കഴിഞ്ഞ കുറച്ച് അധികകാലമായി വെളിച്ചെണ്ണയ്ക്ക് വൻ വില വർധനവാണ് ഉണ്ടാകുന്നത്. മിക്ക ഫസ്റ്റ് ക്വാളിറ്റി തേങ്ങകളും വിദേശത്തേക്ക് കയറ്റി അയക്കുന്നതിനാണ് വെളിച്ചെണ്ണയ്ക്ക് വില കൂടുവാൻ പ്രധാന കാരണങ്ങളിൽ ഒന്നായി മാറിയത്. ഇപ്പോൾ സർവകാല റെക്കോർഡിൽ എത്തിയിരിക്കുകയാണ് വെളിച്ചെണ്ണയുടെ വില. 330 മുതൽ മുകളിലോട്ട് ആണ് സാധാരണ വെളിച്ചെണ്ണ ആട്ടുന്ന കടകളിലെ എണ്ണയുടെ നിരക്ക്. ഇനി ഓൺലൈനിൽ വാങ്ങാം എന്ന് വിചാരിച്ചാൽ വില ഇതിലും കൂടും.
വെളിച്ചെണ്ണയ്ക്ക് പുറമേ തേങ്ങയ്ക്കും വലിയ വിലയാണ് മാർക്കറ്റിൽ നൽകേണ്ടത്. കൊപ്പരക്കും വില കൂടുതലാണ്. വെളിച്ചെണ്ണ മലയാളികൾക്ക് അവരുടെ തീൻമേശയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഭാഗമാണ്. സാധാരണക്കാരായ മലയാളികളെ സംബന്ധിച്ചിടത്തോളം വെളിച്ചെണ്ണ വില വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. മിക്ക ഭക്ഷണങ്ങളിലും വെളിച്ചെണ്ണ ഉപയോഗിക്കുന്ന മലയാളികൾക്ക് ഒരു ലിറ്റർ വെളിച്ചെണ്ണ പോലും ഇപ്പോൾ അപ്രാപ്യമാകുന്ന രീതിയിലാണ് കാര്യങ്ങളുടെ കിടപ്പ്. തേങ്ങക്ക് വില കൂടിയതും കേരളത്തിലെ സാധാരണ മലയാളികൾക്ക് വലിയ തലവേദനയാണ്.
എന്നാൽ മിക്ക വീടുകളിലും കേരളത്തിൽ തേങ്ങ ഉള്ളത് നാളികേര കർഷകരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസം നൽകുന്ന മറ്റൊരു ഘടകമാണ്. ഇത്തവണ മഴയിൽ കൂടുതൽ നാശനഷ്ടമാണ് കാലവർഷം തുടങ്ങിയപ്പോൾ തന്നെ റിപ്പോർട്ട് ചെയ്തത്. ഒത്തിരി തെങ്ങുകളാണ് കാറ്റിൽ കടപുഴകി വീണത്. ഇത് വെളിച്ചെണ്ണ വില വർദ്ധനയ്ക്ക് കഴിഞ്ഞ ഒരാഴ്ചയായി പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നായി മാറിയിട്ടുണ്ട്. നാളികേര കർഷകർ ഒട്ടനവധിയുള്ള നാടാണ് കേരളം. വെളിച്ചെണ്ണയുടെയും തേങ്ങയുടെയും വില വർദ്ധനവ് ഇത്തരം കർഷകർക്ക് വീണുകിട്ടിയ ലോട്ടറി ആണ്.
സാധാരണഗതിയിൽ വലിയ വിലയൊന്നും വെളിച്ചെണ്ണയ്ക്ക് നൽകേണ്ടി വരുന്ന ഒരു ഗതി ഉണ്ടായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഒരുപക്ഷേ നമ്മുടെ നാട്ടിൽ തന്നെ സുലഭമായി തേങ്ങ ലഭിക്കുന്നതായിരുന്നു ഇതിനുള്ള പ്രധാന കാരണമായി പറയപ്പെടുന്നത്. എന്നാൽ കഴിഞ്ഞ ആറുമാസമായി സ്ഥിതി മറ്റൊന്നാണ്. സർവ്വകാല റെക്കോർഡിൽ എത്തിയിരിക്കുന്ന വെളിച്ചെണ്ണ വില ഫ്ലാറ്റിൽ താമസിക്കുന്ന മലയാളികൾക്കും തലവേദനയാണ്. വിളക്ക് കത്തിക്കാൻ പോലും വെളിച്ചെണ്ണ ഉപയോഗിക്കുന്ന ഒട്ടനവധി കുടുംബങ്ങൾ കേരളത്തിൽ ഉണ്ട്. ഇവർക്ക് വെളിച്ചെണ്ണ വില താങ്ങാൻ പറ്റുന്നതിലും അപ്പുറമാണ് എങ്കിലും കർഷകർക്ക് വെളിച്ചെണ്ണയുടെ വില വർദ്ധനവ് ആശ്വാസം തന്നെയാണ്.