ബിസിനസ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് നാളെ മുതൽ 22 വരെ നടക്കും. 26 രാജ്യങ്ങളിൽ നിന്നും ഉള്ള നയതന്ത്ര പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള പ്രമുഖ ബിസിനസ്സുകാരും പങ്കെടുക്കും. കൊച്ചിയിലെ ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് ഉച്ചകോടി നടക്കുക. സംസ്ഥാനത്തെ വ്യാവസായിക വളർച്ചയ്ക്ക് നിർണായകമായ വിവിധ മേഖലകളിൽ ആഭ്യന്തരവും അന്തർദേശീയവുമായ നിക്ഷേപങ്ങളെ ആകർഷിക്കുക എന്നതാണ് ഈ സമിറ്റിന്റെ പ്രധാന ലക്ഷ്യം. കേരള സംസ്ഥാന വ്യാവസായ വികസന കോർപ്പറേഷൻ (KSIDC) ആണ് വ്യാവസായിക വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഈ സമിറ്റ് സംഘടിപ്പിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി 21-ന് സമിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കും, വ്യാവസായിക മന്ത്രി പി. രാജീവ് അധ്യക്ഷനായിരിക്കും. കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരി (റോഡ് ഗതാഗതവും ഹൈവേകളും), പീയുഷ് ഗോയൽ (വാണിജ്യവും വ്യാവസായവും), ജയന്ത് ചൗധരി (നൈപുണ്യ വികസനവും സംരംഭകത്വവും) എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മാരി, ബഹ്‌റൈൻ വാണിജ്യ വ്യാവസായ മന്ത്രി അബ്ദുള്ള ബിൻ അദൽ ഫഖ്രോ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രമുഖ വ്യവസായി എം.എ. യൂസഫലി, സി.ഐ.ഐ പ്രസിഡന്റ് സഞ്ജീവ് പുരി, അദാനി പോർട്ട്സ് ആൻഡ് എസ്.ഇ.ജി. ലിമിറ്റഡ് എം.ഡി. കരൺ അദാനി എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും.
സമിറ്റിൽ 3,000-ത്തിലധികം പ്രതിനിധികൾ പങ്കെടുക്കും. ജർമ്മനി, വിയറ്റ്നാം, നോർവേ, യുഎഇ, ഫ്രാൻസ്, മലേഷ്യ എന്നിവയുൾപ്പെടെ ആറ് രാജ്യങ്ങളുമായി ബന്ധപ്പെട്ട നിക്ഷേപ സാധ്യതകളെപ്പറ്റിയുള്ള പ്രത്യേക സെഷനുകളും 29 പ്രത്യേക സെഷനുകളും 100-ത്തിലധികം സ്ഥാപനങ്ങളുടെ പ്രദർശനവും സമിറ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ വ്യാവസായിക വിജയകഥകളും പരമ്പരാഗത വ്യവസായങ്ങളിലെ ഹസ്തകലാപ്രദർശനങ്ങളും സമിറ്റിൽ പ്രദർശിപ്പിക്കും. കൃത്യമായ രീതിയിൽ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന വിവിധതരം സെക്ഷനുകളും ചർച്ചകളും ഉച്ചകോടിയുടെ പ്രധാന ആകർഷണമാണ്.