മിൽമ എന്നത് പണ്ടുമുതലേ മലയാളികൾക്ക് സുപരിചിതമായ ഒരു പേരാണ്. എന്നാൽ മിൽമയുടെ കാര്യത്തിൽ കാലത്തിനൊത്ത പ്രമോഷൻ സ്ട്രാറ്റജികളുടെ അപ്ഡേഷൻ ഉണ്ടാകുന്നത് എത്ര ആളുകൾ ശ്രദ്ധിച്ചിട്ടുണ്ട്? വളരെ സൂക്ഷ്മമായ രീതിയിൽ തങ്ങളുടെ പ്രോഡക്റ്റ് പ്രമോട്ട് ചെയ്യുന്ന മിൽമയെയാണ് അടുത്തിടെ കാണാൻ സാധിക്കുന്നത്. കാലത്തിനൊത്ത മാറ്റങ്ങൾ കൃത്യമായി ഉൾക്കൊണ്ടുകൊണ്ടാണ് ഇപ്പോൾ മിൽമ മുന്നോട്ടേക്ക് പോകുന്നത്. മിൽമയുടേതായി സോഷ്യൽ മീഡിയയിൽ വരുന്ന ഓരോ പോസ്റ്ററുകളും ഒന്നിനൊന്നു മെച്ചമാണ് ഇപ്പോൾ. അത്രയും പണി അതിനു പിന്നിൽ പോകുന്നുണ്ട് എന്ന് അർത്ഥം. യഥാർത്ഥത്തിൽ മിൽമയിൽ നിന്ന് പ്രമോഷന്റെ എങ്ങനെ ചെയ്യണമെന്ന് പല ആളുകളും പഠിക്കാനുണ്ട് എന്ന് തമാശ രൂപയുടെ പറഞ്ഞാൽ പോലും അത് തെറ്റാവില്ല.
വർഷങ്ങൾക്കു മുമ്പേ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമ തിയേറ്ററിൽ ഹിറ്റടിച്ചു നിൽക്കുമ്പോൾ മിൽമ അതിനു സമാനമായ രീതിയിൽ ഫഹദ് ഫാസിലിനെയും ദിലീഷ് പോത്തനെയും ഉൾപ്പെടുത്തി ഒരു പരസ്യം ചെയ്തു. അതിഭയങ്കരമായ പരസ്യം ഒന്നുമായിരുന്നില്ല എങ്കിലും ആ സിനിമ അടുത്തിടെ ഇറങ്ങിയതിനാലും ഈ താരങ്ങൾ ഉള്ളതിനാലും ആ പരസ്യം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. അവിടെ നിന്നായിരുന്നു മിൽമ അവരുടെ പ്രമോഷന്റെ കാര്യത്തിൽ ഒരു റവല്യൂഷൻ തുടങ്ങുന്നത്. അവിടെ മുതൽ ഇന്നുവരെ ട്രെൻഡിനൊത്ത പരസ്യങ്ങൾ കൃത്യമായ രീതിയിൽ പോസ്റ്റ് ചെയ്യുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും സ്പൂഫ് പരസ്യം പോലെ അവർ ചെയ്ത മറ്റൊരു പരസ്യമായിരുന്നു സിനിമ നടിയായ അനുശ്രീയെ വെച്ച് ചെയ്ത മിൽമ നെയ്യുടെ പരസ്യം. ‘ഗുണം പിടിക്കും’ എന്ന ടൈറ്റിൽ ഓടുകൂടി ചെയ്ത ആ പരസ്യവും വലിയ ഹിറ്റായി.
