കേരള സംസ്ഥാന സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട വരുമാന സ്രോതസ്സുകളിൽ ഒന്ന് മദ്യ വില്പനയാണ്. മദ്യം ഉത്പാദിപ്പിക്കുന്നതിനേക്കാൾ 100 മടങ്ങിന് മുകളിലാണ് മദ്യത്തിന് കേരളത്തിൽ നൽകേണ്ടി വരുന്ന ടാക്സ്. വലിയ രീതിയിലുള്ള കച്ചവടമാണ് ദിനംപ്രതി സംസ്ഥാന സർക്കാർ മദ്യ വില്പനയിലൂടെ നേടുന്നത്. ആഘോഷ ദിവസങ്ങളാണ് എങ്കിൽ ഇത്തരം നേട്ടം എത്രയോ പതിന്മടങ്ങ് ഇരട്ടിയാകും. എന്നാൽ പല ആളുകളും ഉയർത്തുന്ന പരാതി കൊടുക്കുന്ന കാശിനു കേരളത്തിലെ മദ്യം അത്ര പോര എന്നത് തന്നെയാണ്! മദ്യം പോരെങ്കിലും മദ്യം വിൽക്കുന്ന സ്ഥലം ഇനിമുതൽ ഹൈടെക് ആവും.
കെട്ടിലും മട്ടിലും മാറിയ ബീവറേജസ് ഔട്ട്ലെറ്റ്. പ്രീമിയമല്ല. അതുക്കുംമേലെ, സൂപ്പർ പ്രീമിയം ഔട്ട്ലെറ്റ്. തൃശ്ശൂരിലാണ് സംസ്ഥാനത്തെ ആദ്യ സൂപ്പർ പ്രീമിയം ബീവറേജ്സ് ഔട്ട്ലൈറ്റ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ‘ഹൈ സ്പിരിറ്റ്സ് എ ബെവ്കോ ബുട്ടീക്ക്’ എന്ന പേരിലാണ് ഔട്ട്ലെറ്റ്.
മൂന്ന് നിലകളിലായി പൂർണമായും ശീതീകരിച്ച കെട്ടിടം. 20,000 ബോട്ടിലുകള്‍ വരെ ഡിസ്പ്ലേ ചെയ്യാനുള്ള സ്ഥലസൗകര്യം. പേരുപോലെ, സൂപ്പർ പ്രീമിയം, അതായത് വില കൂടിയ മദ്യ ബ്രാൻഡുകളാണ് ഹൈലൈറ്റ്. എങ്കിലും 250 രൂപ മുതലുള്ള മദ്യവും ഔട്ട്ലെറ്റില്‍ കിട്ടും. ബിയർ വെന്റിങ് മെഷീനും ഇവിടെയുണ്ട്. ആവശ്യമുള്ള ബ്രാൻഡ് തിരഞ്ഞെടുത്ത് പണമടച്ചാല്‍ ബിയർ നേരെ കൈകളിലെത്തും.
കസ്റ്റമേഴ്സിന് മികച്ച എക്സ്പീരിയൻസ് കൊടുക്കുക എന്ന ലക്ഷ്യത്തിലാണ് ബെവ്കോയുടെ ഇത്തരമൊരു ഉദ്യമം. ഇവിടെ വരുന്ന ആരും മദ്യം ക്യൂനിന്ന് വാങ്ങേണ്ടി വരില്ല. മുകളിലേക്ക് കയറാൻ ലിഫ്റ്റുണ്ട്. മദ്യം വാങ്ങാൻ വരുമ്പൊള്‍ വാഹനം പാർക്ക് ചെയ്യാൻ സ്ഥലം കിട്ടുമോയെന്ന ടെൻഷനും വേണ്ട. പാർക്കിങ്ങിനും സൗകര്യവുമുണ്ട്.
പ്രീമിയം ഔട്ട്ലെറ്റുകളില്‍ സ്ഥിരമായി കേള്‍ക്കാറുള്ള മദ്യക്കുപ്പി മോഷണവും ഇവിടെ നടക്കില്ല. ആർഎഫ് ഐഡി ടാഗുള്ള കുപ്പികളാണ് എല്ലാ റാക്കുകളിലുമുള്ളത്. ആരെങ്കിലും ബാഗിനകത്തോ മറ്റോ ആക്കി കൊണ്ടുപോകാൻ ശ്രമിച്ചാല്‍ അലാം മുഴങ്ങും.
കേരളത്തിലെ എല്ലാ ജില്ലകളിലും ഇതുപോലെ ഒരു സൂപ്പർ പ്രീമിയം ഔട്ട്ലെറ്റ് എങ്കിലും ആരംഭിക്കാനാണ് ബെവ്കോയുടെ പദ്ധതി. വൈകാതെ കൊച്ചിയിലും കോഴിക്കോടും ഇടുക്കിയിലും സൂപ്പർ പ്രീമിയം ഔട്ട്ലെറ്റുകള്‍ ഓപ്പണ്‍ ചെയ്യും. ഇതുകൂടാതെ കഴിഞ്ഞദിവസം വന്ന മറ്റൊരു പ്രഖ്യാപനം ചില്ലു കുപ്പികളിലുള്ള മദ്യം വാങ്ങിക്കഴിഞ്ഞാൽ 20 രൂപ ഡെപ്പോസിറ്റ് ആയി സർക്കാർ വാങ്ങും. മദ്യം കഴിച്ച് കഴിഞ്ഞശേഷം ഇതേ കുപ്പി വാങ്ങിയ ബീവറേജസ് ഔട്ട്ലെറ്റിൽ തിരിച്ചു കൊടുത്താൽ 20 രൂപ തിരികെ ലഭിക്കും. ഇതുവഴി കുപ്പിയുടെ ഉപയോഗം കുറക്കാനും വേസ്റ്റ് മാനേജ്മെന്റിനും പറ്റും എന്നാണ് സർക്കാർ കരുതുന്നത്.