സംസ്ഥാനത്ത് വേനൽ ചൂട് കൊടുമ്പിരി കൊണ്ടു നിൽക്കുന്ന സമയമാണിത്. ഈ സമയത്ത് ബസ്സിലെ യാത്ര ആലോചിക്കാൻ കൂടി മിക്ക ആളുകൾക്കും പറ്റില്ല. പകൽ സമയങ്ങളിൽ വെയിലിന്റെ ചൂട് കാരണം ആളുകൾ സ്വന്തം വാഹനത്തിൽ എസി ഉപയോഗിച്ചാണ് യാത്ര ചെയ്യാൻ താല്പര്യപ്പെടുന്നു. എന്നാൽ ഈ ചൂട് സമയത്ത് മലയാളികൾക്ക് ആശ്വാസം നൽകുന്ന ഒരു വാർത്ത പുറത്തുവരികയാണ്. കെഎസ്ആർടിസി ബസുകൾ എസി ആകാൻ പോകുന്നു.
ദീർഘദൂര സർവീസ് നടത്തുന്ന സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസുകൾ ആയിരിക്കും പദ്ധതിയിൽ എസി ആക്കുക. ഈ പദ്ധതിയുടെ ഭാഗമായി ആദ്യ ബസ് അടുത്താഴ്ച. പദ്ധതി വിജയമാണ് എങ്കിൽ കൂടുതൽ ബസുകൾ എസി ആക്കി നിരത്തിലിറക്കാൻ ആണ് കെഎസ്ആർടിസി ആലോചിക്കുന്നത്. നിലവിൽ കെഎസ്ആർടിസിയുടെ ലോ ഫ്ലോർ ബസ്സുകൾ ഏസിയായി സർവീസ് നടത്തുന്നുണ്ട്. പക്ഷേ പദ്ധതിയുടെ ഭാഗമായി ദീർഘദൂര സർവീസ് നടത്തുന്ന ബസ്സുകൾ എസി ആക്കാൻ ആണ് കെഎസ്ആർടിസി മുന്നിട്ടിറങ്ങിയിരിക്കുന്നത്.
നേരിട്ട് എൻജിനുമായി ബന്ധമില്ലാതെ, ഓൾട്ടർനേറ്ററുമായി ഘടിപ്പിച്ച 4 ബാറ്ററി ഉപയോഗിച്ചുപ്രവർത്തിക്കുന്ന ഹൈബ്രിഡ് എസി സംവിധാനമാണ് ചാലക്കുടി വെള്ളാഞ്ചിറയിലെ ഹെവി കൂൾ എന്ന കമ്പനിയിൽ ഒരുക്കുന്നത്. അതായത് ഈ ടെക്നോളജി പ്രകാരം വാഹനം പ്രവർത്തിപ്പിക്കാതെയും എസി മാത്രം പ്രവർത്തിപ്പിക്കാൻ കഴിയും. മാത്രമല്ല ഇന്ധന ചിലവ് കാര്യമായി ഉണ്ടാകാത്ത രീതിയിലാണ് എസി ബസുകളുടെ നിർമ്മാണം. 6 ലക്ഷത്തോളം രൂപയായിരിക്കും ഒരു ബസ് എസി ആക്കാൻ ആയി ചെലവിടേണ്ടി വരിക.
പദ്ധതി നടപ്പിലാക്കുന്നതിനു മുന്നോടിയായി ട്രക്കുകളിൽ നടപ്പാക്കി വിജയിച്ചതിന്റെ അനുഭവവുമായാണു ഹെവി കൂൾ കമ്പനി കെഎസ്ആർടിസി ബസിൽ പരിഷ്കാരം വരുത്തുന്നത്. പദ്ധതി വലിയ വിജയമാകും എന്നാണ് കെഎസ്ആർടിസി പ്രതീക്ഷിക്കുന്നത്. നിലവിൽ വലിയ രീതിയിലുള്ള മുന്നേറ്റം കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഈ മുന്നേറ്റവും കെഎസ്ആർടിസി ബസുകൾക്ക് ഒരിടവേളക്ക് ശേഷം ആളുകളുടെ ഇടയിൽ പ്രിയം കൂടുന്നതും ആണ് പദ്ധതി നടപ്പിലാക്കാൻ കെഎസ്ആർടിസിക്ക് പ്രേരണയായത്.