പുതിയ ബിസിനസ് ആശയങ്ങളുമായി മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വലിയ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മുദ്രാ യോജന (PMMY) പദ്ധതിയുടെ പരിധി 10 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയായി വര്‍ധിപ്പിച്ചിരിക്കുന്നു. ഈ മാറ്റം പുതിയ സംരംഭകര്‍ക്കും ചെറുകിട വ്യവസായികള്‍ക്കും വലിയ ആശ്വാസമാകും. നിരവധി ആളുകൾ ഇതിനോടകം തന്നെ ഈ പദ്ധതി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മൈക്രോ, സ്മോള്‍ എന്റര്‍പ്രൈസുകള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിന് 2015 ഏപ്രിലില്‍ ആരംഭിച്ച പദ്ധതിയാണ് PMMY.
ഇത് മൂന്നു വിഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു: ശിശു (50,000 രൂപ വരെ), കിഷോര്‍ (50,000 മുതല്‍ 5 ലക്ഷം രൂപ വരെ), തരുണ്‍ (5 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ). പദ്ധതിയുടെ പരിധി വര്‍ധിപ്പിച്ചതോടെ, ‘തരുണ്‍ പ്ലസ്’ എന്ന പുതിയ വിഭാഗം കൂടി ഉള്‍പ്പെടുത്തി, 10 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്നു. സംരംഭം എന്ന ആഗ്രഹവുമായി മുന്നോട്ടേക്ക് പോകുന്ന ആളുകൾക്ക് വലിയ മുതൽക്കൂട്ട് തന്നെയാണ് ഗവൺമെന്റിന്റെ പദ്ധതി.
വായ്പകള്‍ ബാങ്കുകള്‍, എന്‍ബിഎഫ്സികള്‍, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ എന്നിവയുടെ മുഖേന നല്‍കപ്പെടുന്നു. പലിശ നിരക്ക് 9% മുതല്‍ 12% വരെ ആയിരിക്കുമെങ്കിലും, സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കുന്നതിനാല്‍ പലിശ നിരക്ക് കുറയാം. വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് ജന്‍ സമര്‍ഥ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച്, യോഗ്യത പരിശോധിച്ച്, അനുയോജ്യമായ ബാങ്ക് തിരഞ്ഞെടുക്കാം. പദ്ധതിയുടെ പരിധി വര്‍ധിപ്പിച്ചതോടെ, പുതിയ സംരംഭങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക പിന്തുണ ലഭിക്കും. ഇത് രാജ്യത്തെ വ്യവസായിക വളര്‍ച്ചയ്ക്കും തൊഴില്‍ സൃഷ്ടിക്കും സഹായകരമാകും. തൊഴില്‍ അന്വേഷികളല്ല, തൊഴില്‍ നല്‍കുന്നവരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പദ്ധതി വലിയ സഹായകരമാകും.
.