ഇതേ പോലെ തന്നെ കാലത്തിനൊത്ത അപ്ഡേഷൻ വരുത്തി അവർ നിരവധി പരസ്യങ്ങൾ ചെയ്തുകൊണ്ടിരുന്നു. ആ പരസ്യം ടെലിവിഷനിൽ ടെലികാസ്റ്റും ചെയ്തു. കൂടാതെ തന്നെ സിനിമാതാരങ്ങൾ അഭിനയിക്കുന്നതിനാൽ പരസ്യം റിലീസ് ആകുന്നതിനു മുമ്പേതന്നെ അതിന്റെ സോഷ്യൽ മീഡിയ പ്രമോഷനും തുടങ്ങി കമിങ് സൂൺ എന്നുള്ള രീതിയിലുള്ള പോസ്റ്ററുകൾ അടക്കം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എത്തി. ഇത് ആളുകൾ പരസ്യം ഇറങ്ങുന്നത് കാത്തിരിക്കാനുള്ള കാരണമാവുകയും ആ പരസ്യങ്ങൾ വലിയ രീതിയിലുള്ള ജനശ്രദ്ധ ആകർഷിക്കുകയും ചെയ്തു.
ടെലിവിഷൻ യൂട്യൂബ് പരസ്യങ്ങൾക്ക് അപ്പുറം മിൽമ പോസ്റ്ററുകൾ ചെയ്യുന്ന കാര്യത്തിലും വളരെ അപ്ഡേറ്റഡ് ആണ് ഇപ്പോൾ. അതായത് സോഷ്യൽ മീഡിയയിൽ എന്താണ് ട്രെൻഡ് എന്ന് മനസ്സിലാക്കിക്കൊണ്ടുള്ള പ്രമോഷൻ രീതിയാണ് പോസ്റ്ററുകളുടെ കാര്യത്തിൽ മിൽമ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. മിൽമയുടെ ചീസിന്റെ കഴിഞ്ഞ ദിവസം പുറത്തുവന്ന പരസ്യത്തിന്റെ ക്യാപ്ഷൻ “cheese the day ” എന്നാണ്. ” Seize the day” എന്ന എല്ലാവരും ഉപയോഗിക്കുന്ന ക്യാപ്ഷൻ അവരുടെ പ്രമോഷന് ആവശ്യമായ രീതിയിൽ മാറ്റി പ്രസന്റ് ചെയ്തിരിക്കുന്നു.
ഇത്തരത്തിൽ നിരവധി ഉദാഹരണങ്ങൾ അടുത്തിടെ മിൽമയുടെ പരസ്യങ്ങളിൽ നിന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിയും. വേനൽക്കാലം ആയതിനാൽ മിൽമ ജോയ് എന്ന പേരിൽ മാർക്കറ്റിൽ എത്തിക്കുന്ന മിൽക്ക് ഷെയ്ക്ക് പ്രൊഡക്റ്റിന് ആവശ്യക്കാർ കൂടുമെന്ന് കൃത്യമായി അവർക്കറിയാം. അതുകൊണ്ടുതന്നെ ഈ സമയങ്ങളിൽ അതിന്റെ പ്രമോഷൻ വർക്കുകൾ കൂട്ടി. ഇതിന്റെ പ്രമോഷന് വേണ്ടി ബാസ്കറ്റിൽ ഷോപ്പ് ചെയ്യുന്നതിന് തുല്യമായ രീതിയിലുള്ള ഫോട്ടോ വെച്ച് “ഒരു ബാസ്ക്കറ്റ് പ്രണയകഥ” എന്ന് വെച്ചിരിക്കുന്നു. അതിന്റെ ടൈറ്റിൽ ആനിമേഷൻ ആവട്ടെ “ഒരു ഇന്ത്യൻ പ്രണയകഥ ” എന്ന സിനിമയോട് സാദൃശ്യം വരുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്. അതാണ് പുത്തൻ മിൽമയുടെ സ്റ്റാറ്റജി. ഇതുകൂടാതെ അടുത്തിടെ ഹിറ്റായി നിൽക്കുന്ന ‘ബ്രോമാൻസ്’ എന്ന സിനിമയുടെ ടൈറ്റിൽ ആനിമേഷൻ പോലെ ചെയ്തുകൊണ്ട് ‘മൊമെന്റ്സ്’ എന്ന് പോസ്റ്റർ ചെയ്തിരിക്കുന്നു.
