കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം അനുസരിച്ചാണ് കാര്യങ്ങളുടെ പോക്ക് എങ്കിൽ ഇക്കൊല്ലം മഴ മെയ് മാസം 27 തന്നെ എത്തും. അതായത് 12- 13 ദിവസത്തിനുള്ളിൽ തന്നെ കേരളത്തിലെമ്പാടും മഴയെത്തും. ഇപ്പോൾതന്നെ കേരളത്തിൽ പലയിടങ്ങളിലും ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ട്. വേനലിന്റെ കാഠിന്യമേറിയ ചൂടിൽ നിന്നും ആശ്വാസം നൽകാനായി ഒരിത്തിരി മഴ ലഭിക്കുന്നു എന്ന് തന്നെ മലയാളികൾക്ക് ഏറെ തൃപ്തികരമാണ്. എന്നാൽ മഴക്കാലം നേരത്തെ എത്തുന്നതിനാൽ തന്നെ അതുമായി അനുബന്ധമായി പ്രവർത്തിക്കുന്ന മാർക്കറ്റുകൾ മെല്ലെ ഉണർന്നിരിക്കുകയാണ്.
പണ്ടുകാലത്ത് മഴ നനഞ്ഞ് സ്കൂളിൽ പോയത് എല്ലാവർക്കും നൊസ്റ്റാൾജിയ ആയിരിക്കും. മഴക്കാലം തുടങ്ങുന്നു എന്നതിന് മറ്റു അർത്ഥം കൂടിയുണ്ട്. പുതിയ അധ്യയന വർഷം തുടങ്ങുന്നു എന്നതാണ് അതിന്റെ അർത്ഥം. പുത്തൻ ബാഗും കുടയും ഷൂവും സോക്സും യൂണിഫോമും ഒക്കെ അണിഞ്ഞ് ചെറിയ കുട്ടികൾ സ്കൂളിൽ പോകുന്ന സമയമായി മഴക്കാലത്തെ കാണാൻ കഴിയും. ചെറിയ കടക്കാർക്ക് വലിയ ആശ്വാസം നൽകുന്ന കാലം കൂടിയാണ് മഴക്കാലം. കാരണം നിരവധി കച്ചവടം നടക്കുന്ന സമയം കൂടിയാണ് മഴക്കാലത്തിനു തൊട്ടുമുമ്പേ ഉള്ള മാർക്കറ്റ്.
മറ്റൊരു അധ്യയന വർഷത്തെ വരവിൽ മാർക്കറ്റ് പൂർണ സജ്ജം ആയിരിക്കുകയാണ്. മാർക്കറ്റിൽ പലവിധത്തിലുള്ള കുടകൾ എത്തിക്കഴിഞ്ഞു. മുതിർന്ന കുട്ടികൾക്കായി കൂടുതൽ ഡെക്കറേഷൻ ഒന്നുമില്ലാത്ത കുടുകളും ചെറിയ കുട്ടികൾക്കായി വിസിൽ ഉൾപ്പെടെയുള്ള കളർഫുൾ കുടകളും മാർക്കറ്റിൽ പല റേറ്റുകളിൽ എത്തിയിരിക്കുന്നു. ഇതോടൊപ്പം തന്നെ ക്ലാസ്മേറ്റ്സ്, നടരാജ്, അപ്സര തുടങ്ങി പ്രമുഖ കമ്പനികളുടെയും പുത്തൻ കമ്പനികളെയും നോട്ടുബുക്കുകളും മാർക്കറ്റിൽ വലിപ്പത്തിനനുസരിച്ചും ക്വാളിറ്റിയുടെ വ്യത്യാസത്തിനനുസരിച്ച് പല വിലകളിൽ ലഭ്യമാണ്.
സ്ഥിരമായി കാണപ്പെടുന്ന പെൻസിലും റബ്ബറും എന്ന് വേണ്ട സ്കൂൾ കുട്ടികൾക്ക് ആവശ്യമായ എല്ലാ സാധനങ്ങളും മാർക്കറ്റിൽ പതിവുപോലെ എത്തി. മുൻപുള്ളതിനെ അപേക്ഷിച്ച് വില ഇപ്പോൾ അല്പം കൂടുതലാണ് എങ്കിലും സ്കൂൾ തുറക്കുന്നതിന് ഒരാഴ്ച മുമ്പേ ആകുമ്പോഴേക്കും വിലകുറയും എന്നുള്ള പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ. പല കമ്പനികളുടെ പല ക്വാളിറ്റി ഉള്ള ബാഗുകളും മാർക്കറ്റിൽ ഇപ്പോൾ എത്തിയിരിക്കുന്നു.
വലിയ രീതിയിൽ കച്ചവടം നടക്കുന്ന സമയമാണ് ഇത് എന്നതിനാൽ തന്നെ മാർക്കറ്റിൽ പലരീതിയിലും വെറൈറ്റിയിലും ഉള്ള കുട്ടികൾക്ക് ആവശ്യമായ സാധനങ്ങൾ നിരന്നിരിക്കുകയാണ്. സാധാരണക്കാരായ ആളുകൾക്കും പണക്കാർക്കും ഒരുപോലെ വാങ്ങുവാൻ പറ്റുന്ന രീതിയിൽ പല വിലയിലുള്ള സാധനം മാർക്കറ്റിൽ എത്തിയിട്ടുണ്ട് എന്നത് പാവങ്ങളെ സംബന്ധിച്ചിടത്തോളം ഒരു ആശ്വാസമാണ്. കാരണം സ്കൂളിൽ പാവപ്പെട്ടവനും പണക്കാരനും എന്ന വേർതിരിവില്ലല്ലോ…