ആശുപത്രികൾ മികച്ച സൗകര്യത്തോടെ വേണം എന്നത് എല്ലാ ആളുകളുടെയും ആഗ്രഹമാണ്. കാരണം ഏതുസമയമാണ് ഒരാൾക്ക് രോഗം പിടിപെടുന്നത് എന്ന് പറയാൻ സാധിക്കില്ല. കഴിഞ്ഞ 10 വർഷത്തിനിടെ കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി ആശുപത്രികൾ ആണ് ഒരുങ്ങിയത്. കേരളത്തിൽ ഇപ്പോഴും നിരവധി ആശുപത്രികൾ പണിപ്പുരയിലാണ്. കോഴിക്കോടും, തിരുവനന്തപുരത്തും, കാസർകോട്, കണ്ണൂരും ഉൾപ്പെടെ കേരളത്തിലെ പ്രധാനപ്പെട്ട ജില്ലകളിൽ ഒന്നിൽ കൂടുതൽ ആശുപത്രികൾ ഇപ്പോൾ പണിപ്പുരയിലാണ്.
ആശുപത്രികൾ പുതിയതായി വരുന്നതിനോടൊപ്പം തന്നെ നിലവിലുള്ള ആശുപത്രികൾ തന്നെ ഇന്ന് വലിയൊരു ബിസിനസ് മാർഗമായി മാറിക്കഴിഞ്ഞു. നിലവിൽ പ്രവർത്തനം നടന്നിരിക്കുന്ന ആശുപത്രികളിൽ പോലും വലിയ രീതിയിലുള്ള ഇൻവെസ്റ്റ്മെന്റുകൾ ആണ് പല പ്രമുഖ ഗ്രൂപ്പുകളും നടത്തുന്നത്. കഴിഞ്ഞദിവസം പുറത്തുവന്ന വലിയ വാർത്തകളിൽ ഒന്ന് കോഴിക്കോട് പ്രവർത്തിക്കുന്ന മേയ്ത്ര എന്ന ആശുപത്രി കെ കെ ആർ ഗ്രൂപ്പ് ഏറ്റെടുത്തു എന്നതാണ്. കോടിക്കണക്കിന് രൂപയുടെതായിരുന്നു ഡീൽ. എന്നാൽ രസകരമായ ഒരു വസ്തുത ഇത് ആദ്യമായി അല്ല അടുത്തിടെ ഒരു ആശുപത്രിയുടെ ഓഹരി മറ്റൊരു കമ്പനി വാങ്ങുന്നത് എന്നതാണ്.
ആയിരം മുതൽ 1200 കോടി വരെ രൂപയ്ക്കാണ് കെ കെ ആർ ഗ്രൂപ്പ് മേയ്ത്ര ആശുപത്രിയുടെ ഓഹരി വാങ്ങിച്ചത് എന്നാണ് അവരുടെ സൈറ്റിൽ നിന്ന് തന്നെ ലഭിക്കുന്ന വിവരം. ആശുപത്രി കെ കെ ആർ ഗ്രൂപ്പ് ഏറ്റെടുക്കുന്നത് വഴി ഇന്ത്യയിൽ ഉടനീളം മെയ്ത്ര ഗ്രൂപ്പ് വളരും എന്നതാണ് വിലയിരുത്തൽ. കെ കെ ആർ ഗ്രൂപ്പ് കേരളത്തിൽ മാത്രം ആശുപത്രികൾക്കായി നടത്തുന്ന മൂന്നാമത്തെ വലിയ ഇൻവെസ്റ്റ്മെന്റ് ആണിത്. മുൻപ് ഹെൽത്ത് കെയർ മേഖലയിൽ സജീവമായിരുന്നു ഗ്രൂപ്പാണ് കെ കെ ആർ എങ്കിലും കഴിഞ്ഞ മൂന്ന് വർഷത്തോളമായി അവർ മാർക്കറ്റിൽ ഇല്ലായിരുന്നു. വീണ്ടും കഴിഞ്ഞവർഷം ബേബി ആശുപത്രിയുടെ ഷെയർ വാങ്ങിയതോടുകൂടിയാണ് ഇവർ വീണ്ടും ഹെൽത്ത് കെയർ മേഖലയിൽ സജീവമായി എത്തിയത്.
