ടൂർ പാക്കേജുകൾ എന്ന വാക്ക് മലയാളികൾ കേൾക്കാൻ തുടങ്ങിയിട്ട് അധികം കാലമൊന്നുമായിട്ടില്ല. അടുത്തയാണ് വലിയ രീതിയിൽ ടൂർ കമ്പനികളും ടൂർ പാക്കേജുകളും മലയാളികൾക്കുള്ളിൽ സംസാരവിഷയം ആയത്. ടൂർ കമ്പനികളൊക്കെ മുൻപും ഉണ്ടായിരുന്നു എങ്കിലും മിക്കതും മുൻപ് ഫ്ലൈറ്റ് ബുക്ക് ചെയ്യാനും ബസ് ബുക്ക് ചെയ്യാനും മാത്രം സഹായിക്കുന്ന കമ്പനികൾ ആയിരുന്നു. ഒരു സ്ഥലത്ത് എത്തിയാൽ അവിടെ നിന്നും ടൂർ ഗൈഡ് വിളിച്ചുകൊണ്ടു പോവുകയായിരുന്നു മുൻപുള്ള പതിവ്. എന്നാൽ കാലം മാറുന്നതിനനുസരിച്ച് കോലവും മാറണം എന്നുള്ള മട്ടിലാണ് ഇപ്പോൾ ടൂറുകൾ മാറ്റപ്പെടുന്നത്.
ഇന്ന് കാലം മാറുന്നതിനനുസരിച്ച് വലിയ രീതിയിൽ ടൂർ കമ്പനികളും ടൂർ പാക്കേജുകളും കേരളത്തിൽ സുലഭമായി. ഒരു നിശ്ചിത തുകയ്ക്ക് ഒറ്റയ്ക്കോ കപ്പിൾ ആയോ കുടുംബമായോ ഓരോ സ്ഥലങ്ങൾ കാണാം. മിക്ക സമയങ്ങളിലും യാത്ര സംവിധാനങ്ങളും യാത്രയിൽ ഉടനീളം വേണ്ട ഭക്ഷണങ്ങളും ഈ ടൂർ കമ്പനി നൽകും. ഒരു സ്ഥലത്ത് എത്തിയാൽ സാധാരണ നമുക്ക് ഹോട്ടൽ ബുക്ക് ചെയ്യാൻ ഉൾപ്പെടെ അറിയാത്ത സ്ഥലമാണെങ്കിൽ വലിയ ബുദ്ധിമുട്ടായിരിക്കും. എന്നാൽ ടൂർ കമ്പനി ഉള്ളതിനാൽ ഈ നിശ്ചിത തുകയ്ക്ക് ഇതും വലിയ ബുദ്ധിമുട്ടില്ലാതെ പാക്കേജ് എടുക്കുന്ന ആളുകൾക്ക് ലഭിക്കും. ഇതോടൊപ്പം തന്നെ ഒരു സ്ഥലത്ത് എത്തിയാൽ അതിന്റെ പ്രത്യേകതകൾ മനസ്സിലാക്കിത്തരാനുള്ള ഗൈഡുകളും ഉണ്ടാകും.
ഒരുതരത്തിൽ പറഞ്ഞാൽ യാത്രകൾ എളുപ്പമാക്കുന്ന ജോലിയാണ് ഇന്ന് ടൂർ കമ്പനികൾ ചെയ്യുന്നത്. മുൻപ് ഇത്തരത്തിൽ ഒരു പരിപാടി കണ്ട് ശീലമില്ലാത്ത മലയാളികൾക്ക് ഇടയിലേക്ക് കോവിഡിന് ശേഷമാണ് വലിയ രീതിയിൽ ടൂർ പാക്കേജുകളും ടൂർ കമ്പനികളും വ്യാപിച്ചത്. ജോലി പോയ മിക്ക ആളുകളും ടൂർ കമ്പനി കേരളത്തിൽ തുടങ്ങിയെന്ന് രസകരമായ ഒരു സിനിമയിലെ ഡയലോഗ് പോലുമുണ്ട്. എന്നാൽ കോവിഡിന് മുമ്പ് കേരളത്തിൽ ടൂർ കമ്പനികൾ ഉണ്ടായിരുന്നുവെങ്കിലും കോവിഡിന് ശേഷമാണ് ഇതിന് കൂടുതൽ റീച്ച് കിട്ടിയത് എന്ന് പറയാം.
വലിയ ലാഭമാണ് പല പാക്കേജുകളും ജനങ്ങൾക്ക് നൽകിക്കൊണ്ട് കമ്പനികൾ നേടുന്നത്. സാധാരണ ജനത്തെ സംബന്ധിച്ചിടത്തോളം 5000 രൂപയ്ക്ക് ഗോവയ്ക്ക് പോകുക എന്നത് ചിലപ്പോൾ നടക്കുന്ന കാര്യമല്ല. മാത്രമല്ല ഒരാൾ കുടുംബമായി ഗോവയ്ക്ക് പോകണമെങ്കിൽ അതിന് നടത്തേണ്ട പ്രിപ്പറേഷൻസും അതിഭീകരമാണ്. റൂം ബുക്ക് ചെയ്യണം ഇവിടെ യാത്ര ചെയ്യണമെന്ന് ഒരു പ്ലാൻ ഉണ്ടാക്കണം ഏതു വാഹനം യാത്ര ചെയ്യാനായി തിരഞ്ഞെടുക്കണം എന്നൊരു പ്ലാൻ ഉണ്ടാക്കണം ഇങ്ങനെ നിരവധി കാര്യങ്ങൾ യാത്ര പോകുന്നതിനു മുമ്പ് ചെയ്യേണ്ടതായിട്ടുണ്ട്. ടൂർ പാക്കേജ് എടുക്കുന്നതു വഴി ഒരു നിശ്ചിത തുക കൊടുത്താൽ മാത്രം മതി നമ്മൾ ഒന്നും ചിന്തിക്കണ്ട എന്ന ലെവലിലാണ് കാര്യങ്ങൾ.
