മലയാളക്കര കാത്തിരിക്കുന്ന എക്കാലത്തെയും വലിയ സിനിമയായ എമ്പുരാൻ 27 ന് റിലീസിന് ഒരുങ്ങുകയാണ്. റിലീസിന് മുന്നോടിയായി പ്രമോഷൻ വീണ്ടും തകൃതിയായി പുനരാരംഭിച്ചു. ലൈക്ക എന്ന തമിഴ്നാടിന്റെ സ്വന്തം ഫിലിം പ്രൊഡക്ഷൻ കമ്പനിയുമായി ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെങ്കിലും സിനിമ ഇപ്പോൾ ഗോകുലം മൂവീസ് ഏറ്റെടുത്തതോടെ പ്രമോഷൻ കാര്യങ്ങൾ വീണ്ടും വേഗത്തിലായി. ഇന്നലെ സിനിമയുടെ ട്രെയിലർ ഇറങ്ങുകയും റെക്കോർഡ് കാഴ്ചക്കാരുമായി മുന്നോട്ടു നീങ്ങുകയും ചെയ്യുകയാണ്. ഓരോ ദിവസവും രണ്ടും മൂന്നും പോസ്റ്റർ കണക്കിന് സിനിമയുടേതായി പുറത്തിറങ്ങുന്നുണ്ട്.
ട്രെയിലറിന്റെ പിന്നാലെ ഇന്ന് രാവിലെ 9 മണി മുതൽ സിനിമയുടെ ബുക്കിംഗ് തുടങ്ങി. സിനിമയുടെ ബുക്കിംഗ് തുടങ്ങിയ ശേഷം വലിയ രീതിയിലുള്ള ട്രാഫിക്കാണ് ബുക്കിംഗ് ആപ്പുകളിൽ അനുഭവപ്പെടുന്നത്. മിക്ക ബുക്കിംഗ് സൈറ്റുകളും ആളുകളുടെ സിനിമ കാണാനുള്ള ആഗ്രഹത്തിന്റെ പിന്നാലെ ക്രാഷ് ആയി. പല തീയേറ്ററുകളുടെ സ്വന്തം സൈറ്റുകളും നിരവധി ആളുകൾ ഒരേസമയം ഓപ്പൺ ആക്കിയതിനാൽ പണിമുടക്കിയതായാണ് പുറത്തേക്ക് വരുന്ന വിവരം. മിക്ക ബുക്കിംഗ് സൈറ്റുകളും ഓപ്പൺ ആയതു പോലുമില്ല.
ബുക്ക് മൈ ഷോയിൽ ബുക്ക് ചെയ്ത നിരവധി ആളുകൾക്ക് ടിക്കറ്റ് ലഭിച്ചു എങ്കിലും ചില തിയേറ്ററുകളുടെ സ്വന്തം സൈറ്റിൽ കയറി ബുക്കിങ്ങിന് ശ്രമിച്ച നിരവധി ആളുകൾക്ക് ബുക്കിംഗ് ചെയ്യാൻ പറ്റാതെ പോവുകയും ചെയ്തു. കണ്ണൂരിലെ പ്രമുഖ തീയേറ്റർ ആയ സവിത ഫിലിം സിറ്റിയുടെ സൈറ്റിൽ കയറി ബുക്ക് ചെയ്ത നിരവധി ആളുകൾക്ക് ടിക്കറ്റ് ബുക്കിംഗ് ആയി എന്ന് കാണിക്കുകയും എന്നാൽ മിനിറ്റുകൾക്കപ്പുറം ബുക്കിംഗ് ഫെയിൽഡ് എന്ന് കാണിച്ച് പണം റീഫണ്ട് ആയി വരികയും ചെയ്തു.
