മലയാള സിനിമ വ്യവസായം എന്നത് അതിഭീകരമായ രീതിയിൽ പണം വ്യവസായം ചെയ്യപ്പെടുന്ന ബിസിനസുകളിൽ ഒന്നാണ്. എന്നാൽ മലയാള സിനിമ വ്യവസായം മുമ്പ് എങ്ങും ഇല്ലാത്ത പ്രതിസന്ധിയിലെ കൂടി കടന്നു പോവുകയാണ് എന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഉൾപ്പെടെ പറയുന്നത്. സിനിമ വ്യവസായത്തിന്റെ എല്ലാ കോണുകളും നിശ്ചലമാകുന്ന സമരം ഉൾപ്പെടെ ഉടൻ ഉണ്ടാകും എന്നുള്ള വിവാദങ്ങൾ കനക്കുന്ന സാഹചര്യത്തിലാണ് മലയാള സിനിമാ വ്യവസായം കണ്ട ഏറ്റവും വലിയ സിനിമയായ എമ്പുരാന്റെ വരവ്.
മലയാള സിനിമ കണ്ടതിൽ വെച്ച് ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. കൂടാതെ യുവ സൂപ്പർതാരങ്ങളിൽ ഒരാളായ പൃഥ്വിരാജ് മൂന്നാമതും സംവിധായകന്റെ കുപ്പായം അണിയുന്നു എന്നുള്ള പ്രത്യേകതയും സിനിമക്ക് ഉണ്ട്. വലിയ രീതിയിൽ ഹൈപ്പ് കേറിയിരിക്കുന്ന സിനിമ കൂടിയാണിത്. പലകോണുകളിൽ നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച് മലയാള സിനിമയിൽ ഇതുവരെ നിർമ്മിക്കപ്പെട്ടതിൽ ഏറ്റവും പണം മുതൽ മുടക്കിയ സിനിമയാണ് എമ്പുരാൻ എന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. നിലവിൽ മോഹൻലാൽ തന്നെ നായകനായ ബാറോസ് 130 ഓളം കോടി ചിലവാക്കിയാണ് നിർമ്മിച്ചത് എന്ന് പറയപ്പെടുന്നുണ്ട്. ഇതിനുമുകളിൽ ആണ് എമ്പുരാന്റെ ചിലവ് എന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
മലയാളത്തിൽ ഏറ്റവും മുതൽമുടക്കുള്ള സിനിമയായി എമ്പുരാൻ എത്തുമ്പോൾ സിനിമ മാർക്കറ്റിൽ അത്ര അനുകൂലമല്ല സാഹചര്യങ്ങൾ. ആദ്യദിന കലക്ഷൻ റെക്കോർഡാണ് സിനിമ ഉന്നം വെക്കുന്നുണ്ട് എങ്കിലും സാഹചര്യം പ്രതികൂലമാണ്. അതിൽ പ്രധാനപ്പെട്ടത് സിനിമ തിയേറ്ററുകളിലേക്ക് ആളുകൾ എത്തുന്നില്ല എന്നതാണ്. ഈ വർഷം ഇതുവരെ വലിയ വിജയമായി എന്ന് പറയാൻ പറ്റുന്നത് വെറും രണ്ടു ചിത്രങ്ങളാണ്. അതിൽ ഒന്ന് ആസിഫ് അലി നായകനായ രേഖാചിത്രവും അടുത്തത് കുഞ്ചാക്കോ ബോബൻ നായകനായ ഓഫീസർ ഓൺ ഡ്യൂട്ടിയും. ഇതിനുപുറമേ പൊന്മാൻ, ഒരു ജാതി ജാതകം, ബ്രോമാൻസ്, ദാവീദ്, തുടങ്ങിയ സിനിമകൾ വലിയ നഷ്ടം വരുത്തി വയ്ക്കാത്ത സിനിമകളാണ് എന്നും പറയപ്പെടുന്നുണ്ട്.