എങ്ങനെയാണ് ടൂർ കമ്പനികൾക്ക് നമ്മൾ നേരിട്ട് യാത്ര ചെയ്താൽ 6000 രൂപയോ അതിനു മുകളിലോ ആകുന്ന സ്ഥലത്ത് 5000 രൂപയ്ക്ക് ഒരു പാക്കേജ് തന്നാൽ മുതലാവുക? ഈ ചോദ്യം പല ആളുകളും പല ആളുകളും ചോദിച്ചിട്ടുണ്ടാവും. സംഭവം സിമ്പിൾ ആണ്. സ്ഥിരമായി ഇവർ ഇത്തരത്തിൽ ടൂർ പാക്കേജുകൾ നടത്തുന്ന ആളുകൾ ആയതിനാൽ തന്നെ ഇവിടെയുള്ള റസ്റ്റോറന്റുകളും ഹോട്ടലുകളും ഒക്കെയായി വലിയ കോൺടാക്ട് ഇവർക്ക് ഉണ്ടാവും. ആ കോൺടാക്ട് ഉപയോഗിച്ച് മൂന്നായിരം രൂപയ്ക്ക് നിൽക്കേണ്ട ഹോട്ടൽ ആണെങ്കിൽ ഇവർക്ക് ചിലപ്പോൾ അത് ആയിരമോ 1500 രൂപയ്ക്ക് അധികൃതർ വിട്ടു നൽകും.
ഇതുവഴി ഹോട്ടലുകാർക്ക് എന്തായിരിക്കും ലാഭം? ഈ ചോദ്യത്തിനുള്ള ഉത്തരം വളരെ സിമ്പിൾ ആണ് സ്ഥിരമായി കച്ചവടം ഉണ്ടാകും എന്നതാണ് ഇവരുടെ ലാഭം. ഗോവ പോലുള്ള സ്ഥലത്ത് ഒത്തിരി അധികം ഹോട്ടലുകൾ ഉണ്ടാകും. പക്ഷേ ഒരു ടൂർ പാക്കേജുമായി കോൺടാക്ട് എടുക്കുന്നത് വഴി ഏത് കാലാവസ്ഥയിലും ഇവർക്ക് ആളുകൾ ഉണ്ടാകും. താരതമ്യേന കുറഞ്ഞ തുകയ്ക്ക് പാക്കേജുകൾക്ക് കൊടുക്കുന്നതു വഴി അന്നം മുട്ടില്ല എന്നതാണ് പച്ച മലയാളത്തിൽ പറഞ്ഞാൽ യാഥാർത്ഥ്യം. ബോട്ടിൽ ചെയ്ത വെള്ളം നമ്മൾ 20 രൂപയ്ക്കാണ് വാങ്ങുന്നത് എങ്കിൽ അതിന്റെ യഥാർത്ഥ പ്രൈസ് ഏഴോ ഒൻപതോ രൂപയാണ്. ഈ തുകയ്ക്ക് തന്നെ ഒരു ടൂർ കമ്പനിക്കും വെള്ളം ലഭിക്കും.
ഓരോ യാത്ര ടൂർ കമ്പനി ഒരുക്കുമ്പോൾ വ്യത്യസ്ത യാത്രക്കാർ ആയിരിക്കും. എന്നാൽ ഗോവയിലേക്ക് തന്നെ ഒരു ടൂർ കമ്പനി 10 തവണ പോകുന്നുണ്ട് എന്ന് വിചാരിക്കുക. ആ പത്ത് തവണയും ഭക്ഷണം ഒന്നായിരിക്കും. ആളുകൾ മാറി വരുന്നതിനാൽ ഭക്ഷണത്തിനെ പറ്റിയുള്ള ചോദ്യം പൊങ്ങി വരില്ല. ഈ ഭക്ഷണം ഇവർക്ക് ലഭിക്കുന്നത് വളരെ ചെറിയ തുകയ്ക്കായിരിക്കും. അവിടെയും നേരത്തെ ഹോട്ടൽ റൂം ബുക്ക് ചെയ്യുമ്പോൾ കാണിച്ച അതേ ടെക്നിക്കാണ് വർക്ക് ആവുന്നത്. കാര്യമായ ചിലവ് ഇന്ധനം ആയിരിക്കും. ബസ്സിലാണ് യാത്ര ചെയ്യുന്നതെങ്കിൽ അത്യാവിശ്യം ചിലവാകും.