ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ ഫാന്റസി ഗെയിമിംഗ് ആപ്പുകളുടെ എണ്ണവും ഉപയോഗവും ദിനംപ്രതി കൂടി വരികയാണ്. ഇതിൽ അംഗീകരിക്കാൻ കഴിയാത്ത മറ്റൊരു കാര്യം ദിനംപ്രതി വർദ്ധിച്ചുവരുന്ന ബെറ്റിങ് ആപ്പുകളും സൈറ്റുകളും ആണ്. കുട്ടികളുടെ ഇടയിലും ഇവയുടെ ഉപയോഗം കൂടിവരിയാണ്. പല ഇത്തരത്തിലുള്ള ബെറ്റിങ് ആപ്പുകളും സൈറ്റുകളും ഇന്ത്യയിൽ അനധികൃതമാണ് എങ്കിലും പല കള്ള പേരുകളിലും ഇന്നും ഇത് ജനങ്ങൾക്ക് ലഭിക്കുന്നു. വലിയ രീതിയിലുള്ള പണം സ്വന്തമാക്കാം എന്നുള്ള വ്യാമോഹത്തിൽ നിരവധി ആളുകൾ ഇത്തരത്തിലുള്ള സൈറ്റുകളും ആപ്പുകളും ഉപയോഗിച്ച് ഗെയിമിംഗ് നടത്തുന്നതും വളരെ സുലഭമായി മാറിയിരിക്കുകയാണ്.
വലിയ രീതിയിലുള്ള നേട്ടമാണ് ബെറ്റിങ് വഴി കമ്പനികൾ സ്വന്തമാക്കുന്നത്. വലിയൊരു ലോബി തന്നെ ഇത്തരത്തിൽ അനധികൃതമായി ഇന്ത്യയിൽ പ്രവർത്തിച്ചുവരുന്നു. പ്രത്യേകിച്ച് ഇത്തരത്തിലുള്ള ആപ്പുകളും സൈറ്റുകളും ഐപിഎല്ലോ മറ്റു മത്സരങ്ങളോ നടക്കുമ്പോൾ വലിയ രീതിയിലുള്ള നേട്ടമാണ് സ്വന്തമാക്കുന്നത്. ഇന്ത്യയിൽ എമ്പാടും ദിനംപ്രതി രണ്ട് കേസുകൾ എന്നുള്ള രീതിയിലാണ് നിലവിൽ ഇത്തരത്തിലുള്ള ബെറ്റിങ് ആപ്പുകൾ കൊണ്ടുണ്ടാകുന്ന കേസുകൾ.
വലിയ രീതിയിലുള്ള റിസ്കാണ് ഇത്തരത്തിലുള്ള ആപ്പുകൾ സൃഷ്ടിക്കുന്നത്. കണക്കുകൾ പ്രകാരം 2020ൽ ഉള്ളതിനെ അപേക്ഷിച്ച് 2025 ആകുമ്പോഴേക്കും ഇത്തരത്തിലുള്ള ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിന് ആളുകളുടെ വർദ്ധനവ് ഇരട്ടി ആയിരിക്കുന്നു. അത് ശുഭ സൂചന അല്ല. പ്രത്യേകിച്ച് വലിയ രീതിയിലുള്ള അഡിക്ഷനും ഇത്തരത്തിലുള്ള ആപ്പുകൾ സൃഷ്ടിക്കുന്നുണ്ട്. ഒരിക്കൽ ഉപയോഗിച്ച് കഴിഞ്ഞാൽ പണം ലഭിക്കുന്ന സാഹചര്യമാണ് കൂടുതൽ എന്നതിനാൽ കൂടുതൽ പണം ഇത്തരത്തിൽ ഇൻവെസ്റ്റ് ചെയ്ത് നഷ്ടപ്പെടാനുള്ള സാധ്യത വളരെ വലുതാണ്.
റമ്മി ഗെയിമിങ്ങിലൂടെ അടുത്തിടെ കേരളത്തിൽ തന്നെയുള്ള ഒരാൾക്ക് നഷ്ടപ്പെട്ടത് കോടിക്കണക്കിന് രൂപയാണ്. ഇതുതന്നെയാണ് ദിനംപ്രതി നിരവധി ആളുകൾക്ക് ഉണ്ടാകുന്ന സ്ഥിതി. വലിയ രീതിയിൽ പണം മുടക്കി കളിക്കാൻ തുടങ്ങിയാൽ സംഗതി അബദ്ധമായി. കാരണം ഓരോ ദിനവും നമ്മളെ കാർന്നു തിന്നുന്ന രീതിയിലാണ് ഗെയിമിംഗ് പാറ്റേൺ. ഒരിക്കൽ നമ്മൾ ഈ കളിയുടെ സുഖം പിടിച്ചാൽ പിന്നീട് തിരിച്ചു വരവില്ല എന്ന രീതിയിലേക്കാകും കളിയുടെ ഗതി.