കഴിഞ്ഞമാസം ഇറങ്ങി ഹിറ്റായ സിനിമയായിരുന്നു ‘പൊന്മാൻ’. ഈ സിനിമയുടെ പോസ്റ്റർ പോലെ നടുവിൽ മിൽമയുടെ ഗോൾഡൻ മിൽക്ക് വെച്ചുകൊണ്ട് ‘പൊൻCAN’ എന്ന രീതിയിൽ ചെയ്ത പോസ്റ്ററും വൈറലായിരുന്നു. അതിനു മുന്നേ വൻ വിജയമായ സിനിമ ‘രേഖാചിത്രം’ എന്ന സിനിമയായിരുന്നു. ഈ സിനിമയുടെ പോസ്റ്ററിന്റെ ഡിസൈൻ പോലെ തന്നെ ചെയ്ത് നടുക്ക് ഒരു ചായയും മിൽമ പാലിന്റെ പാക്കറ്റ് വച്ചുകൊടുത്ത ശേഷം ‘ചായചിത്രം’ എന്നുള്ള രീതിയിൽ പോസ്റ്റർ ചെയ്തിരിക്കുന്നു. ആ പോസ്റ്ററും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി.
കുറച്ചു മുന്നേ ‘നേര്’ എന്ന സിനിമ വളരെ വിജയകരമായി പ്രദർശനം തുടരുമ്പോൾ നേരെ എന്ന ടൈറ്റിൽ മാറ്റി ‘മോര്’ എന്നാക്കി ഒരു പോസ്റ്റർ ചെയ്തു. ആ സിനിമയുടെ ക്യാപ്ഷൻ ‘seeking justice’ എന്നായിരുന്നു എങ്കിൽ മിൽമ ചെറുതായി അത് ഒന്ന് മാറ്റി. ‘Seeking just ice’ എന്നാക്കി. സംഭവം വൻ വയറൽ. സോഷ്യൽ മീഡിയയിൽ നിരവധി പോസ്റ്റുകൾ ആയിരുന്നു മിൽമയുടെ ഈ പോസ്റ്ററിനെ പറ്റി വന്നത്. എല്ലാവരും പറഞ്ഞത് ഇവരുടെ പ്രമോഷൻ ടീം കൊള്ളാം എന്നായിരുന്നു. എന്താണ് ജനങ്ങൾക്ക് ആവശ്യമെന്നും എന്താണ് സോഷ്യൽ മീഡിയയിൽ ട്രെൻഡ് എന്നും മനസ്സിലാക്കിയാണ് ഈ പോസ്റ്റർ ചെയ്തത് എന്ന് കൃത്യമായി ആ പോസ്റ്റർ കണ്ടാൽ തന്നെ വ്യക്തം.
‘ആടുജീവിതം’ ഇറങ്ങിയ സമയത്ത് ആടുജീവിതത്തിനോട് സാമ്യം തോന്നുന്ന രീതിയിൽ ‘ചൂട് ജീവിതം’ എന്ന ടൈറ്റിൽ നൽകി മിൽമയുടെ ചൂടിൽ നിന്നും രക്ഷനേടാനായി പുറത്തേക്കിറക്കുന്ന പ്രോഡക്ടുകൾ ആയ സംഭാരം ജോയ് മിൽക്ക് തുടങ്ങിയവയെ പരിചയപ്പെടുത്തിക്കൊണ്ടും പോസ്റ്റർ ചെയ്തു. ആടുജീവിതം റിലീസ് ആയത് ചൂടുള്ള സമയത്ത് ആയതിനാലും സിനിമയുടെ കണ്ടന്റ് ഉൾപ്പെടെ മരുഭൂമിയിൽ നടക്കുന്നതിനാലും മിൽമയുടെ പ്രോഡക്റ്റ് ചൂടിൽ നിന്ന് ആശ്വാസം നേടുന്ന സംഭാരവും മിൽമ ജോയും ആയതിനാലും പോസ്റ്റർ വലിയ രീതിയിൽ സംസാരിക്കപ്പെട്ടു.
