ഇന്നത്തെ വെളിച്ചെണ്ണ വില കേരള മാർക്കറ്റിൽ 425-450 രൂപ വരെയാണ് ശരാശരി. ഒക്ടോബർ മാസം വരെ വെളിച്ചെണ്ണ വില കുത്തനെ കൂടും എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഒരുപക്ഷേ വെളിച്ചെണ്ണ ഒരാഴ്ചക്കുള്ളിൽ 500ല്‍ എത്തിയാൽ പോലും അത്ഭുതപ്പെടാനില്ല. എന്നാൽ വെളിച്ചെണ്ണ വില വർദ്ധനവിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെടേണ്ട വിഭാഗങ്ങളിൽ ഒന്ന് ഹോട്ടൽ വ്യാപാരികളാണ്. പക്ഷേ ഇതുവരെ യാതൊരു പ്രതിഷേധവും ഹോട്ടൽ വ്യാപാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല എന്നത് ഒരുതരത്തിൽ പറഞ്ഞാൽ മലയാളികൾക്ക് ശുഭ സൂചന അല്ല.
പച്ചക്കറി വില വർദ്ധനവിലും മാംസവില വർദ്ധനവിലും പ്രതിഷേധിക്കുന്ന ഹോട്ടൽ വ്യാപാരികൾ വെളിച്ചെണ്ണ വിലവർദ്ധനവിൽ പ്രതിഷേധിക്കുന്നില്ല എന്നത് മലയാളികൾക്ക് ആശങ്ക ഉണർത്തുന്ന കാര്യമാണ്. വെളിച്ചെണ്ണയ്ക്ക് പകരം മറ്റ് എണ്ണയാണ് ഹോട്ടൽ വ്യാപാരികൾ ഉപയോഗിക്കുന്നത് എന്ന് പല ആളുകളും പറഞ്ഞാൽ നമുക്കത് നിഷേധിക്കാൻ പറ്റാത്ത രീതിയിലേക്കാണ് ഹോട്ടൽ വ്യാപാരികളുടെ നിശബ്ദത ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ വ്യാപാരികൾ പോലും വെളിച്ചെണ്ണയിൽ കാര്യമായ പ്രതിഷേധം ഉയർത്താത്തതാണ് മലയാളികൾക്ക് ആശങ്ക നൽകുന്ന മറ്റൊരു കാര്യം. വെളിച്ചെണ്ണ മലയാളികൾക്ക് തീൻ മേശയിലും സൗന്ദര്യ വർദ്ധന വസ്തുവിലും തലയിൽ പോലും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ്.
മലയാളികൾക്ക് എന്തിനും ഏതിനും വെളിച്ചെണ്ണ വേണം. മീൻ വറക്കാൻ, കറികൾ ഉണ്ടാക്കാൻ, പാചകം ചെയ്യാൻ, തലയിൽ തേക്കാൻ, മുഖത്തു തേക്കാൻ, വിളക്ക് കത്തിക്കാൻ എന്നുവേണ്ട വെളിച്ചെണ്ണ ഒഴിവാക്കി ഒരു ജീവിതം മിക്ക മലയാളികൾക്കും ചിന്തിക്കാൻ കഴിയില്ല. എന്നാൽ ഇത്തരം മലയാളികൾക്ക് വലിയ തലവേദന സൃഷ്ടിക്കുകയാണ് വെളിച്ചെണ്ണയുടെ വില വർദ്ധനവ്. സാധാരണ എന്തെങ്കിലും സാധനത്തിന് വിലകൂടിയാൽ മീശോ, ഷോപ്പ് സി പോലുള്ള ആപ്ലിക്കേഷനിൽ ഇവ വിലകുറഞ്ഞു ലഭിക്കും. എന്നാൽ വെളിച്ചെണ്ണയുടെ കാര്യത്തിൽ ഇതു പോലും ലഭിക്കാത്തതാണ് നിലവിലെ അവസ്ഥ.
