ജീവിതത്തിൽ ഇതുവരെ നേരിട്ടതിൽ ഏറ്റവും വലിയ പ്രതിസന്ധി കാലഘട്ടത്തിൽ കൂടിയാണ് അനിൽ അംബാനി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അനിൽ അംബാനി നയിക്കുന്ന റിലയൻസ് ഗ്രൂപ്പിനെതിരായ അന്വേഷണക്കുരുക്കുകൾ കൂടുതൽ മുറുകുകയാണ്. എൻഫോസ്മെന്റ് ഡയറക്ടറേറ്റ് സിബിഐ സെബി എന്നിവയ്ക്ക് പുറമേ ഇപ്പോൾ കേന്ദ്രത്തിന്റെ കോർപ്പറേറ്റ് കാര്യമന്ത്രാലയവും പണ തട്ടിപ്പുമായി ബന്ധപ്പെട്ട് അനിൽ അംബാനിക്ക് പിറകെയാണ്. കേന്ദ്രവും ഈ കാര്യവുമായി ബന്ധപ്പെട്ട അന്വേഷണം തുടങ്ങി കഴിഞ്ഞു.
റിലയൻസ് ഗ്രൂപ്പിന് കീഴിൽ വരുന്ന റിലയൻസ് ഇൻഫ്രസ്ട്രക്ചർ, റിലയൻസ് കമ്മ്യൂണിക്കേഷൻസ്, റിലയൻസ് കൊമേഴ്സ്യൽ ഫൈനാൻസ്, സി എൽ ഇ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായി ബന്ധപ്പെട്ട് പണം തിരുമറികൾ നടന്നു എന്നുള്ള കേസിലാണ് മന്ത്രാലയം ഇപ്പോൾ അന്വേഷിക്കുന്നത്. നിലവിലുള്ള കമ്പനി കാര്യ നിയമങ്ങൾ ലംഘിച്ചുകൊണ്ട് നിരവധി പണം ഇടപാടുകൾ നടന്നു എന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു ഇതിന് പിന്നാലെ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിൽ വരുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും ഇതിനോടകം അനിൽ അംബാനിക്കെതിരെ അന്വേഷണം തുടങ്ങിയെന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.
ഇ.ഡി കഴിഞ്ഞദിവസം റിലയൻസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട 7,500 കോടി രൂപയുടെ വസ്തുവകകൾ കണ്ടുകെട്ടിയിരുന്നു. അനിൽ അംബാനി നയിച്ച ടെലികോം കമ്പനിയായ റിലയൻസ് കമ്യൂണിക്കേഷൻസ് (ആർകോം) 2010-12 കാലയളവിൽ വിവിധ ബാങ്കുകളിൽ നിന്നെടുത്ത വായ്പകൾ തിരിമറി നടത്തിയെന്ന ആരോപണങ്ങളാണ് ഇ.ഡി അന്വേഷിക്കുന്നത്. 5 ബാങ്കുകൾ ആർകോമിന്റെ വായ്പാ അക്കൗണ്ടുകളെ ‘ഫ്രോഡ്’ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു.






