രാജ്യം ഓരോ നിമിഷവും ടെക്നിക്കലി അപ്ഡേറ്റ് ആയി കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ നിർമ്മിത ബുദ്ധി വളരെ പെട്ടെന്ന് നമ്മുടെ ജീവിതത്തിൽ തന്നെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. കാലം വളരെ പെട്ടെന്ന് മാറുകയാണ് എങ്കിലും ബിഎസ്എൻഎലിന്റെ ഇന്റർനെറ്റ് സേവനങ്ങൾ വളരെ പിന്നോട്ടാണ്. എന്നാൽ കുറച്ചുകൂടി അപ്ഡേറ്റ് ആവാൻ ഒരുങ്ങുകയാണ് ബി എസ് എൻ എൽ എന്ന വാർത്തകളാണ് പുറത്തേക്ക് വരുന്നത്. മറ്റുള്ള മൊബൈൽ സേവന ഭാഗങ്ങളുമായി മത്സരിക്കാനാണ് ബിഎസ്എൻഎൽ കൂടുതൽ അപ്ഡേറ്റ് ആവുന്നത്.
വിനോദസഞ്ചാരം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഉൾപ്പെടെ ഓഗ്‌മെന്റഡ് റിയാലിറ്റി (എആർ), വെർച്വൽ റിയാലിറ്റി (വിആർ) സാധ്യതകൾ പ്രയോജനപ്പെടുത്താൻ ബിഎസ്എൻഎൽ പദ്ധതി തയാറാക്കുന്നു. ഇതോടൊപ്പം തന്നെ ബിഎസ്എൻഎൽ 4ജി മിക്ക സ്ഥലങ്ങളിലും ലഭ്യമാകുന്നില്ല. ഇതിന് കൃത്യമായി പരിഹാരം നൽകുവാനുള്ള തീരുമാനവും ബിഎസ്എൻഎൽ എടുത്തിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ എല്ലാവരിലേക്കും 4ജി സേവനങ്ങൾ എത്തിക്കാനുള്ള നടപടികൾ ബിഎസ്എൻഎൽ തുടങ്ങി കഴിഞ്ഞു ഇതിനോടൊപ്പം ആണ് ഇപ്പോൾ വെർച്വൽ റിയാലിറ്റി, എ.ആർ സേവനങ്ങളിലേക്കും ബിഎസ്എൻഎൽ കടക്കുന്നത്.
ബിഎസ്എൻഎലിൽ എംപാനൽ ചെയ്തിട്ടുള്ള ടെക് എക്സ്ആർ (TECHXR) എന്ന കമ്പനിയുമായി ചേർന്നാണു സംസ്ഥാനത്തിന്റെ വിവിധ ടൂറിസം മേഖലകളിലേക്ക് ഉപകാരപ്പെടുന്ന രീതിയിൽ ടെക്നോളജിയെ കൊണ്ടുവരുക എന്ന പ്ലാനിങ്ങിന്റെ ഭാഗമായാണ് ഈ സാധ്യത ആലോചിക്കുന്നത്. അതായത് ടൂറിസം മേഖലയെ പറ്റിയുള്ള ത്രീഡി മോഡലിംഗ് ഉൾപ്പെടെ ചെയ്തുകൊണ്ട് ആളുകളെ ആകർഷിക്കുന്ന രീതിയിൽ പുതിയ പദ്ധതികൾ തയ്യാറാക്കാനാണ് ബിഎസ്എൻഎല്ലിന്റെ പ്രഥമ ആലോചന. ഇതിനോടൊപ്പം തന്നെ എ ആർ സേവനങ്ങൾ വിദ്യാഭ്യാസ മേഖലയിൽ ഉപയോഗിക്കാനും ആലോചനയുണ്ട്.
യഥാർഥ ലോകത്തിനു സമാനമായി കംപ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിച്ചു തയാറാക്കിയതോ മുൻകൂട്ടി റെക്കോർഡ് ചെയ്തതോ ആയ 360 ഡിഗ്രി വിഡിയോകളാണു പഠനത്തിനും പരിശീലനത്തിനും ലഭ്യമാക്കുക എന്നതായിരിക്കും എ ആർ ഉപയോഗത്തിന്റെ ലക്ഷ്യം. മിക്ക മാളുകളിലും ഇന്ന് വി ആർ ഗെയിമിംഗ് ഉൾപ്പെടെ വന്നിരിക്കുന്ന സാഹചര്യമാണ്. ഗെയിമിങ്ങിന് അപ്പുറം ഇതിന്റെ മറ്റ് സാധ്യതകൾ ടൂറിസം മേഖലയിൽ ഉപയോഗിച്ച് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുക എന്നതായിരിക്കും ലക്ഷ്യം. ഇത് കൂടാതെ വരുന്ന ആളുകൾക്ക് നമ്മുടെ സ്ഥലങ്ങളുടെ ഭംഗി വി ആർ ഉപയോഗിച്ച് കാണിച്ചുകൊടുക്കുക എന്നതും കമ്പനി ആലോചിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളും സാധ്യതകളും ബിഎസ്എൻഎൽ ഇപ്പോൾ വളരെ വേഗത്തിൽ പരിശോധിച്ചു വരികയാണ്.