ഇന്ത്യയിലെ തന്നെ ആരോഗ്യ മേഖലയിൽ ഏറെ മുന്നോട്ടേക്ക് നടന്നിരിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കേരളം നിപ്പ എന്ന ഗുരുതര രോഗത്തെ നേരിട്ടതും കോവിഡിനെ നേരിട്ടതും ഉൾപ്പെടെ വലിയ രീതിയിൽ വാർത്തകളിൽ നിറഞ്ഞിരുന്നു. ശൈലജ ടീച്ചർ ആരോഗ്യമന്ത്രിയായിരുന്ന സമയത്ത് കേരളം ആരോഗ്യമേഖലയിൽ ഏറെ ദൂരം മുന്നോട്ടേക്ക് നടന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യ സംസ്ഥാനമായി കേരളം വളരെ പെട്ടെന്ന് മാറി. ഇതുതന്നെ ആയിരിക്കാം പ്രമുഖ കമ്പനികളെ ആരോഗ്യ മേഖലയിൽ കേരളത്തിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന്.
അടുത്തിടെ കണ്ടുവരുന്ന വലിയൊരു പ്രവണതയായി വിജയകരമായി പ്രവർത്തിക്കുന്ന ഒരു ആശുപത്രിയുടെ ഓഹരി മറ്റൊരു കമ്പനി വാങ്ങുന്നത് മാറുകയാണ്. വലിയൊരു ബിസിനസ് സാധ്യതയായി തന്നെ ആശുപത്രികളോ മറ്റു ബിസിനസ് ഓർഗനൈസേഷൻ ഇത്തരത്തിൽ വിൽക്കുന്നത് മാറുകയാണ്. കഴിഞ്ഞദിവസം മേയ്ത്ര ആശുപത്രിയുടെ ഓഹരി വാങ്ങിയ കെ കെ ആർ ഗ്രൂപ്പ് ഇന്ത്യയിലെ തന്നെ പ്രമുഖമായ ഒരു ഗ്രൂപ്പാണ്. ഇവർ ഒരു വർഷം മുമ്പേ ഇത്തരത്തിൽ കോഴിക്കോട് തന്നെ പ്രമുഖമായ ബേബി ആശുപത്രിയിൽ ഓഹരി വാങ്ങിക്കൂട്ടിയിരുന്നു.
കണ്ണൂർ ചാലയിൽ പ്രവർത്തിക്കുന്ന ബേബി മെമ്മോറിയൽ ആശുപത്രി തുടക്ക സമയങ്ങളിൽ ജിം കെയർ എന്ന പേരിലായിരുന്നു അറിയപ്പെട്ടത്. മംഗലാപുരം ആസ്ഥാനമായുള്ള ആളുകളായിരുന്നു കണ്ണൂർ ചാലയിൽ ഇത്തരത്തിൽ ഒരു ആശുപത്രി ആരംഭിച്ചത്. എന്നാൽ പിന്നീട് ഈ ആശുപത്രി ബേബി ഗ്രൂപ്പ് ഏറ്റെടുക്കുകയായിരുന്നു. ബേബി ഗ്രൂപ്പ് ആശുപത്രി ഏറ്റെടുത്തശേഷം വലിയ രീതിയിലുള്ള വളർച്ച ആശുപത്രിക്ക് ഉണ്ടായി. കണ്ണൂർ ബേബി ആശുപത്രിക്ക് എതിർവശമാണ് മിംസ് ആശുപത്രിയും പ്രവർത്തിക്കുന്നത്. ഇന്ന് മിംസ് എന്ന വലിയ ഗ്രൂപ്പിനോട് ഏറ്റുമുട്ടാൻ പാകത്തിന് ഒരു ശക്തിയായി കണ്ണൂരിൽ ബേബി മെമ്മോറിയൽ ആശുപത്രിയും മാറി.
2021 ജൂലൈ മാസത്തിൽ പ്രശസ്തമായ കൊച്ചിയിലെ ആശുപത്രിയായ പി വി എസ് ആശുപത്രി കൊച്ചിയിലെ തന്നെ മറ്റൊരു പ്രമുഖ ആശുപത്രി ഗ്രൂപ്പ് ആയ ലിസി ആശുപത്രി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. ഈ ഡീലും നടന്നത് കോടികളുടെ രൂപയ്ക്കാണ്. കാറിറ്റേസ് എന്നാ കോട്ടയത്തുള്ള പ്രമുഖ ആശുപത്രി ഗ്രൂപ്പ് കോട്ടയത്ത് ഉള്ള മാതാ ആശുപത്രി 2024 സെപ്റ്റംബറിൽ ഏറ്റെടുത്തിരുന്നു. ഈ ഗ്രൂപ്പ് സെപ്റ്റംബറിൽ മത ആശുപത്രി ഏറ്റെടുത്തശേഷം 2025 സെപ്റ്റംബറിലേക്ക് എത്തുമ്പോൾ വലിയ വിജയത്തിലേക്ക് ആശുപത്രി കുതിക്കുന്ന ഘട്ടത്തിലാണ് ഇപ്പോൾ ഉള്ളത്.
