വെളിച്ചെണ്ണ വില കുതിക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വെളിച്ചെണ്ണ വില ഏകദേശം ഇരട്ടിക്ക് മുകളിൽ ആയി. വലിയ രീതിയിലുള്ള വർദ്ധനവാണ് വെളിച്ചെണ്ണ വിലയ്ക്ക് വെളിച്ചെണ്ണ ആട്ടുന്ന സ്ഥലങ്ങളിൽ പോലും ഉണ്ടാകുന്നത്. 395 രൂപയാണ് വിപണിയിൽ ഇപ്പോൾ വെളിച്ചെണ്ണയുടെ ലിറ്റർ വില. രണ്ടുദിവസത്തിനുള്ളിൽ തന്നെ 400 രൂപയ്ക്ക് മുകളിൽ ആകും എന്നാണ് വിപണിയിലെ വിദഗ്ധർ പറയുന്നത്. ചുരുക്കിപ്പറഞ്ഞാൽ വെളിച്ചെണ്ണയ്ക്ക് ഇത്രയധികം വില കൂടുന്നത് ചരിത്രത്തിൽ തന്നെ ആദ്യം.
തേങ്ങ കൂടുതലായി കേരളത്തിൽ നിന്ന് പുറത്തേക്ക് കയറ്റുമതി ചെയ്യുന്നതും തേങ്ങ പറിക്കാൻ ആളെ കിട്ടാത്തതുമൊക്കെയാണ് വില ഇരട്ടിക്ക് മുകളിൽ കയറുവാൻ കാരണമായ ഘടകം. വെളിച്ചെണ്ണയ്ക്ക് പുറമേ തേങ്ങയുടെ വിലയും വലിയ രീതിയിൽ മാർക്കറ്റിൽ ഉയർന്നിട്ടുണ്ട്. സാധാരണ വിലക്കുറവിൽ ആളുകൾ സാധനം വാങ്ങാൻ ശ്രമിക്കുന്ന ഒന്നാണ് ഓൺലൈൻ പ്ലാറ്റ്ഫോം. അവിടെ പോലും വെളിച്ചെണ്ണയ്ക്ക് പൊന്നും വിലയാണ്. മലയാളികളുടെ തീൻമേശയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായ വെളിച്ചെണ്ണ ഇപ്പോൾ യഥാർത്ഥത്തിൽ പൊള്ളുകയാണ്.
വെളിച്ചെണ്ണയുടെ വില വർദ്ധനവ് കൃത്യമായ രീതിയിൽ ആയുധമാക്കുകയാണ് മാർക്കറ്റിലെ വ്യാജന്മാർ. സാധാരണയുള്ള വെളിച്ചെണ്ണയേക്കാളും മുപ്പതും നാല്പതും രൂപ കുറച്ചിട്ട് വ്യാജ വെളിച്ചെണ്ണകൾ ഇപ്പോൾ സുലഭമായി കൊണ്ടിരിക്കുന്നു എന്നുള്ളതാണ് ഞെട്ടിക്കുന്ന വിവരം. ആളുകൾ ലാഭം വിചാരിച്ച് ഇത്തരത്തിൽ വെളിച്ചെണ്ണക്ക് പകരം വ്യാജവാങ്ങുന്നത് വലിയ അപകടത്തിലേക്ക് നയിച്ചേക്കാം. കാണുമ്പോൾ യഥാർത്ഥമാണ് എന്ന് തോന്നുമെങ്കിലും മായം ചേർത്തുള്ള വെളിച്ചെണ്ണയാണ് വിലകുറവിൽ ഇത്തരത്തിൽ ലഭിക്കുന്നത്.
കൃത്യമായ രീതിയിൽ വ്യാജ വെളിച്ചെണ്ണ തിരിച്ചറിഞ്ഞ് ഇവയെ അകറ്റി നിർത്തണമെന്ന് ഫുഡ് ആൻഡ് സേഫ്റ്റി അധികൃതർ പോലും പറയുന്നു. വരുംദിവസങ്ങളിൽ വ്യാജ വെളിച്ചെണ്ണയെ കണ്ടെത്താനുള്ള പരിശോധനകൾ ഉൾപ്പെടെ ശക്തമാക്കും. വിപണിയിൽ വ്യാജന്മാർ വിലക്കുമ്പോൾ യഥാർത്ഥ വെളിച്ചെണ്ണയ്ക്ക് യാതൊരു മയവും ഇല്ലാതെയാണ് വില കൂടുന്നത്. മഴക്കാലം കഴിയുന്നതോടുകൂടി 500 രൂപ കൂടി ആകും വെളിച്ചെണ്ണയുടെ വില എന്നാണ് പല വിധം അഭിപ്രായപ്പെടുന്നത് തന്നെ.