കണ്ടാൽ വളരെ ചെറുത് എന്ന് തോന്നുന്ന ആശയമാണ് എങ്കിലും ആടുജീവിതം പാരഡി പോസ്റ്ററിന് പിന്നിൽ ഒത്തിരി അർത്ഥതലങ്ങൾ ഉണ്ടായിരുന്നു. ഇനി അല്ല വളരെ ഫീൽ ഗുഡ് ആയ രീതിയിൽ എല്ലാവർക്കും ഇഷ്ടം തോന്നുന്ന ഒരു അമ്മ പശുവിന്റെയും കുട്ടി പശുവിന്റെയും ഫോട്ടോ വെച്ച് നന്മ നിറഞ്ഞ മിൽമ എന്നുള്ള ക്യാപ്റ്റനിൽ എല്ലാവർക്കും സന്തോഷം തോന്നുന്ന രീതിയിൽ ഒരു പോസ്റ്ററും അവർ ചെയ്തു. സോഷ്യൽ മീഡിയ ദിനം സെലിബ്രേറ്റ് ചെയ്യാനായി “ഷെയർ ചെയ്യാം നല്ലതുമാത്രം” എന്ന് വലിയ രീതിയിൽ കൊടുത്ത ശേഷം ആളുകൾ ചായ ഷെയർ ചെയ്യുന്ന ഒരു ഫോട്ടോ വെച്ച് പോസ്റ്റർ ചെയ്തു. കണ്ടാൽ വളരെ സിമ്പിൾ ആണെന്ന് തോന്നുമെങ്കിലും നിരവധി അർത്ഥതലങ്ങൾ ഉള്ള ഒരു പോസ്റ്റർ ആയിരുന്നു അതും.
ഇനി മാസങ്ങൾക്കു മുമ്പേ കലോത്സവം നടക്കുന്ന സമയത്ത് മിൽമ പ്രമോഷനായി ഉപയോഗിച്ച മറ്റൊരു പോസ്റ്റർ ഉണ്ട്. ഗ്രൂപ്പ് ഡാൻസ് എന്ന കലാ കലാപരമായ ഐറ്റത്തെ എടുത്ത് ഒത്തിരി അധികം മിൽമയുടെ മുന്തിരി ഐസ് സ്റ്റിക്കുകൾ പ്ലേസ് ചെയ്ത ശേഷം ഗ്രേപ്പ് ഡാൻസ് എന്ന രീതിയിൽ ഇൻസ്റ്റഗ്രാമിന് വേണ്ടി ഒരു വീഡിയോ ചെയ്തു. കലോത്സവ സമയം ആയതിനാൽ വീഡിയോ വലിയ രീതിയിലുള്ള ശ്രദ്ധയും പിടിച്ചുപറ്റി. ഇതേ പോലെ തന്നെ നാരങ്ങയുടെ ഐസ് സ്റ്റിക്ക് വെച്ച് ലമൺ ആക്റ്റ് എന്ന രീതിയിൽ മോണോ ആക്റ്റിനെ പാരഡി വൽക്കരിച്ചും വീഡിയോ ചെയ്തു. കാര്യമായി ആർട്ടിസ്റ്റുകൾ ഒന്നും അഭിനയിക്കാത്ത വെറും ആനിമേഷൻ വീഡിയോ ആയിരുന്നു ഇതൊക്കെ എങ്കിലും മികച്ച ജനശ്രദ്ധ ആ വീഡിയോകൾക്ക് നേടാൻ കഴിഞ്ഞു.
