വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് മാളുകളുടെ രംഗത്ത് ലുലു ഗ്രൂപ്പ് വലിയ ഇടം കണ്ടെത്തിയത്. കേരളത്തിൽ ഉടനീളം ഇന്ന് നിരവധി മാളുകളാണ് ലുലു ഗ്രൂപ്പ് നിർമ്മിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിനു പുറമേ ലോകമെമ്പാടും ലുലു ഗ്രൂപ്പിന് പലസ്ഥലത്തും മാളുകൾ ഉണ്ട്. ഈ ശേഖരത്തിലേക്ക് ഇനി പുതിയ ഒരു മാൾ കൂടി ലുലു ഗ്രൂപ്പ് എഴുതി ചേർക്കുകയാണ്. ഏറ്റവും കൂടുതൽ ജനത്തിരക്കുള്ള നഗരങ്ങളിൽ ഒന്നായ ഹൈദരാബാദിലാണ് ലുലു ഗ്രൂപ്പ് മാളുമായി എത്തുന്നത്.
ഹൈദരാബാദിൽ നിലവിലുള്ള മഞ്ജീര മാൾ ലുലു ഏറ്റെടുത്ത് നടത്താൻ ഒരുങ്ങുകയാണ്. 2023 സെപ്റ്റംബറില്‍ ലീസ് അടിസ്ഥാനത്തില്‍ മഞ്ജീര മാളില്‍ ലുലു മാള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. മഞ്ജീര മാളിന്റെ പ്രമോട്ടറും, ബിജെപി നേതാവുമായ ജി യോഗാനന്ദ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടതോടെയാണ് കാര്യങ്ങള്‍ മാറിയത്. ഇതോടെ മാൾ ഏറ്റെടുത്തു നടത്താനുള്ള താല്പര്യം ലുലു ഗ്രൂപ്പ് അറിയിക്കുകയായിരുന്നു. തെലങ്കാന ഹൈദരാബാദിലെ കുകട്പള്ളി പ്രദേശത്തുള്ള മഞ്ജീര മാളിനായി ലുലു ഇന്റര്‍നാഷണല്‍ സമര്‍പ്പിച്ച റെസല്യൂഷന്‍ പ്ലാന്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എന്‍സിഎല്‍ടി) ഹൈദരാബാദ് ബെഞ്ച് അംഗീകരിച്ചു.
മാളിന്റെ മാനേജ്മെന്റ് ലെവലിൽ നിയന്ത്രണ ഏറ്റെടുക്കുന്ന കാര്യമാണ് ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്. ഹൈദരാബാദിൽ തന്നെ പ്രധാനപ്പെട്ട മാളുകളിൽ ഒന്നാണ് മഞ്ജീര മാൾ. എന്നാൽ കുറച്ച് അധികം കാലങ്ങളായി വലിയ സാമ്പത്തിക ബുദ്ധിമുട്ടും ആളുമായി ബന്ധപ്പെട്ട ഉണ്ടായിരുന്നു എന്നുള്ള വാർത്തകളും വന്നിരുന്നു. ലുലു ഗ്രൂപ്പ് ഇപ്പോൾ രംഗത്തേക്ക് എത്തുന്നതോടുകൂടി മാളിന്റെ സാമ്പത്തിക ബുദ്ധിമുട്ടിന് ഒരു പരിഹാരം ആകും എന്നാണ് കരുതപ്പെടുന്നത്.
മഞ്ജീര മാളിനായി 318.42 കോടിയാണ് മുന്നോട്ടുവച്ചത്. ഏകദേശം 317.30 കോടി രൂപയുടെ ബാധ്യതയാണ് മാളിനുള്ളത്. ഏകദേശം ഈ ബാധ്യത ലുലു തീർക്കുന്നതോടുകൂടി മാളിനെ ശാപമോക്ഷം ലഭിക്കുകയും ലുലുവിന് ഹൈദരാബാദിൽ വലിയൊരു തുടക്കം ലഭിക്കുകയും ചെയ്യും. ഹൈദരാബാദ് എന്നത് ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നായതിനാൽ തന്നെ വലിയ രീതിയിലുള്ള വരുമാനം ഇവിടെ ഉണ്ടാക്കാൻ കഴിയും എന്നാണ് ലുലുവിന്റെ പ്രതീക്ഷ. നാഗ്പൂരിലും വിശാഖപട്ടണം അഹമ്മദാബാദിന് ഉൾപ്പെടെ പുത്തൻ പദ്ധതികളുമായി ലുലു കളം നിറയാൻ ഒരുങ്ങുകയാണ്.