മമ്മൂട്ടിയുടെ വീട്ടിൽ 75,000 രൂപയ്ക്ക് താമസിക്കാം എന്ന് പറഞ്ഞാൽ എത്രപേർ വിശ്വസിക്കും? സംഭവം സത്യമാണ്. മമ്മൂട്ടി മുമ്പ് താമസിച്ചിരുന്ന പനമ്പള്ളി നഗറിലെ വീട് ഇപ്പോൾ പുതുക്കിപ്പണിത് ടൂറിസ്റ്റുകൾക്ക് താമസിക്കാനായി തുറന്നു കൊടുത്തിരിക്കുകയാണ്. 75000 രൂപയാണ് ഒരു ദിവസത്തേക്ക് മമ്മൂട്ടിയുടെ പഴയ വീട്ടിൽ താമസിക്കുന്നതിനുള്ള വാടകയായി നൽകേണ്ടത്. വെക്കേഷൻ എക്സ്പീരിയൻസ് എന്ന ഗ്രൂപ്പാണ് മമ്മൂട്ടിയുടെ വീട്ടിലെ താമസത്തിന് സൗകര്യമൊരുക്കുന്നത്.
ബോട്ടിക്ക് മോഡലിലാണ് ഇപ്പോൾ വീട് പുതുക്കി പണിതിരിക്കുന്നത്. മമ്മൂട്ടിയുടെ മുൻപുള്ള വീടിന്റെ സ്വതസിദ്ധമായ ശൈലി നിലനിർത്തിക്കൊണ്ട് അതിൽ കുറച്ച് അധിക കാര്യങ്ങൾ ചെയ്തു കൊണ്ടാണ് വീട് പുതുക്കിപ്പണിരിക്കുന്നത്. ഇവിടെ സ്റ്റേക്കേഷനായുള്ള ബുക്കിങ്ങ് തുടങ്ങിക്കഴിഞ്ഞു. ഓൺലൈൻ സൈറ്റുകൾ വഴി താൽപര്യമുള്ള ആളുകൾക്ക് കൊച്ചി പനമ്പിള്ളി നഗറിൽ സ്ഥിതിചെയ്യുന്ന വീട് ബുക്ക് ചെയ്ത് താമസം ഉറപ്പിക്കാൻ കഴിയും. മമ്മൂട്ടിയുടെ ജീവിതത്തിലെ വലിയൊരു പങ്ക് ചെലവഴിച്ച വീടാണിത്.
മമ്മൂട്ടിയുടെ മുറിയും ദുൽഖറിന്റെ മുറിയും മകളുടെ മുറിയും ഉൾപ്പെടെ ഇപ്പോൾ ആളുകൾക്ക് താമസിക്കാനായി ഉപയോഗപ്പെടുത്താം. ഈ വീട്ടിൽ നിന്നും നിന്ന് വൈറ്റില, അമ്പേലിപ്പാടം റോഡിലെ പുതിയ വീട്ടിലേക്ക് കുടുംബവുമൊത്ത് മെഗാസ്റ്റാർ മാറിത്താമസിച്ചിട്ട് കുറച്ച് വർഷമായിട്ടേയുള്ളൂ. വീട്ടിൽ ഹോം തിയേറ്റർ സൗകര്യമുൾപ്പെടെ സെറ്റ് ചെയ്തിട്ടുണ്ട്. 2008 മുതൽ 2020 വരെ മമ്മൂട്ടി കുടുംബവുമൊത്ത് താമസിച്ചത് ഇവിടെയാണ്. ദുൽഖറിന്റെ വിവാഹവും സിനിമ അരങ്ങേറ്റവുമുൾപ്പെടെ നടന്നത് ഈ വീട്ടിൽ നിന്നാണ്. ഇവിടെയാണ് ഇപ്പോൾ ലക്ഷ്വറി സ്റ്റേ സംവിധാനം ഒരുക്കി ഒരു ഹോംസ്റ്റേ എന്നുള്ള രീതിയിൽ ബുക്കിംഗ് തുറന്നിരിക്കുന്നത്.