എല്ലാ ഓണക്കാലത്തും യാതൊരു കോട്ടവും തട്ടാതെ മുന്നേറുന്ന ബിസിനസുകളിൽ ഒന്നാണ് കേരള ബീവറേജസിന്റേത്. മറ്റൊരു ഓണക്കാലം കൂടി കഴിയുമ്പോൾ 50 കോടിയോളം രൂപയുടെ അധിക നേട്ടമാണ് കേരള ബീവറേജ് നേടിയിരിക്കുന്നത്. ഓണം സീസണിലെ 10 ദിവസങ്ങളിൽ ഷോപ്പുകളിലൂടെയും വെയർഹൗസുകളിലൂടെയുമായി മൊത്തം 826 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. അതായത് കേരളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാലിന്റെ കഴിഞ്ഞ മൂന്നു സിനിമകളും ചേർത്തുവച്ചാൽ നേടിയത്
520 കോടിയോളം രൂപയാണ്. അതിനേക്കാൾ 300 കോടിയോളം രൂപ അധികം.
വെറും 10 ദിവസത്തെ കണക്കാണ് ഈ 826 കോടി എന്ന് ആലോചിക്കുമ്പോൾ ആണ് കേരളത്തിലെ കുടിയന്മാർ എത്രമാത്രം വളർന്നിരിക്കുന്നു എന്നത് മനസ്സിലാക്കുക. ഉത്രാട ദിനത്തിൽ മാത്രം 137 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. തിരുവോണദിവസം മധ്യശാലകൾ അവധി ആയിരുന്നു. ശ്രീനാരായണ ഗുരു ജയന്തി ഞായറാഴ്ചയും മദ്യശാലകൾ അവധിയായിരുന്നു. ഉത്രാട ദിവസം മിക്ക ആളുകളും മദ്യം വാങ്ങി സ്റ്റോക്ക് ചെയ്തു എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 9.21% വർദ്ധനവാണ് കഴിഞ്ഞ വർഷത്തേക്കാൾ ഉത്രാടദിനത്തിലുണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം 126 കോടി രൂപയുടെ മദ്യമാണ് ഉത്രാടത്തിൽ വിറ്റത്.
മദ്യ വില്പനയുടെ കാര്യത്തിൽ കൊല്ലമാണ് മുൻപന്തിയിൽ, ഏറ്റവും കൂടുതൽ കച്ചവടം നടന്ന ബീവറേജസ് കൊല്ലം കരുനാഗപ്പള്ളിയാണ്. കൊല്ലം ജില്ലയിലെ മൂന്ന് ഔട്ട്ലെറ്റുകൾ ആണ് ഒരു കോടി രൂപയിൽ അധികം മദ്യ വില്പനയുമായി നേടിയത്. കാവനാട് (ആശ്രാമം) ഔട്ട്ലെറ്റിൽ ഒരു കോടി 24 ലക്ഷം രൂപയുടെയും പെരിന്തൽമണ്ണ വെയർഹൗസിന് കീഴിലുള്ള ഇടപ്പാൾ കുറ്റിപ്പാല ഔട്ട്ലെറ്റിൽ ഒരു കോടി 11 ലക്ഷം രൂപയുടെയും ചാലക്കുടിഔട്ട്ലെറ്റിൽ ഒരു കോടി ഏഴുലക്ഷം രൂപയുടെയും ഇരിഞ്ഞാലക്കുട ഔട്ട്ലെറ്റിൽ ഒരു കോടി മൂന്നുലക്ഷം രൂപയുടെയും കുണ്ടറയിൽ ഒരു കോടി രൂപയുടെയും മദ്യം ഉത്രാടദിനത്തിൽ മാത്രം വിറ്റുപോയി.