മാർച്ച് പകുതിയായിട്ടും വലിയ സാമ്പത്തിക ലാഭം കൊയ്ത് 2 സിനിമകൾക്കപ്പുറം മറ്റൊരു സിനിമ ഇല്ല എന്നതാണ് എമ്പുരാനെ സംബന്ധിച്ചിടത്തോളം ഒന്നാമത്തെ വെല്ലുവിളി. മോഹൻലാലിന്റെ കഴിഞ്ഞ സിനിമകൾ വലിയ വിജയമായില്ല എന്നതും മറ്റൊരു വെല്ലുവിളിയാണ്. പക്ഷേ മോഹൻലാൽ ആയതിനാൽ തന്നെ അത് ഒഴിവാക്കാൻ പറ്റുന്ന ഒന്നാണ്. കാരണം ഇതേപോലെ പ്രതികൂല സാഹചര്യങ്ങളിൽ ഇറങ്ങിയ സിനിമയായിരുന്നു പുലി മുരുകൻ. അത് വൻ വിജയമായി അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ തിരിച്ചുവരവുകളിൽ ഒന്നായി മാറിയിരുന്നു.
ഇതിനുപുറമേ പരീക്ഷാക്കാലമാണ്. മിക്ക സ്ഥലങ്ങളിലും 27 ആകുമ്പോഴേക്കും പരീക്ഷ കഴിയില്ല. മിക്ക ക്ലാസുകാർക്കും പരീക്ഷ അവസാനിക്കുന്നത് 28നാണ്. അതുകൊണ്ടുതന്നെ വലിയൊരു വിഭാഗം ആളുകൾ പരീക്ഷ കഴിഞ്ഞിട്ട് സിനിമ കാണാം എന്ന് തീരുമാനിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല. മറ്റൊരു പ്രതികൂല സാഹചര്യം കാലാവസ്ഥയാണ്. ചുട്ടുപൊള്ളുന്ന ചൂടാണ് കേരളത്തിൽ എമ്പാടും. അതുകൊണ്ടുതന്നെ പകൽ സമയങ്ങളിൽ ആളുകൾ തിയേറ്ററിലേക്ക് എത്താൻ സാധ്യത കുറവാണ്. പക്ഷേ മലയാളം കണ്ട എക്കാലത്തിയും വലിയ വിജയങ്ങൾ ഉണ്ടായിരിക്കുന്നതും വേനൽ കാലങ്ങളിലാണ് എന്നതാണ് മറ്റു ഒരു വസ്തുത. വെക്കേഷൻ സമയമാകുന്നതിനാൽ ആ സമയത്ത് സിനിമയ്ക്ക് കുതിപ്പ് ഉണ്ടാക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട് ആദ്യ രണ്ടു മൂന്നു ദിവസങ്ങൾ സിനിമയ്ക്ക് വളരെ നിർണായകമാണ്.
ഇതുകൂടാതെ ഏറ്റവും വലിയ പ്രതികൂല സാഹചര്യം ഇപ്പോൾ നോമ്പ് മാസമാണ് എന്നതാണ്. മിക്ക മോഹൻലാൽ ആരാധകരായ ഇസ്ലാം മത വിശ്വാസികളും സിനിമ നോമ്പ് സമയങ്ങളിൽ റിലീസ് ചെയ്യുന്നതും ആയി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ ഉൾപ്പെടെ കുറിച്ച് കഴിഞ്ഞു. നോമ്പുകാലമായതിനാൽ വ്രതം നോറ്റിരിക്കുന്ന ആളുകൾ തിയേറ്ററിലേക്ക് എത്താനുള്ള സാധ്യത വളരെ വിരളമാണ്. ഇത്രയും പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്താണ് തമ്പുരാൻ 27 ന് തീയറ്ററുകളിലേക്ക് എത്താൻ പോകുന്നത്.
