അനിൽ അംബാനിയുടെ റീലൈയൻസ് ഗ്രൂപ്പ് കമ്പനികളുമായി ബന്ധപ്പെട്ട് ഏകദേശം ₹3,000 കോടിയുടെ യെസ് ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടങ്ങി. ബിസിനസ് രംഗത്ത് വലിയൊരു തിരിച്ചു വരവ് നടത്തുന്നതിനിടയാണ് അനിൽ അംബാനിക്ക് തിരിച്ചടിയായി റെയ്ഡ് വന്നിരിക്കുന്നത്. നാല്പതിലധികം ഓഫീസുകൾ, ഡയറക്ടർമാരുടെ വസതികൾ, മറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. 2017 മുതൽ 2019 വരെ യെസ് ബാങ്ക് നൽകിയ വായ്പകളിൽ പണമിടപാട് നിയമലംഘനം നടന്നതായാണ് സംശയം.
തൻ്റെ കമ്പനികൾ എല്ലാ നിയമനിബന്ധനകളും പാലിച്ചിട്ടുണ്ടെന്നും വ്യവസ്ഥാനുസൃത രേഖാമൂലങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും റിലയൻസ് പവർ, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ ഗ്രൂപ്പ് കമ്പനികൾ പ്രസ്താവനയിലൂടെ അറിയിച്ചു. റെയ്ഡിന്റെ പശ്ചാത്തലത്തിൽ കമ്പനി ഓഹരികൾക്ക് തിരിച്ചടി നേരിടും എന്നാണ് വിദഗ്ധർ പറയുന്നത്. ബിസിനസ് വാർത്തകളിൽ ഉൾപ്പെടെ അനിൽ അംബാനിയുടെ കമ്പനിയുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുമ്പോൾ പല കമ്പനികളും ഓഹരി വിപണിയിൽ അനിൽ അംബാനിയെ വിശ്വസിച്ച് നിക്ഷേപിക്കാൻ മടിക്കും എന്നാണ് വിദഗ്ധ വിലയിരുത്തൽ.
ഇഡി അന്വേഷണത്തിന് പുറകെ, യെസ് ബാങ്ക് നൽകിയ വായ്പകൾ ഷെൽ കമ്പനികൾ വഴിയോ, രേഖ തിരുത്തലുകളിലൂടെ ആധാരമില്ലാതെ കൈമാറ്റം ചെയ്‌തുവെന്നതും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിലുള്ള അന്വേഷണങ്ങൾ രണ്ട് സിബിഐ കേസുകളെ അടിസ്ഥാനമാക്കിയുള്ളതും, ഫിനാൻഷ്യൽ തട്ടിപ്പുകളുടെ പശ്ചാത്തലത്തിൽ നടക്കുന്നതുമാണ്. തട്ടിപ്പാൽ ബന്ധപ്പെട്ട കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് എന്നും ഇപ്പോൾ കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ല എന്നും ഇഡി ഉദ്യോഗസ്ഥർ പറയുന്നു.