ടോവിനോ നായകനായ ‘ഐഡന്റിറ്റി’ എന്ന സിനിമ റിലീസ് ആയപ്പോൾ നിരവധി ചായകളുടെ ഫോട്ടോ നിരത്തിവെച്ച് അതിന് പല രീതിയിലുള്ള കടുപ്പം ആണ് എന്ന് മനസ്സിലാകുന്ന വിധത്തിൽ ഡിസൈൻ ചെയ്തുകൊണ്ട് ( ചായയുടെ ഐഡന്റിറ്റി പലതിലും പലതാണ് എന്ന് പറയാതെ പറഞ്ഞുകൊണ്ട് ) ‘ഐഡന്റിറ്റി’ എന്ന സിനിമയുടെ പോസ്റ്ററിന് സമാനമായ രീതിയിൽ അവർ ഡിസൈൻ ചെയ്തു. ബട്ടറിനെ പ്രമോട്ട് ചെയ്യാനായി ‘സ്ക്വിഡ് ഗെയിം’ എന്ന വളരെ പ്രശസ്തമായ സീരീസിന് അനുയോജ്യമായ രീതിയിൽ പോസ്റ്റർ നിർമിച്ച് ‘സ്പ്രെഡ് ഗെയിം’ എന്ന് കൊടുത്തു. ‘സൂക്ഷ്മ ദർശനി’ എന്ന സിനിമ വൈറൽ ആയപ്പോൾ മിൽമയുടെ ഐസ്ക്രീമിനെ ആ രീതിയിൽ പ്രമോട്ട് ചെയ്തു. ‘സൂക്ഷ്മ ദർശനിക്ക്’ പകരം ടൈറ്റിൽ മാറ്റി “സൂപ്പർ സ്ട്രോബറി” എന്നാക്കി.
“ലക്കി ഭാസ്കർ” എന്ന ദുൽഖർ സിനിമയുടെ പോസ്റ്റർ അനുയോജ്യമായ രീതിയിൽ “ലഡു ഭാസ്കർ” എന്ന പോസ്റ്റർ ചെയ്തു. ഈ സിനിമകളോട് താരതമ്യപ്പെടുത്താൻ കഴിയുന്ന പോസ്റ്ററുകൾക്കപ്പുറം വേറെയും ക്യാപ്ഷൻസ് ഉപയോഗിച്ചും മിൽമ പ്രമോട്ട് ചെയ്യാറുണ്ട്. ആ പോസ്റ്ററുകൾക്ക് സിനിമ പോസ്റ്ററുകളുടെയോ പാരഡി പോസ്റ്ററുകളുടെയോ ശ്രദ്ധ ലഭിക്കാറില്ല എങ്കിലും സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവമായി നിൽക്കാൻ മിൽമയെ ഇത്തരത്തിൽ വെറൈറ്റി കണ്ടന്റസ് ഉൾകൊള്ളുന്ന പോസ്റ്ററുകൾ സഹായിക്കുന്നു.
ഇനി എല്ലാ സമൂഹത്തിന്റെ വിവിധ തുറകളിൽ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയ ആളുകളുടെ മരണം സംഭവിക്കുകയാണ് എങ്കിൽ അവർക്ക് അനുശോചനം രേഖപ്പെടുത്തിയും മിൽമ പോസ്റ്ററുകൾ കൊടുക്കാറുണ്ട്. പ്രമുഖരായ ആർട്ടിസ്റ്റുകളെ ഉപയോഗിച്ച് പ്രമുഖർ അല്ലാത്ത ആർട്ടിസ്റ്റുകളെ ഉപയോഗിച്ചും പലതരത്തിലുള്ള റീൽസും മിൽമ ഷൂട്ട് ചെയ്യാറുണ്ട്. ഇതല്ലാതെ വ്യത്യസ്തമായ ആശയം കൊണ്ടുവരുന്ന ആനിമേഷൻ വീഡിയോസും അവർ ചെയ്യും. വ്യത്യസ്തത കൊണ്ടുവരാനായി സിനിമയിലെ ഭാഗങ്ങൾ എടുത്ത് ട്രോൾ വീഡിയോയും അതിനെ മിൽമയുമായി കണക്ട് ചെയ്തും വീഡിയോസ് അവർ ചെയ്യാറുണ്ട്.
