മലയാളികളെയും ഇന്ത്യക്കാരെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് സ്വർണ്ണവില കുതിക്കുകയാണ്. വളരെ വലിയ വർദ്ധനവാണ് കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണ്ണവിലയിൽ ഉണ്ടായിരിക്കുന്നത്. ഇന്നത്തെ (ഫെബ്രുവരി 11, 2025) പവൻ വില 64,480 രൂപയാണ്. ഗ്രാമിന് 8060 രൂപയാണ് നിലവിലെ നിരക്ക്. ഒരു പവൻ സ്വർണം വാങ്ങാൻ പണിക്കൂലി, ജിഎസ്ടി തുടങ്ങിയ ചാർജുകൾ ചേർന്നാൽ ഏകദേശം 67,000 രൂപ ചെലവാകും. അത്യാവശ്യം നല്ല പണിക്കൂലി വാങ്ങുന്ന സ്ഥലങ്ങളാണ് എങ്കിൽ അത് 70,000ത്തിനു മുകളിൽ വളരെ എളുപ്പത്തിൽ പോകും.
രാജ്യാന്തര വിപണിയിൽ സ്വർണ വില ട്രോയ് ഔൺസിന് 2,886 ഡോളറിലെത്തി, ഇത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 87.92 എന്ന താഴ്ന്ന നിലയിൽ തുടരുന്നതും സ്വർണ വില വർധനയ്ക്ക് കാരണമായി. അമേരിക്കൻ പ്രസിഡന്റിന്റെ പുതിയ ഇറക്കുമതി തീരുവ പ്രഖ്യാപനവും (സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് 25% തീരുവ) സ്വർണ വിലയിൽ പ്രതിഫലിച്ചു.
സ്വർണ വിലയിൽ ഈ മുന്നേറ്റം തുടരാൻ സാധ്യതയുള്ളതിനാൽ, നിക്ഷേപകരും ഉപഭോക്താക്കളും വിപണിയിലെ മാറ്റങ്ങൾ ശ്രദ്ധിക്കണം എന്നാണ് ബിസിനസ് എക്സ്പെർട്ടുകളുടെ അഭിപ്രായം. എന്തായാലും സ്വർണ്ണ വിലയിൽ വലിയ രീതിയിലുള്ള വർധന ഉണ്ടാകുന്നത് സ്വർണം കയ്യിലുള്ള ആളുകളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്. കാരണം സ്വർണത്തിന്റെ വില സമീപഭാവിയിൽ കുറയാൻ സാധ്യതയില്ല എന്നതിനാൽ തന്നെ ഒരു ആവശ്യം വന്നാൽ സ്വർണം വിറ്റോ പണയം വച്ചു അവർക്ക് ആവശ്യം നടത്തിയെടുക്കാൻ പറ്റുന്ന രീതിയിലാണ് സ്വർണത്തിന്റെ വില വർദ്ധനവ് ഇപ്പോൾ ഉണ്ടാകുന്നത്.
എന്നാൽ എന്തിനും ഏതിനും സ്വർണം വാങ്ങി കൂട്ടുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം സ്വർണ്ണത്തിൽ ഉണ്ടാകുന്ന വില വർദ്ധനവിൽ സങ്കടപ്പെടുന്ന ഒരു വിഭാഗം ആളുകളും ഉണ്ട്. മലയാളികളുടെ പ്രത്യേകിച്ച് ഹിന്ദുവിവാഹങ്ങളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ആഭരണങ്ങളുടെ പ്രഭാവം. എന്നാൽ സ്വർണ്ണത്തിൽ ഉണ്ടാകുന്ന വില വർദ്ധനവ് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വാങ്ങാൻ പറ്റാത്ത രീതിയിലേക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്. ഒരു പവൻ സ്വർണം വാങ്ങാൻ എഴുപതിനായിരം രൂപയ്ക്ക് മുകളിൽ പണിക്കൂലി അടക്കം കൊടുക്കേണ്ടി വരുന്ന സാഹചര്യം നിലവിലുള്ളതിനാൽ തന്നെ വലിയ തിരിച്ചടിയാകും ഇത് സമീപഭാവിയിൽ വിവാഹമുള്ള ആളുകൾക്ക് ഉണ്ടാക്കുന്നത്.