എന്നാൽ വെളിച്ചെണ്ണയുടെ വില വർദ്ധനവ് ഉണർത്തുന്ന മറ്റൊരു ബിസിനസ് നിലവിലുണ്ട്. അത് മായംചേർത്ത വെളിച്ചെണ്ണ ബിസിനസ് ആണ്. പാമോയിൽ കളറിംഗ് ഏജന്റ് കോക്കനട്ട് സ്മെല്ലിങ് എസൻസും ഉൾപ്പെടെ ചേർത്തുകൊണ്ട് വെളിച്ചെണ്ണയുടെ വ്യാജൻ ഇന്ന് മാർക്കറ്റിൽ സുലഭമാവുകയാണ്. എന്തുകൊണ്ടാണ് വ്യാപാരികളും നമ്മളുടെ നിയമ സംവിധാനവും ഇതിനെതിരെ പ്രതികരിക്കാത്തത് എന്നാണ് സാധാരണ ജനങ്ങൾ ഉൾപ്പെടെ ചോദിക്കുന്നത്. വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ കഴിയുന്നതാണ് ഇത്തരത്തിൽ മായം ചേർത്ത് എണ്ണ.
വെളിച്ചെണ്ണയുടെ വില വർദ്ധനവ് മലയാളികൾക്ക് താങ്ങാൻ പറ്റാത്ത രീതിയിലേക്ക് ഉയരുമ്പോൾ മായം ചേർത്ത വെളിച്ചെണ്ണ സുലഭമാകുന്നത് മലയാളികൾക്ക് അടിമുടി ഭയമാണ് സൃഷ്ടിക്കുന്നത്. ഏതാണ് യഥാർത്ഥ എണ്ണ ഏതാണ് മായം ചേർത്ത എണ്ണ എന്നത് മനസ്സിലാക്കാൻ സാധാരണക്കാർക്ക് വളരെ ബുദ്ധിമുട്ടാണ്. വിലകുറഞ്ഞ വെളിച്ചെണ്ണ തേടി മലയാളികൾ പോകുമ്പോൾ ആരോഗ്യപ്രശ്നങ്ങൾ പിറകെ എത്തും. കാര്യമായ ഗുണനിലവാരം ഉറപ്പുവരുത്തുന്ന കാര്യങ്ങൾ ഒന്നും ആരോഗ്യ വിഭാഗത്തിൽ നിന്നും ഉണ്ടാകുന്നില്ല എന്നത് യാഥാർത്ഥ്യം. കൃത്യമായ രീതിയിൽ പരിശോധന നടത്തി ഇത്തരത്തിൽ മായം ചേർന്ന എണ്ണയുടെ ബിസിനസ് പൂട്ടിക്കണമെന്ന് മലയാളികൾ ആഗ്രഹിക്കുന്നുണ്ട് എങ്കിലും കാര്യമായി ഈ ആഗ്രഹത്തെ നിയമ സംവിധാനങ്ങൾ ഉൾപ്പെടെ നിലവിൽ സഹായിക്കുന്നില്ല.
കൃത്യമായ പരിശോധന നടത്തി ഇത്തരം മായംചേർത്ത എണ്ണകൾ നിരോധിക്കപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സൂപ്പർമാർക്കറ്റുകളിൽ ഉൾപ്പെടെ എണ്ണയ്ക്ക് ഓഫർ വില നൽകുന്നുണ്ട് ഇപ്പോൾ. എന്നാൽ ഇത് ക്വാളിറ്റി ഉറപ്പാക്കിയ എണ്ണയാണോ എന്ന് മലയാളികൾക്ക് പറ്റില്ല എന്നതാണ് യാഥാർത്ഥ്യം. തേങ്ങ ആട്ടി വെളിച്ചെണ്ണ ആക്കുന്ന സ്ഥലത്ത് നിന്നും ലഭിക്കുന്ന എണ്ണ മലയാളികൾക്ക് വിശ്വസിച്ചു വാങ്ങാം. പക്ഷേ അത് വാങ്ങുമ്പോഴും വലിയ തുകയാണ് നൽകേണ്ടി വരുന്നത്. വില നിയന്ത്രിക്കാനുള്ള നടപടിയും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.