കോഴിക്കോടുള്ള തിയേറ്ററുകളിലും ബുക്കിംഗ് ആദ്യം കാണിക്കുകയും എന്നാൽ ബുക്ക് ചെയ്യാൻ ശ്രമിക്കുന്ന സമയത്ത് ആകാതെ ഇരിക്കുകയും ഉണ്ടായി. തലശ്ശേരിയിലെ പ്രമുഖ തീയേറ്റർ ആയ ലിബർട്ടി പാരഡൈസ് സൈറ്റ് 9 മണി മുതൽ മണിക്കൂറോളം ഓപ്പൺ ആക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു ട്രാഫിക് കാരണം. എറണാകുളത്ത് ആദ്യം റിലീസ് തുടങ്ങിയതും ഒരേയൊരു തിയേറ്ററിൽ മാത്രമാണ്. പിന്നീട് മണിക്കൂറുകൾക്ക് ഇപ്പുറം മറ്റു തിയേറ്ററുകളിൽ ബുക്കിംഗ് ഓപ്പൺ ആക്കിയെങ്കിലും ആദ്യം തുറന്നു തിയറ്റർ മിനിറ്റുകൾക്കുള്ളിൽ ആണ് സോൾഡ് ഔട്ട് ആയത്.
ഇതിനോടകം തന്നെ കേരളത്തിൽ എമ്പാടുമുള്ള ആദ്യ രണ്ട് ദിവസത്തെ ഷോകൾ മിക്കതും സോൾഡ് ഔട്ടായി. വർഷങ്ങൾക്കുശേഷമാണ് ഒരു മലയാള സിനിമയുടെ റിലീസിന് അനുബന്ധിച്ച് ഇത്ര വലിയ ബുക്കിംഗ് ഉണ്ടാകുന്നത്. 200 കോടിയോളം മുടക്കിയാണ് സിനിമയുടെ വരവ് എന്നാണ് അണിയറ സംസാരം. സ്ഥിരീകരിക്കാത്ത വിവരമാണ് ഇത് എങ്കിലും വലിയ രീതിയിലുള്ള ബുക്കിംഗ് ഉണ്ടാകുന്നത് അണിയർ പ്രവർത്തകർക്ക് ആശ്വാസം നൽകുന്ന കാര്യം തന്നെയാണ്. മൾട്ടിപ്ലക്സുകളിൽ വലിയ സിനിമയായതിനാൽ തന്നെ 200 ഉം 400 രൂപയാണ് സാധാരണ ഷോകൾക്കായി ഈടാക്കുന്നത്.
ഇരുപത്തിയേഴാം തീയതി കണക്കുകൾ പ്രകാരമാണ് കാര്യങ്ങളുടെ പോക്ക് എങ്കിൽ ആയിരക്കണക്കിന് ഷോകൾ ആയിരിക്കും സിനിമയുടേതായി കേരളത്തിൽ മാത്രം അരങ്ങേറുക. സിനിമയുടെ ആദ്യ ഷോ ആറുമണിക്ക് ആയിരിക്കും ആരംഭിക്കുക. കേരളത്തിലെ മിക്ക തീയറ്റർ സമുച്ചയങ്ങളിലും എമ്പുരാൻ മാത്രമായിരിക്കും പ്രദർശിപ്പിക്കാൻ സാധ്യത. ഇപ്പോഴുള്ള വിവരമനുസരിച്ച് രാവിലെ 6:00 മണി മുതൽ പുലരുന്നത് വരെ സിനിമ പ്രദർശിപ്പിക്കും. നിലവിൽ പല തീയേറ്ററുകളിലും 11 മണിക്കും പതിനൊന്നരക്കും ഒക്കെ രാത്രി 27 ഷോ ചാർട്ട് ചെയ്തിട്ടുണ്ട്.
മലയാളികൾക്ക് പ്രിയങ്കരനായ സ്റ്റീഫൻ നെടുമ്പള്ളിയുടെ രണ്ടാം വരവ് മലയാളികൾ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് എന്നതാണ് ബുക്കിംഗ് തിരക്ക് കാണിക്കുന്നത്. സിനിമയിൽ നിരവധി അതിഥി താരങ്ങൾ ഉണ്ട് എന്നുള്ള അഭ്യൂഹങ്ങൾ ശക്തമാകുമ്പോഴും മോഹൻലാലും പൃഥ്വിരാജും മുരളി ഗോപിയും ഒരുമിക്കുന്ന മറ്റൊരു സിനിമ എന്നത് തന്നെയാണ് എമ്പുരാന്റെ ഹൈലൈറ്റ്. ഈ സിനിമയ്ക്ക് ശേഷം വീണ്ടും മറ്റൊരു ഭാഗം കൂടി ഉണ്ടാകും എന്നുള്ള കാര്യം അണിയറ പ്രവർത്തകർ ആദ്യം തന്നെ തുറന്നു പറഞ്ഞതാണ്.