എഐയിൽ പൂർണമായും ഒരു സിനിമ ചെയ്തെടുക്കാൻ കഴിയുമോ? പലയാളുകളും പല ആവർത്തി ചോദിക്കുന്ന ചോദ്യമായിരിക്കും ഇത്. സിനിമയിലെ പല ഭാഗങ്ങളിലും എഐ ഉപയോഗിക്കുന്നത് നമ്മൾ അടുത്തിടെ ഉൾപ്പെടെ കണ്ടിട്ടുണ്ട്. അടുത്തിടെ ഇറങ്ങിയ വിജയ് സിനിമയായ ഗോട്ടിലും, മോഹൻലാൽ സിനിമയായ തമ്പുരാൻ ഉൾപ്പെടെ ചില ഭാഗങ്ങളിൽ എഐ ഉപയോഗിച്ച് മുഖങ്ങൾ കൃത്രിമമായി നിർമ്മിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ ഏറ്റവും കയ്യടി ലഭിച്ചത് ഇവയ്ക്കൊന്നുമല്ല. ആസിഫലി നായകനായ രേഖ ചിത്രം എന്ന സിനിമയിൽ മമ്മൂട്ടിയുടെ മുഖം എഐയിൽ നിർമ്മിച്ചതിന് വലിയ കൈയ്യടികൾ ലഭിച്ചിരുന്നു.
ഇതിനൊക്കെ പുറമേ ലോക സിനിമയിൽ പല രീതിയിൽ എഐ ഉപയോഗിച്ച് പല മുഖങ്ങളും ഉണ്ടാക്കുകയും പല ആളുകളുടെ ചെറുപ്പകാലം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഒരു സിനിമ പൂർണ്ണമായും നിർമ്മിത ബുദ്ധിയിൽ ഉണ്ടാക്കി റിലീസിന് ഒരുങ്ങുകയാണ് എന്നുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്. 20ലേറെ എ ഐ ഉപയോഗിച്ച് തികച്ചും ഒരു സ്റ്റാർ സിനിമയുടെ സാങ്കേതികതയോടുകൂടിയായിരിക്കും സിനിമ ഒരുങ്ങുന്നത് എന്നാണ് അണിയറ പ്രവർത്തകർ ഉൾപ്പടെ പറയുന്നത്.
എന്നാൽ ഏറ്റവും ഞെട്ടിക്കുന്ന വസ്തുത എന്താണെന്ന് ഈ സിനിമയ്ക്ക് ആകെ ചിലവ് വരുന്നത് 10 ലക്ഷം രൂപ മാത്രമാണ് എന്നതാണ്. ഗ്രാഫിക്സും എഐയും എന്ന നിലയിൽ കോടികൾ മലയാളസിനിമയിലും മറ്റു ഇന്ത്യൻ സിനിമകളിലും പൊടിക്കുന്ന സാഹചര്യം നിലവിലുള്ളപ്പോഴാണ് ഒരു സിനിമ പൂർണമായും നിർമ്മിത ബുദ്ധിയിൽ 10 ലക്ഷം മാത്രം ചിലവഴിച്ചു നിർമ്മിക്കപ്പെടുന്നത് എന്ന് തന്നെ വലിയൊരു അത്ഭുതമായി പറയാൻ സാധിക്കും.
ഇവയ്ക്കൊപ്പം കൂട്ടിച്ചേർക്കേണ്ട മറ്റൊരു വസ്തുത സിനിമയിലെ സംഗീതവും, ബാഗ്രൗണ്ട് മ്യൂസിക്കും, എഡിറ്റിങ്ങും, ദൃശ്യങ്ങളും ഗ്രാഫിക്സും ഉൾപ്പെടെ എഐ ടൊളുകൾ ഉപയോഗിച്ചാണ് സൃഷ്ടിച്ചിരിക്കുന്നത്. കന്നഡ ഭാഷയിൽ ആയിരിക്കും സിനിമ പുറത്തിറങ്ങുക. 95 മിനിറ്റ് ആയിരിക്കും സിനിമയുടെ ആകെ ദൈർഘ്യം. അഭിനേതാക്കളുടെ യാതൊരു പങ്കുമില്ലാത്ത സിനിമ സംവിധാനം ചെയ്തിരിക്കുന്നതും നിർമ്മിച്ചതും പിന്നണിയിൽ പ്രവർത്തിച്ചതും എസ് നരസിംഹമൂർത്തി എന്ന ഒരാൾ മാത്രമാണ്. എ ഐ ടൂൾ ഉപയോഗിക്കാനായി ഇയാൾക്ക് പുറമേ ഒരു ടെക്നീഷ്യൻ മാത്രമാണ് സിനിമയ്ക്കൊപ്പം ചേർന്നത്.