2023 ഓഗസ്റ്റിൽ ആസ്റ്റർ ഡി എം ഗ്രൂപ്പ് കൊല്ലത്തുള്ള പത്മാവതി മെഡിക്കൽ ഫൗണ്ടേഷൻ ഏറ്റെടുത്ത് നടത്താനുള്ള അഗ്രിമെന്റ് ഒപ്പു വച്ചിരുന്നു. പ്രൈവറ്റ് ഇക്വിറ്റി ഷെയർ എന്നുള്ള രീതിയിൽ നവംബർ 2024 ൽ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ആൻഡ് ക്വാളിറ്റി കെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന ബ്ലാക്ക് സ്റ്റോൺ ബാക്ക് ചെയ്യുന്ന സ്ഥാപനം ആസ്റ്റർ ഡി എം ക്വാളിറ്റി കെയർ ലിമിറ്റഡുമായി മർജ് ചെയ്യാനുള്ള അഗ്രിമെന്റിൽ ഏർപ്പെട്ടിരുന്നു. അടുത്തിടെ ഇത്തരത്തിൽ ആശുപത്രി ഏറ്റെടുക്കുന്ന വിധത്തിൽ നിരവധി ഡീലുകളാണ് പല കമ്പനികളും ഏർപ്പെട്ടിരിക്കുന്നത്. ആശുപത്രി എന്നത് വലിയൊരു ബിസിനസ് ആയി ഇന്നത്തെക്കാലത്ത് മാറുന്നു എന്നുള്ളതിന് ഉത്തമ ഉദാഹരണം ആണിത്.
ഇപ്പോൾ എയിംസ് കേരളത്തിൽ നൽകാൻ ഒരുങ്ങുകയാണ് എന്ന് കേന്ദ്രസർക്കാർ ഉൾപ്പെടെ പറയുന്ന സാഹചര്യമുണ്ട്. പക്ഷേ അതിന്റെ പേരിൽ വലിയൊരു തർക്കം നിലനിൽക്കുകയാണ്. ആശുപത്രികൾ പല പ്രമുഖ ഗ്രൂപ്പുകളും ഏറ്റെടുക്കുന്നതിനപ്പുറം കേരളത്തിലേക്ക് എയിംസ് എത്തുന്നു എന്നത് വലിയ കാര്യമാണ് എങ്കിലും തർക്കം നിലനിൽക്കുന്നത് വലിയ ആശങ്കയും സൃഷ്ടിക്കുന്നുണ്ട്. അതായത് കേരള സർക്കാരിന്റെ അഭിപ്രായപ്രകാരം കോഴിക്കോട് എയിംസ് വരണം എന്നതാണ് മുന്നിട്ടു നിൽക്കുന്ന കാര്യം. കേന്ദ്രമന്ത്രി സുരേഷ് ഗോപി പറയുന്നതാകട്ടെ ആലപ്പുഴയിൽ എയിംസ് വരണം എന്നുള്ള രീതിയിലാണ്. ഇനി ആലപ്പുഴയിൽ അല്ലെങ്കിൽ രണ്ടാമത്തെ ഓപ്ഷൻ ആയി സുരേഷ് ഗോപി പറയുന്നത് തൃശ്ശൂർ ആണ്. ഇത് പദ്ധതിക്ക് വലിയൊരു ചോദ്യചിഹ്നം ഉയർത്തിയിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഇനി കോഴിക്കോട് തന്നെയുള്ള സ്റ്റാർ കെയർ ആശുപത്രി ഏറ്റെടുക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണ് കെ കെ ആർ ഗ്രൂപ്പ്. കേരളത്തിലെ ഗവൺമെന്റ് ആശുപത്രികൾ ഉൾപ്പെടെ പ്രൈവറ്റ് ആശുപത്രികളിൽ നിന്നും വലിയ തോതിലുള്ള ഭീഷണി നേരിടുന്നുണ്ട് എന്ന് മുഖ്യമന്ത്രി തന്നെ അടുത്തിടെ പറഞ്ഞിരുന്നു. കോടികളുടെ ഇൻവെസ്റ്റ്മെന്റ് ആണ് പല പ്രൈവറ്റ് ആശുപത്രികൾക്കും കേരളത്തിലുള്ളത്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഒരു ആശുപത്രി ഡീലിൽ ഏർപ്പെടുന്നത് വഴി പ്രൈവറ്റ് ആശുപത്രിയുടെ സൗകര്യം വലിയ രീതിയിൽ മെച്ചപ്പെടുന്നു. പലപ്പോഴും സർക്കാർ ആശുപത്രികൾക്ക് ഇത്തരത്തിൽ പ്രൈവറ്റ് ആശുപത്രികളുടെ ഒപ്പം ഓടിയെത്താൻ കഴിയാറില്ല.