എല്ലാവിധത്തിലും മിൽമ സോഷ്യൽ മീഡിയയിൽ ഓൺ ആയി നിൽക്കാനായി പലവിധത്തിലുള്ള ടെക്നിക്സ് ആണ് ഉപയോഗിക്കുന്നത്. പക്ഷേ അവരുടെ പ്രൊമോഷൻ ടീം ഏറ്റവും ശ്രദ്ധ ചെലുത്തുന്നത് സിനിമയുടെ പേരടി പോസ്റ്ററുകൾക്കാണ് എന്നത് കാണാം. അതിന് കൃത്യമായ രീതിയിൽ ഓഡിയൻസിനെ സ്വാധീനിക്കാൻ കഴിയും എന്ന് മനസ്സിലാക്കിയുള്ള പ്ലാനിങ് മിൽമയുടെ പ്രമോഷൻ ടീമിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതായി നമുക്ക് മനസ്സിലാക്കാം. ഇത് കൂടാതെ ആരുടെയെങ്കിലും പ്രസ്താവന വലിയ രീതിയിൽ വിവാദമായാൽ അതിനെയും മിൽമ എടുത്തിട്ട് ട്രോളും.
മിൽമയുടെ പല പ്രൊമോഷൻ കണ്ടെന്റുകളും ആളുകൾ എടുത്ത് ഇവരുടെ പ്രമോഷൻ ടീം അടിപൊളി ആണെന്നുള്ള രീതിയിൽ പോസ്റ്റർ പോലും ഇടാറുണ്ട്. മിൽമയ്ക്ക് വലിയ രീതിയിലുള്ള മൈലേജ് ആണ് ഇത്തരത്തിലുള്ള പ്രമോഷൻ പോസ്റ്റർ കൊണ്ട് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. എല്ലാവർക്കും സുപരിചിതമായ ഒരു കമ്പനിയാണ് മിൽമ എങ്കിലും മിൽമയുടെ ടീം സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന പുതുതലമുറയിലേക്ക് എത്തിക്കഴിഞ്ഞു എന്നതിന് തെളിവാണ് കാലത്തിനൊത്ത മാറ്റം വരുത്തിയ ചടുലമാർന്ന പ്രമോഷൻ ടെക്നിക്കുകൾ. അത്ര ഗംഭീരമാണ് മിൽമയുടെ പ്രമോഷൻ സ്ട്രാറ്റജികളും പ്രമോഷൻ പോസ്റ്ററുകളും.
ആദ്യകാലത്ത് മിൽമയ്ക്ക് മാർക്കറ്റിൽ വലിയ എതിരാളികൾ ഉണ്ടായിരുന്നില്ല എങ്കിൽ ഇന്ന് പല പാൽ ബ്രാൻഡുകളും മാർക്കറ്റിൽ സുലഭം ആയിരിക്കുകയാണ്. പാൽ ബ്രാൻഡുകൾക്ക് പുറമേ അനവധി മറ്റു ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന ബ്രാൻഡുകളും ഇന്ന് മിൽമയോട് കിടപിടിച്ച് മാർക്കറ്റിൽ ഉണ്ട്. എന്നാൽ മറ്റുള്ള എല്ലാ ബ്രാൻഡുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ പ്രമോഷൻ രീതി മിൽമയിലേക്ക് ആളുകളെ ഇന്ന് എത്തിക്കുന്നു. പണ്ടുമുതലേയുള്ള കസ്റ്റമേഴ്സിനെ നിലനിർത്തിക്കൊണ്ട് ഇപ്പോഴുള്ള പുതുതലമുറയെയും കൂടെ കൂട്ടാനായി മിൽമ പ്രമോഷനെ കൃത്യമായി രീതിയിൽ പ്ലാൻ ചെയ്യുന്നതാണ് സോഷ്യൽ മീഡിയ കാണുന്നത്. ഏതൊരു ബിസിനസ് സ്ഥാപനത്തിനും എങ്ങനെ പ്രമോഷൻ ചെയ്യണമെന്നും എന്ത് ചെയ്താൽ ആളുകൾ കാണും എന്നു ഉള്ളതിന്റെ ഉദാഹരണമാണ് മിൽമയുടെ പ്രമോഷൻ ടെക്നിക്കുകൾ. ആളുകൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ പ്രമോഷൻ ഒരുക്കുന്ന മിൽമയുടെ പ്രമോഷൻ ടീമിന് വലിയൊരു കൈയ്യടിയും അർഹിക്കുന്നുണ്ട്.