈ പ്രഖ്യാപനത്തിന് അടിസ്ഥാനപ്പെടുത്തിയുള്ള വിക്ഷേപമാണ് ഇപ്പോൾ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.
ജൂൺ മാസത്തിൽ പല പ്രധാന പദ്ധതികൾക്ക് തുടക്കം കുറിച്ചു. പാലക്കാട് കിന്‍ഫ്ര പാർക്കിൽ ₹880 കോടിയുടെ BPCL ലോജിസ്റ്റിക്സ് ഹബ്, കഞ്ചിക്കോട് ₹510 കോടിയുടെ ഗാഷ് സ്റ്റീൽസ് പ്ലാന്റ്, തിരുവനന്തപുരം എയർപോർട്ട് സമീപം ₹350 കോടിയുടെ ഗോൾഫ് വ്യൂ ഹോട്ടൽ തുടങ്ങിയവ പ്രവർത്തനം ആരംഭിച്ചു. ഇതോടെ നിക്ഷേപ കേന്ദ്രങ്ങളായി വ്യവസായ പാർക്കുകൾ കൂടുതൽ സജീവമാകുമെന്ന് അധികൃതർ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി നിരവധി പ്രമുഖ കമ്പനികൾ കേരളത്തിലേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്. പല രാജ്യങ്ങളിൽ നിന്നും നിരവധി പ്രമുഖ കമ്പനികളുടെ അധികൃതർ കേരളത്തിൽ നടന്ന നിക്ഷേപ മീറ്റിൽ പങ്കെടുത്തിരുന്നു.
ഈ മാസം കളമശേരി, പെരുമ്പാവൂർ, ചെരപ്പോലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലും പുതിയ പദ്ധതികൾ ആരംഭിക്കും. സംസ്ഥാന സർക്കാർ കിൻഫ്രയും കെഎസ്ഐഡിസിയും മുഖേന നിക്ഷേപകരെ കൈപിടിച്ച് നയിക്കുന്ന പദ്ധതിയാണ് ഇത്. ഓൺലൈൻ അനുമതി സംവിധാനവും സ്ഥലമെടുപ്പ് നടപടികളുമടക്കം നിക്ഷേപം സുഗമമാക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കിയതായി മന്ത്രി വ്യക്തമാക്കി.