ഐപിഎല്ലിന്റെ പ്രധാനപ്പെട്ട സ്പോൺസർമാരിൽ ഒന്നുതന്നെ ഇപ്പോൾ ഡ്രീം ഇലവൻ ആണ്. ഇതോടൊപ്പം തന്നെ മൈ ഇലവൻ സർക്കിൾ എന്ന ഗെയിമിംഗ് ആപ്പും ഐപിഎല്ലിനായി പലരീതിയിൽ പണം ചിലവഴിക്കുന്നുണ്ട്. ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെയുള്ള ആളുകൾ അഭിനയിക്കുന്ന പരസ്യമാണ് ഡ്രീം ഇലവന്റേത്. അത് ക്രിക്കറ്റ് താരങ്ങളെ ആരാധനാ പാത്രങ്ങൾ ആക്കിയിരിക്കുന്ന കുട്ടികളെ തീർച്ചയായും ആകർഷിക്കും. ഒരുപക്ഷേ ഒരു രസത്തിന് ചുമ്മാ കളിച്ചു നോക്കാം എന്ന രീതിയിൽ കുട്ടികൾ തുടങ്ങുന്ന രസം പിന്നീട് വലിയ അഡിക്ഷനായി മാറാനുള്ള സാധ്യത കൂടുതലാണ്.
അടുത്തിടെ സിനിമാതാരം ലാൽ അഭിനയിച്ച ജംഗ്‌ലി റമ്മി എന്ന ഗെയിമിംഗ് ആപ്പിന്റെ പരസ്യം വൈറൽ ആയിരുന്നു. എന്നാൽ ഇതിനെ തുടർന്ന് വലിയ രീതിയിലുള്ള സൈബർ ആക്രമണം ആണ് ലാൽ നേരിട്ടത്. അടുത്തിടെ ധ്യാൻ ശ്രീനിവാസനും ഇത്തരത്തിൽ ഒരു ഗെയിമിംഗ് ആപ്പിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടു. സിനിമാതാരം മാത്യു തോമസും റിമി ടോമിയും ഉൾപ്പെടെയുള്ള ആളുകൾ ഇതിനു മുന്നേ ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകളുടെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട് ഗുലുമാലിൽ ആയതാണ്.
ഗെയിമിംഗ് ആപ്പുകളെക്കാൾ ഭീകരമാണ് ബെറ്റിങ് ആപ്പുകൾ. വലിയ രീതിയിലുള്ള പണ സമാഹരണം ഈ ആപ്പുകൾ വഴി നടക്കുന്നു. വാതുവെപ്പ് എന്നുള്ള രീതി നിയമവിരുദ്ധമാണ് എങ്കിലും നിയമവിരുദ്ധമായ കാര്യങ്ങൾ നിയമത്തിന്റെ കൺമുമ്പിൽ അരങ്ങേറുന്നതാണ് ബെറ്റിങ് ആപ്പുകൾ. കാലാകാലങ്ങളായി ഇത് തടയാനുള്ള നിയമവ്യവസ്ഥ നമ്മുടെ പല സർക്കാറുകളും കൊണ്ടുവന്നിട്ടുണ്ട് എങ്കിലും ഇപ്പോഴും വളരെ വലിയ രീതിയിലാണ് ഈ ആപ്പുകൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നത്.
നേരിട്ട് പ്ലേസ്റ്റോറിൽ നിന്ന് ഇത്തരത്തിലുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയില്ല. പക്ഷേ പലരീതിയിൽ ഈ ആപ്ലിക്കേഷൻ ലിങ്കുകൾ വാട്സാപ്പിലൂടെയും ടെലഗ്രാമിലൂടെയും ഇന്ന് പ്രചരിക്കുന്നുണ്ട്. ഒരിക്കൽ ശ്രമിച്ചു നോക്കാം എന്ന് ചിന്തിച്ചാൽ പിന്നെ ചിലപ്പോൾ ഒരു തിരിച്ചുവരവ് ഉണ്ടാവില്ല എന്നുള്ള രീതിയിലാണ് ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകളുടെ ഉള്ളിലുള്ള ഗെയിമിങ്ങുകളുടെയും അതിന്റെ ഉള്ളിലുള്ള നിയമവ്യവസ്ഥയുടെയും നിർമിതി. അതുകൊണ്ടുതന്നെ കളിക്കാതിരിക്കുക ശ്രമിക്കാതിരിക്കുക എന്നീ കാര്യങ്ങൾ മാത്രമേ ചെയ്യാനുള്ളൂ.
വലിയ രീതിയിലുള്ള സംഘമാണ് ഐപിഎൽ സമയങ്ങളിൽ വാതുവെപ്പ് നടത്തുന്നത്. ദിനംപ്രതി പോലീസ് പല കേസുകളും രജിസ്റ്റർ ചെയ്യുന്നുണ്ട് എങ്കിലും വലിയ ഫണ്ട് ഒഴുകുന്ന മേഖലയാണ് ഇത് എന്നതിനാൽ ഇതിന്റെ തല തോട്ടപ്പന്മാരെ തൊടാൻ പോലും കഴിയുന്നില്ല എന്നതാണ് വസ്തുത. ഇത്തരത്തിലുള്ള കാര്യങ്ങളെ നിയമവ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നില്ല എങ്കിൽ പോലും നിയമത്തിനെ വെല്ലുവിളിച്ചു കൊണ്ടാണ് രാജ്യത്ത് ബെറ്റിങ് ആപ്പുകൾ പ്രവർത്തിക്കുന്നത്. പണത്തിന്റെ അത്രമേൽ അടങ്ങാത്ത ഒഴുക്കാണ് ബെറ്റിംഗ് ആപ്പുകൾ മൂലം രാജ്യത്ത് ആകമാനം ഐപിഎൽ സമയങ്ങളിൽ ഉണ്ടാകുന്നത്.