കേരളത്തിന് സമുദ്രാധിഷ്ഠിത സമ്പദ് വ്യവസ്ഥയിൽ കൂടുതൽ സംഭാവന ചെയ്യാൻ കഴിയുമെന്ന രീതിയിൽ പ്രതീക്ഷിക്കപ്പെടുന്ന ‘ബ്ലൂ ടൈഡ്സ്’ കോൺക്ലേവ് നാളെയും മറ്റന്നാളും കോവളത്തുള്ള ലീല റാവിസ് ഹോട്ടലിൽ വച്ച് നടക്കും. കേന്ദ്രസർക്കാറിന്റെയും യൂറോപ്പ്യൻ യൂണിയൻ സഹകരണത്തോടെ സംസ്ഥാന ഫിഷറീസ് വകുപ്പാണ് കോൺക്ലേവ് നടത്തുന്നത്. നിക്ഷേപകർ, അക്കാഡമിക് വിദഗ്ധർ, അംഗീകൃത തൊഴിലാളി സംഘടനകളുടെ പ്രതിനിധികൾ, യൂണിവേഴ്സിറ്റി പ്രതിനിധികൾ, വകുപ്പ് മേധാവികൾ തുടങ്ങി 500 ഓളം പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും.
രാജ്യാന്തര കോൺക്ലേവ് എന്ന നിലയിൽ നിക്ഷേപക സാധ്യത ഉൾപ്പെടെ പരിശോധിക്കപ്പെടും. കേരളത്തിന്റെ സമുദ്ര വ്യവസ്ഥിതിയിൽ എന്തൊക്കെ തരത്തിലുള്ള വികസനങ്ങൾ കൊണ്ടുവരാൻ പറ്റുമെന്നും വിഴിഞ്ഞം തുറമുഖം കൂടി കേരളത്തിലേക്ക് എത്തിയ സാഹചര്യത്തിൽ വളർച്ച ഏതുവിധേനയാക്കാൻ കഴിയും എന്നും കോൺക്ലേവ് കൃത്യമായ ധാരണ നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പത്തൊമ്പതാം തീയതി രാവിലെ 9 30 ഓടുകൂടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.ഇന്ത്യയിലെയും ഭൂട്ടാനിലെയും യൂറോപ്യൻ യൂണിയൻ അംബാസഡർ ഹെർവ് ഡെൽഫിൻ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തും.
കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിങ്, കേന്ദ്രമന്ത്രി ജോർജ് കുര്യൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. സംസ്ഥാന മന്ത്രിമാർ, പ്രതിപക്ഷ നേതാവ് തുടങ്ങിയവരും പങ്കെടുക്കും. 18ന് ഉച്ചക്ക് ശേഷം തുടക്കം ആകുന്ന പരിപാടിയിൽ ഉച്ചക്ക് ശേഷം നടക്കുന്ന സെഷനിൽ കേരളത്തിലെ നിക്ഷേപ സാധ്യതകൾ ഉൾപ്പെടെ അടക്കുന്ന സെമിനാറുകൾ അവതരിപ്പിക്കപ്പെടും. ഇന്ത്യയിൽ നിന്നുള്ള പ്രമുഖർക്ക് പുറമേ വിദേശത്തുനിന്നുള്ള നിരവധി വിദഗ്ധർ പരിപാടിയിൽ പങ്കെടുക്കുകയും അവർ നിക്ഷേപ സാധ്യതയും വളർച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പങ്കുവെക്കുകയും ചെയ്യും. മന്ത്രി സജി ചെറിയാനാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കഴിഞ്ഞദിവസം നടന്ന വാർത്താസമ്മേളനത്തിൽ പങ്കുവെച്ചത്.