മുമ്പ് എപ്പോഴൊക്കെ പ്രതികൂല സാഹചര്യമുണ്ടായിട്ടുണ്ട് എങ്കിലും വലിയ വിജയമായി തിരിച്ചുവരുക എന്നതായിരുന്നു മോഹൻലാലിന്റെ രീതി. അത് ഇക്കുറിയും ആവർത്തിക്കും എന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട് എങ്കിലും ഇക്കുറി സാധാരണ ഒരു സിനിമ നേടുന്നതിനും എത്രയോ മടങ്ങ് കളക്ഷൻ നേടിയാൽ മാത്രമേ എമ്പുരാൻ വിജയമാണ് എന്ന് പറയാൻ കഴിയുകയുള്ളൂ. കാരണം എമ്പുരാന്റെ ബഡ്ജറ്റ് അത്രത്തോളം വലുതാണ്. വലിയ ചിത്രങ്ങൾ ബഡ്ജറ്റ് തിരിച്ചുപിടിക്കുന്നത് ആദ്യ ദിവസങ്ങളിലും തുടർന്നുണ്ടാകുന്ന ആറു ദിവസങ്ങൾ ഉൾപ്പെടുന്ന ആദ്യ ആഴ്ചയിലുമാണ്. ഹൈപ്പ് കാരണം മിക്ക ആളുകളും ഈ ദിവസങ്ങളിൽ തിയേറ്ററിലേക്ക് ഇരച്ച് കയറും. എന്നാൽ തമ്പുരാന് മറികടക്കാൻ ഇക്കുറി നിരവധി പ്രതികൂല സാഹചര്യങ്ങൾ ഉണ്ട്.
കഴിഞ്ഞ ഒന്നരമാസമായി എമ്പുരാൻ ടീം തുടർന്നുകൊണ്ടിരിക്കുന്ന പ്രമോഷൻ വർക്കുകൾ ഉൾപ്പെടെ ഇപ്പോൾ കുറച്ചിരിക്കുന്ന സാഹചര്യമാണ്. ഹൈപ്പ് കുറച്ച് ആളുകളെ തിയേറ്ററിലേക്ക് എത്തിക്കുക എന്നതായിരിക്കാം ലക്ഷ്യം എങ്കിലും ഇപ്പോൾ പ്രമോഷൻ തീരെ കുറഞ്ഞു പോയി എന്ന് പറയുന്ന ആളുകൾ അധികമാണ്. സിനിമയിൽ പല അതിഥി താരങ്ങളും എത്തുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിരിക്കുന്ന സാഹചര്യവും നിലവിലുണ്ട്. അഞ്ചുമണി മുതൽ തന്നെ ഫാൻസ് ഷോ ഉൾപ്പെടെ തുടങ്ങും എന്നുള്ള കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. വർഷങ്ങൾക്കിപ്പുറമാണ് ഒരു മലയാള സിനിമ 5 മണി മുതൽ തന്നെ ഫാൻസ് ഷോയുമായി ആരംഭിക്കുന്നത്. പ്രതികൂല ഘടകങ്ങൾ താണ്ടി സിനിമ വിജയമാകും എന്ന് തന്നെയാണ് മോഹൻലാൽ ആരാധകരും കരുതുന്നത്.
മോഹൻലാലിന് പുറമേ സിനിമയുടെ ആദ്യഭാഗമായ ലൂസിഫറിൽ അഭിനയിച്ച ടോവിനോ തോമസ്, പൃഥ്വിരാജ്, മഞ്ജു വാര്യർ, ബൈജു സന്തോഷ്, ഇന്ദ്രജിത്ത്, ശിവദ, നൈല ഉഷ, സായികുമാർ, നന്ദു, ശിവജി ഗുരുവായൂർ, അനീഷ് തുടങ്ങിയ താരങ്ങൾ സിനിമയിൽ അതേ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യും. ആദ്യഭാഗത്ത് വില്ലനായി എത്തിയ വിവേക് ഒബ്രോയ് ഈ ഭാഗത്തിൽ ഉണ്ടോ എന്നുള്ള കാര്യം ഇതുവരെ അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല. ആദ്യഭാഗത്തിൽ എത്തിയ താരങ്ങൾക്ക് പുറമേ അന്യഭാഷയിൽ നിന്നും നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. ഇവർക്ക് പുറമേ മലയാളത്തിൽ നിന്നും പുതുതായി സുരാജ് വെഞ്ഞാറമൂട്, മണിക്കുട്ടൻ എന്നിവർ സിനിമയോടൊപ്പം ചേരുന്നുണ്ട്. ഈ പേരുകൾക്ക് പുറമേ വലിയ മാർക്കറ്റ് വാല്യു ഉള്ള താരങ്ങൾ അതിഥി താരമായും മൂന്നാം ഭാഗത്തിലേക്ക് ലീഡ് ചെയ്യുന്ന കഥാപാത്രങ്ങളായും എത്തുമെന്നാണ് അഭ്യൂഹങ്ങൾ.
