വലിയ മാറ്റമാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി കണ്ണൂർ ജില്ലയിലെ ബസ്റ്റോപ്പിന്റെ കാര്യത്തിലും നഗരവൽക്കരണം എന്ന പേരിൽ പല സ്ഥലങ്ങളിലും ഉണ്ടാകുന്നത്. ഇതിൽ ഏറ്റവും വലിയ മാറ്റമായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മൂന്നുപെരിയ ബസ് സ്റ്റോപ്പ്. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലാണ് ഈ ബസ്റ്റോപ്പ് സ്ഥിതി ചെയ്യുന്നത്. ബസ്റ്റോപ്പിൽ ഏറ്റവും വലിയ പ്രത്യേകത ബസ്റ്റോപ്പിന്റെ മുൻവശത്തുള്ള എകെജിയുടെ ചിത്രം പതിപ്പിച്ച പ്രതിമയാണ്. ഇതോടൊപ്പം ചെറിയൊരു ഉദ്യാനവും ബസ്റ്റോപ്പിൽ ഉണ്ട്.
ജനങ്ങൾക്ക് വെള്ളം എടുക്കാൻ പാകത്തിന് സൗന്ദര്യവൽക്കരണം നടത്തിയ കിണറും ബസ് സ്റ്റോപ്പിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. കണ്ണൂർ കൂത്തുപറമ്പ് റോഡിലാണ് ബസ്റ്റോപ്പ് സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ തന്നെ പ്രശസ്തമായ അമ്പലങ്ങളിൽ ഒന്നായ മാവിലായി കാവിലേക്ക് പോകുവാനുള്ള മാവിലായി ബസ് സ്റ്റോപ്പിനും നടുവിലുള്ള സ്ഥലമാണിത്. ബസ്റ്റോപ്പിന് പുറത്ത് മാത്രമല്ല അലങ്കാരപ്പണികളും സൗന്ദര്യവൽക്കരണവും നടത്തിയിരിക്കുന്നത്. ബസ്റ്റോപ്പിന് ഉള്ളിൽ ചെന്നാലും അത്ഭുതങ്ങളുടെ ലോകമാണ് കാണാൻ കഴിയുന്നത്.
ഇന്ന് എത്ര ബസ് സ്റ്റാൻഡിൽ ടിവി ഉണ്ട്? ഇവിടെ ബസ്റ്റോപ്പിൽ തന്നെ വലിയൊരു എൽഇഡി വാൾ കാണാൻ കഴിയും. ആവശ്യമുള്ള ആളുകൾക്ക് പരസ്യം ചെയ്യാൻ കഴിയുന്ന സൗകര്യം ഈ എൽഇഡി വാളിലൂടെ ഉറപ്പാക്കിയിട്ടുണ്ട്. ബസ്റ്റോപ്പിന് ഉള്ളിൽ ചെന്നാൽ വലിയ മനോഹരമായ ഒരു ഇരിപ്പിടം കാണാൻ സാധിക്കും. ഇതുകൂടാതെ സമയം നോക്കണമെങ്കിൽ ക്ലോക്കിന്റെ സംവിധാനവും മൂന്നുപെരിയയിൽ ഉണ്ട്. കഴിഞ്ഞവർഷമാണ് ബസ്റ്റോപ്പ് ഇത്തരത്തിൽ മോഡി പിടിപ്പിച്ച് ജനങ്ങൾക്കായി തുറന്നു നൽകിയത്.
നഗരവൽക്കരണത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ ഭംഗിയായ ബസ്റ്റോപ്പുകളിൽ ഒന്ന് മൂന്നു പെരിയ ആണെന്ന് നിസംശയം പറയാൻ സാധിക്കും. ഇനി ബസ്റ്റോപ്പിന്റെ ഉള്ളിൽ ഇരിക്കാനുള്ള സംവിധാനം മാത്രമല്ല ഉള്ളത്. ഏതൊക്കെ ബസ് ഏതൊക്കെ റൂട്ടിലാണ് പ്രദേശത്തെ കൂടി കടന്നുപോകുന്നത് എന്നുള്ള കൃത്യമായ വിവരം ബോർഡ് ആയി ഇവിടെ വച്ചിട്ടുണ്ട്. ഇതിനോടൊപ്പം അലങ്കാര മത്സ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള മനോഹരമായ ഒരു അക്വേറിയവും പ്രദേശത്ത് ഒരുക്കിയിട്ടുണ്ട്.
അക്വേറിയത്തിന് പുറമേ ബസ് സ്റ്റോപ്പിൽ ചെറിയ ഒരു ലൈബ്രറി സംവിധാനവും ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ബസ് ഇല്ലാതെ ബോറടി മാറ്റാൻ ഇവിടെ നിന്നും പുസ്തകങ്ങൾ വായിക്കാൻ സാധിക്കും. ഇനി ദാഹിക്കുന്നുണ്ടെങ്കിൽ ഫിൽട്ടർ സഹിതം കുടിവെള്ളവും ഇവിടെ ലഭിക്കും. അഞ്ചു മിനിറ്റ് ഇടപെട്ട് കണ്ണൂർ കൂത്തുപറമ്പ് ബസ് ലഭ്യമാകുന്ന പ്രദേശമാണിത്. ബസ്റ്റാൻഡ് എങ്ങനെ വേണമെന്ന് ഉള്ള കാര്യത്തിൽ പുത്തൻ മാതൃക ആവുകയാണ് കണ്ണൂർ ജില്ലയിലെ മൂന്നുപെരിയ ബസ് സ്റ്റോപ്പ്.