ഒരുലക്ഷം ടവറുകളോടുകൂടി ബിഎസ്എൻഎൽ ഫോർജി സേവനം രാജ്യമെങ്ങും എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ബിഎസ്എൻഎൽ 4g സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഒഡീഷയിൽ വെച്ച് നടന്ന ഉദ്ഘാടനത്തിൽ സംസ്ഥാന മന്ത്രിമാരും കേന്ദ്രമന്ത്രിമാരും പങ്കെടുത്തു. സമാന്തരമായി എൻഡിഎ ഭരിക്കുന്ന ഏഴ് സംസ്ഥാനങ്ങളിൽ ഒഡീഷയോടൊപ്പം തന്നെ ഉദ്ഘാടന ചടങ്ങ് നടന്നു. പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ഫോർജി ഉപകരണങ്ങളാണ് ബിഎസ്എൻഎൽ 4g സേവനങ്ങൾക്കായി ഉപയോഗിക്കുന്നത്.
രാജ്യം ഒട്ടാകെ ഫൈവ് ജി ഫോണുകൾ ലഭ്യമാകുന്ന സമയത്താണ് ബിഎസ്എൻഎൽ ഫോർജി സേവനവുമായി എത്തുന്നത് എന്ന രസകരമായ വസ്തുതയും ബിഎസ്എൻഎൽ 4g ലഭ്യമാക്കുന്നതിന് പിന്നിലുണ്ട്. അധികം വൈകാതെ തന്നെ 5g സേവനങ്ങൾ ലഭ്യമാക്കാൻ ബിഎസ്എൻഎൽ ഉദ്ദേശിക്കുന്നുണ്ട്. ഇതിന്റെ ആദ്യഘട്ടം എന്നതുപോലെയാണ് ഫോർജി സേവനങ്ങൾ ബിഎസ്എൻഎൽ ഉറപ്പിക്കുന്നത്. അതായത് പുതിയ രീതിയിലുള്ള ഉപകരണങ്ങൾ ഫോർജി സേവനങ്ങളുമായി ബന്ധപ്പെട്ട ബിഎസ്എൻഎൽ കൊണ്ടുവന്നിട്ടുണ്ട്. ഇനി ഫോർജി സേവനങ്ങൾ ലഭ്യമാക്കി തുടങ്ങി കാര്യങ്ങൾ മികച്ച രീതിയിൽ മുന്നോട്ടേക്ക് പോയി കഴിഞ്ഞാൽ ഫൈവ് ജിയിലേക്ക് മാറാൻ കൂടുതൽ ഉപകരണങ്ങൾ പുതിയതായി കൊണ്ടുവരേണ്ടതില്ല എന്നർത്ഥം.
കഴിഞ്ഞ അഞ്ചു വർഷങ്ങളായി ഫോർജി സേവനങ്ങൾ ഉപയോഗിക്കാൻ കഴിയുന്ന സിംകാർഡുകൾ ആണ് ബിഎസ്എൻഎൽ നൽകിവരുന്നത്. അതായത് കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ബിഎസ്എൻഎൽ സിം വാങ്ങിച്ച ആളുകൾക്ക് കൂടുതൽ മാറ്റം ഒന്നും ഇല്ലാതെ തന്നെ ഫോർജി സേവനങ്ങൾ ഇന്നുമുതൽ ലഭിച്ചു തുടങ്ങി. ഇനി ബിഎസ്എൻഎൽ സിം കാർഡ് അഞ്ചുവർഷത്തിനു മുമ്പേ എടുത്ത ആളുകളാണ് എങ്കിൽ അതേ നമ്പർ നിലനിർത്തിക്കൊണ്ട് പുതിയ സിം കാർഡ് എടുത്തശേഷം വേണം 4G സേവനങ്ങൾ ലഭ്യമാക്കാൻ.
2024 ബിഎസ്എൻഎൽ ഉപഭോക്താക്കൾ ഫോർജി ലഭ്യമാകണം എന്നുള്ള ആവശ്യം ബിഎസ്എൻഎൽ ജീവനക്കാരുടെ അടുത്ത് ബോധിപ്പിച്ചത് പ്രകാരം കേന്ദ്രസർക്കാരിനോട് ബിഎസ്എൻഎൽ ജീവനക്കാർ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് ഒന്നരവർഷത്തിന് ഇപ്പുറം സാധ്യമാകുന്നത്. സർക്കാരിന് മുഖ്യ ഓഹരിയുള്ള വോഡഫോൺ ഐഡിയ നേരത്തെ തന്നെ ഫോർജി സേവനങ്ങൾ ലഭ്യമാക്കി തുടങ്ങിയിരുന്നു. ഫോർജി സേവനങ്ങൾ ലഭ്യമാകാത്തതിനാൽ നിരവധി ആളുകളാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ബിഎസ്എൻഎൽ വിട്ടുപോയത്. മിക്ക ആളുകളും പോർട്ട് ചെയ്തു വി ഐ, ജിയോ സേവനങ്ങൾ ലഭ്യമാക്കി തുടങ്ങി. വീണ്ടും മാർക്കറ്റ് പിടിക്കാൻ വേണ്ടിയാണ് ബിഎസ്എൻഎൽ പുത്തൻ സേവനങ്ങൾ ലഭ്യമാക്കുന്നത്.