ആദ്യഭാഗത്തിന് തിരക്കഥ ഒരുക്കിയ മുരളി ഗോപി തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥ. സുജിത്ത് വാസുദേവ് ക്യാമറാമേനായി എത്തുമ്പോൾ അഖിലേഷ് മോഹൻ എഡിറ്ററായി എത്തുന്നു. ടെക്നിക്കലി വളരെ അപ്ഡേറ്റഡ് ആയ ഒരു സിനിമയായിരിക്കും എമ്പുരാൻ. പക്ഷേ പ്രതികൂല സാഹചര്യത്തിൽ ഇറങ്ങുന്ന സിനിമയായതിനാൽ ബഡ്ജറ്റ് എങ്ങനെ തിരിച്ചു പിടിക്കും എന്നും അതിനപ്പുറം ഒരു വിജയമായി എങ്ങനെ മാറും എന്നുള്ള ആശങ്കയാണ് ആരാധകർക്കുള്ളത്. പക്ഷേ പൃഥ്വിരാജ് – മുരളി ഗോപി എന്നുള്ള രണ്ട് ബുദ്ധി രാക്ഷസന്മാർ ഒരുമിക്കുന്ന സിനിമയായതിനാൽ അതിനുള്ള വക അവർ കണ്ടെത്തിയിട്ടുണ്ടാകും എന്ന് തന്നെയാണ് കരുതുന്നത്. ആന്റണി പെരുമ്പാവൂർ ആണ് ചിത്രത്തിന്റെ പ്രൊഡ്യൂസർ.
ആന്റണി പെരുമ്പാവൂർനൊപ്പം സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസിൽ ഒന്നായ ലൈക്ക പ്രൊഡക്ഷൻസ് സിനിമയുടെ പിന്നണിയിൽ ഉണ്ട്. ലൈക്ക സിനിമയോടൊപ്പം കൈകോർക്കുന്നത് സിനിമയുടെ വലിപ്പം കാണിക്കുന്നു. സമീപകാലത്ത് ലൈക്കയുടെ റെക്കോർഡുകൾ അത്ര നല്ലതല്ല എന്നതും മലയാളി പ്രേക്ഷകർക്ക് ആശങ്കയാണ്. സിനിമയുടെ ഓ ടി ടി റൈറ്റ്സും സാറ്റലൈറ്റ് റൈറ്റ്സും ഇതുവരെ വിറ്റു പോയതായുള്ള വിവരം വന്നിട്ടില്ല. എന്നാൽ ഉടൻതന്നെ അതിൽ തീരുമാനം ആകും എന്നാണ് അറിയുന്നത്. സിനിമയുടെ നാലിൽ ഒന്ന് ബഡ്ജറ്റ് ഈ റൈറ്റ്സിൽ നിന്ന് തിരിച്ച് ലഭിക്കുമെന്നാണ് കരുതുന്നത്. പ്രതികൂല സാഹചര്യങ്ങളിലും 27ന് എത്തുന്ന മലയാളത്തിലെ ഏറ്റവും വലിയ ചിത്രം വിജയമാകും എന്ന് തന്നെയാണ് സാധാരണക്കാർ കരുതുന്നത്. എമ്പുരന്റെ ഭാവി എന്താകുമെന്ന് കാത്തിരുന്ന് കാണാം!