കൊച്ചി: മികച്ച ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കാൻ കഴിഞ്ഞാൽ കൃത്യമായി വിജയിക്കുമെന്ന് വ്യവസായിയും വീഗാ ഗ്രൂപ്പ് സ്ഥാപകനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. വിജയി ഭവ സമിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സംരംഭകന് ഇമോഷണൽ മെച്യൂരിറ്റി നിർബന്ധമാണെന്നും ചെറിയ പ്രശ്നങ്ങൾ തളർന്നിരിക്കാൻ പാടില്ല എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ തനിക്കും അത്യാവശ്യം ഇമോഷണൽ മെച്യൂരിറ്റി വന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സംരംഭം വിജയിക്കണമെന്നു വന്നാൽ സമയത്തെ വിലമതിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചില വെല്ലുവിളികൾ ഉണ്ടായിരുന്നെങ്കിലും കേരളത്തിൽ തന്നെ തന്റെ ബിസിനസ് വിജയിച്ചുവെന്ന കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി വ്യക്തമാക്കി. മികച്ച ഉൽപ്പന്നങ്ങൾക്കൊപ്പം കൃത്യമായ ക്രിയേറ്റിവിറ്റിയും അത് ജനങ്ങളിലേക്ക് എത്തിക്കുന്ന തന്ത്രവും സംരംഭകർക്കുണ്ടാകണമെന്നു പറഞ്ഞ അദ്ദേഹം, ശ്രീകണ്ഠൻ നായർ തന്റെ ക്രിയേറ്റിവിറ്റിയിലൂടെ 24 ന്യൂസ് നെ വിജയിപ്പിച്ചതിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി.
സംവാദത്തിനൊപ്പം വളർന്നുവരുന്ന സംരംഭകരുടെ സ്റ്റാളുകളും ചടങ്ങിൽ ഒരുക്കിയിരുന്നു. നിരവധി ആളുകളാണ് കാക്കനാട് ചിറ്റിലപ്പള്ളി സ്ക്വയറിൽ നടന്ന പരിപാടിയിൽ പങ്കെടുത്തത്. മികച്ച സംരംഭകർക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. വളരെ മികച്ച രീതിയിൽ ഓർഗനൈസ് ചെയ്ത പരിപാടിയായിരുന്നു കൊച്ചിയിൽ നടന്നത് എന്ന് സംരംഭകരായ ആളുകൾ പരിപാടിയിൽ പങ്കെടുത്ത ശേഷം പറഞ്ഞു