കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിലെ സൈബർ ക്രൈമിന്റെ എണ്ണം ഇരട്ടിയായിരിക്കുന്നു എന്നുള്ളതാണ് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. പല രീതിയിലാണ് ഇപ്പോൾ സൈബർ ക്രൈം നടക്കുന്നത്. സൈബർ ക്രൈം പല രീതിയിലും പല രൂപത്തിലും പുതിയ മേച്ചിൽ പുറങ്ങൾ തേടുകയാണ്. പോലീസ് ആണെന്ന് ചമഞ്ഞുള്ള തട്ടിപ്പുകൾ കഴിഞ്ഞ മൂന്നു മാസങ്ങളിൽ വളരെയധികം ആയിരുന്നുവെങ്കിൽ ഇപ്പോൾ അത് കുറഞ്ഞ് പുതിയ രീതിയിലായി തട്ടിപ്പ്.
നിങ്ങൾക്ക് ബിസിനസ് തുടങ്ങാൻ ഇൻവെസ്റ്റ്മെന്റ് ഞങ്ങൾ തരാം അതിനായി നിങ്ങൾ ചെറിയൊരു തുക മാത്രം അടച്ച് ഞങ്ങളുടെ അക്കൗണ്ട് എടുത്താൽ മതി എന്നുള്ള രീതിയിലാണ് ഇപ്പോൾ പുതിയ തട്ടിപ്പ് നടക്കുന്നത്. ബിസിനസ് തുടങ്ങാൻ ആഗ്രഹമുള്ള ആളുകളെ തേടിയാണ് ഇത്തരത്തിലുള്ള വാട്സ്ആപ്പ് സന്ദേശമോ കോളോ എത്തുക. പണത്തിന് ബുദ്ധിമുട്ടുള്ള ആളുകൾ ഈ കെണിയിൽപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ ഇത്തരക്കാരെ കൃത്യമായി തിരിച്ചറിയണമെന്ന് സൈബർ പോലീസ് തന്നെ വ്യക്തമാക്കുന്നു. ജോലി വാഗ്ദാനം നൽകിയുള്ള തട്ടിപ്പുകൾക്ക് പുറമെയാണ് ഇത്തരത്തിൽ ബിസിനസ് അവസരങ്ങൾക്കായി പണം മുടക്കാം എന്നു പറഞ്ഞുള്ള തട്ടിപ്പും അരങ്ങേറുന്നത്.
ഇതിനുപുറമേ ക്രെഡിറ്റ് കാർഡ് തരാം എന്ന് പറഞ്ഞ് നടക്കുന്ന തട്ടിപ്പുകളും ഇപ്പോൾ വളരെ സുലഭമാണ്. നിങ്ങളുടെ സിം ഉടൻ തന്നെ വിച്ഛേദിക്കപ്പെടുമെന്നും ഇത് തടയുവാനായി ഉടൻതന്നെ ഞങ്ങളെ ബന്ധപ്പെടുക എന്നും പറഞ്ഞു നടക്കുന്ന തട്ടിപ്പുകളിൽ പൊറുതിമുട്ടി ഇപ്പോൾ ടെലികോം ഡിപ്പാർട്ട്മെന്റ് മാൻഡേറ്ററിയായി ഫോൺ വിളിക്കുന്നതിന് മുമ്പേ ഒരു സന്ദേശം നൽകുന്നുണ്ട്. സൈബർ ക്രൈം ചെറുക്കാനായി സൈബർ ഡിപ്പാർട്ട്മെന്റ് കേരളത്തിൽ വളരെ വ്യാപകമായി പണിയെടുക്കുന്നുണ്ട് എങ്കിലും ഇത്തരത്തിലുള്ള കെണിയിൽ പെടുന്ന ആളുകൾ വളരെ കൂടുതലാണ്.
ഇത്തരത്തിൽ കോടികളുടെ നഷ്ടമാണ് പലയാളുകൾക്കും സൈബർ ക്രൈമിലൂടെ ഉണ്ടാവുന്നത്. മിക്ക സമയങ്ങളിലും നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ കഴിയാത്തതാണ് സൈബർ തട്ടിപ്പിന്റെ ഏറ്റവും വലിയ പോരായ്മ. പല രീതിയിലും പല രൂപത്തിലും വരുന്ന ഇത്തരത്തിലുള്ള കോളുകൾ നമ്മൾ ശ്രദ്ധിക്കണം എന്നാണ് സൈബർ ക്രൈം ഡിപ്പാർട്ട്മെന്റ് തന്നെ പറയുന്നത്. കാരണം സൈബർ തട്ടിപ്പുകാർ ഇന്ന് പല രൂപത്തിലും ഭാവത്തിലും ആണ് നമ്മളിലേക്ക് എത്തുന്നത്. വിശ്വസിപ്പിക്കാൻ ബുദ്ധിമുട്ടുള്ള ആളുകളെ പോലും വിശ്വസിപ്പിച്ച് കബളിപ്പിക്കപ്പെടുന്നു എന്നത് എല്ലാവരും ജാഗരൂകരായി ഇരിക്കേണ്ട ഒരു കാരണമായി മാറുകയാണ്.
നമ്മുടെ പ്രിയപ്പെട്ട ആളുകളുടെ വാട്സ്ആപ്പ് പോലും ഹാക്ക് ചെയ്തുകൊണ്ട് ഇപ്പോൾ പണം ചോദിക്കുന്നത് വരെ സുലഭമായി. ഏതു മുഖേന ഇത്തരത്തിലുള്ള ആളുകൾ സമീപിക്കുന്നത് ഇപ്പോൾ പറയാൻ പോലും പറ്റാത്ത രീതിയിൽ ആയി കാര്യങ്ങൾ. അതുകൊണ്ടുതന്നെ ട്രാൻസാക്ഷനുകൾ നടത്തുമ്പോൾ അല്ലെങ്കിൽ മറ്റു കോളുകൾ വരുമ്പോഴോ കൃത്യമായ ശ്രദ്ധ പുലർത്തണമെന്നാണ് സൈബർ ക്രൈം ഡിപ്പാർട്ട്മെന്റ് പറയുന്നത്.